ലോകത്തെ ഏറ്റവും സമർഥയായ വിദ്യാർഥിനിയായി ഇന്ത്യൻ– അമേരിക്കൻ വംശജ തിരഞ്ഞെടുക്കപ്പെട്ടു. 76 രാജ്യങ്ങളിൽ നിന്നായി 15,000 ൽ അധികം വിദ്യാർഥികൾ പങ്കെടുത്ത ജോൺ ഹോപ്കിൻസ് സെന്റർ ഫോർ ടാലൻഡഡ് യൂത്ത് എന്ന മൽസര പരീക്ഷയിൽ വിജയിച്ചാണ് നടാഷ പെരിയനായകം ‘ലോകത്തിലെ ഏറ്റവും സമർഥയായ വിദ്യാർഥിനി’യായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂജഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡ്‌നീർ മിഡിൽ സ്കൂളിലെ (Florence M Gaudineer Middle School) വിദ്യാർഥിനിയാണ് ഈ 13 വയസ്സുകാരി.
Read Also : ഗ്ലോബൽ കൊറിയൻ സ്കോളർഷിപ് നേടി ഡാനിഷ് റോഷൻ
അമേരിക്കന്‍ കോളജ് പ്രവേശനത്തിനായി നടത്തുന്ന സ്‌കോളാസ്റ്റിക് അസൈസ്‌മെന്റ് ടെസ്റ്റ്, അമേരിക്കന്‍ കോളജ് ടെസ്റ്റിങ് (സാറ്റ്, എസിടി) എന്നിവയ്ക്ക് തുല്യമായി നടത്തുന്ന പരീക്ഷകളിൽ മികച്ച പ്രകടനമാണ് ഈ മിടുക്കി കാഴ്ച വച്ചത്. 2021 ൽ 5–ാം ഗ്രേഡിലായിരുന്നപ്പോഴും ഇതേ പരീക്ഷയിൽ നടാഷ വിജയിച്ചിരുന്നു. ഏറ്റവും ഒടുവിൽ പങ്കെടുത്ത മൽസരത്തിൽ ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയത് നടാഷയായിരുന്നു.
വിദ്യാർഥികളുടെ അക്കാദമിക നിലവാരം അളക്കാനായി, ഉയർന്ന ക്ലാസുകളിലെ വിഷയങ്ങൾ ആസ്പദമാക്കിയാണ് മൽസര പരീക്ഷ നടത്തുന്നത്. 2021 ൽ നടന്ന പരീക്ഷയിൽ ഹൈ ഓണർ ബഹുമതിക്ക് നടാഷ അർഹയായിരുന്നു.
ചെന്നൈ സ്വദേശികളാണ് നടാഷയുടെ മാതാപിതാക്കൾ. ഡൂഡിലിങ്ങും ജെആര്‍ആര്‍ ടോള്‍കീന്‍സ് നോവലുകളും നടാഷയുടെ ഇഷ്ടങ്ങളുടെ പട്ടികയിലുണ്ടെന്ന് അവർ പറയുന്നു.
Content Summary : Indian-Origin Girl Named 'World's Brightest' Student For 2nd Consecutive Year by John Hopkins