പാലാ ∙ ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാമനായ ആഷിക് സ്റ്റെന്നി (18) കൂളാണ്. ദിവസവും വൈകുന്നേരമായിരുന്നു ജെഇഇ പരിശീലനമെന്ന് ആഷിക് പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സമയം മാറ്റിവച്ചു. വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണു പഠനം. ഇതിനിടയിൽ പ്രാർഥനയ്ക്കും ഭക്ഷണത്തിനുമായി കുറച്ചുസമയം മാറ്റിവയ്ക്കും. പുലർച്ചെ 5ന് എഴുന്നേൽക്കും. ദിവസവും 6 മണിക്കൂർ ഉറങ്ങും. ഫുട്ബോൾ ഇഷ്ടമായതിനാൽ കാണും.
Read Also : ലോകത്തെ ഏറ്റവും സമർഥയായ വിദ്യാർഥിനിയായി നടാഷ
100 പെർസെന്റൈൽ സ്കോറോടെയാണ് ആഷിക് തിളക്കമാർന്ന വിജയം നേടിയത്. ചാവറ പബ്ലിക് സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ്. ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു ജെഇഇ മെയിൻ പഠനം. ആഷിക്കിന് 300 ൽ 285 മാർക്ക് ലഭിച്ചു. ജൂണിലെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. മദ്രാസ്, ബോംബെ ഐഐടികളിലൊന്നിൽ പ്രവേശനമാണ് ആഗ്രഹമെന്നും ആഷിക് പറഞ്ഞു.
ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്കൂളിലായിരുന്നു 10 വരെ പഠനം. ഐസിഎസ്ഇ സിലബസിൽ 10ൽ 93% മാർക്ക് നേടി. മാത്തമാറ്റിക്സ്, കെമിസ്ട്രി ഒളിംപ്യാഡുകളിലെ വിജയിയാണ്. കെവിപിവൈ, എൻടിഎസ്ഇ സ്കോളർഷിപ് പരീക്ഷകളിലും വിജയിച്ചു. നരിയങ്ങാനം വടക്കേച്ചിറയത്ത് സ്റ്റെന്നി ജയിംസിന്റെയും മിത്രക്കരി തെള്ളിയിൽ ബിനു ജോർജിന്റെയും മകനാണ്. സ്റ്റെന്നി ബ്രില്യന്റിൽ അധ്യാപകനാണ്. സഹോദരൻ അഖിൽ 10-ാം ക്ലാസ് വിദ്യാർഥി.
Content Summary : Ahik Stenny, who scored at the 100th percentile in JEE Main 2023, shares his success secret