ലക്ഷ്യം ഐഐടിയോ ഐഐഎസ്‌സിയോ വിദേശ സർവകലാശാലകളോ ആണോ?; 5 വിജയവഴികളെക്കുറിച്ച് പറഞ്ഞ് മുഹമ്മദ് സജീർ

HIGHLIGHTS
  • കോളജ് വിദ്യാർഥികൾക്കുള്ള മാർഗദർശക പദ്ധതിയാണ് വോക് വിത് എ സ്കോളർ.
  • ഐഐടി ക്യാംപസ് കണ്ടതോടെ ഇതുപോലെയുള്ള ദേശീയ സ്ഥാപനങ്ങളിൽ ഉപരിപഠനമായി സ്വപ്നം.
muhammed-sajeer
മുഹമ്മദ് സജീർ
SHARE

ഡിഗ്രി കഴിഞ്ഞ് പിഎസ്‌സി പരീക്ഷ ജയിച്ചൊരു സർക്കാർ ജോലി – ഈ ലക്ഷ്യത്തിൽനിന്നു കോഴിക്കോട്ടുകാരൻ മുഹമ്മദ് സജീർ മാറിച്ചിന്തിച്ചത് 2016ൽ ഐഐടി ഖരഗ്പുർ ക്യാംപസ് കണ്ടതോടെയാണ്. ആ യാത്ര എത്തിനിൽക്കുന്നത് കോമൺവെൽത്ത് സ്പ്ലിറ്റ് സൈറ്റ് ഫെലോയായി യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലും ! 

Read Also : ഫുഡ്‌ഡെലിവറി ജോലിക്കിടെ പഠിച്ച് സർക്കാർ ജോലി നേടി അബിൻ ഗോപി

ഐഐടി ഖരഗ്പുർ നടത്തിയ നാഷനൽ സ്പേസ് ചാലഞ്ചിൽ കോഴിക്കോട് ഫാറൂഖ് കോളജിനെ പ്രതിനിധീകരി ച്ചാണ് സജീറും കൂട്ടുകാരും ചെന്നത്. അന്നു രണ്ടാം വർഷ ബിഎസ്‍സി ഫിസിക്സ് വിദ്യാർഥിയായിരുന്ന സജീർ കേരള സർക്കാരിന്റെ ‘വോക് വിത് എ സ്കോളർ’ പ്രോഗ്രാമിൽവച്ചാണു സ്പേസ് ചാലഞ്ചിനെക്കുറിച്ചറിഞ്ഞത്. കോളജ് വിദ്യാർഥികൾക്കുള്ള മാർഗദർശക പദ്ധതിയാണ് വോക് വിത് എ സ്കോളർ.

ഐഐടി ക്യാംപസ് കണ്ടതോടെ ഇതുപോലെയുള്ള ദേശീയ സ്ഥാപനങ്ങളിൽ ഉപരിപഠനമായി സ്വപ്നം. ഐഐടിക ളിലും മറ്റും എംഎസ്‌സി പ്രവേശനത്തിനുള്ള ‘ജാം’ പരീക്ഷയ്ക്കു തയാറെടുപ്പു തുടങ്ങി. അങ്ങനെ പോണ്ടിച്ചേരി സർ‌വകലാശാലയിൽനിന്ന് 2020ൽ എംഎസ്‌സി ഫിസിക്സ് പൂർത്തിയാക്കി. തുടർന്ന് ഐഐഎസ്‍സിയിൽ നാനോസയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എംടെക്കിനു ചേർന്നു. 2021ൽ അതു പിഎച്ച്ഡിക്കു കൺവർട്ട് ചെയ്തു (ഐഐഎസ്‍സി പോലുള്ള ക്യാംപസുകളിലെ സൗകര്യമാണ് എംടെക്– പിഎച്ച്ഡി കൺവേർഷൻ. എംടെക്കിൽ 2 സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കിയാൽ പിഎച്ച്ഡിക്കു ചേരാം. പിഎച്ച്ഡി കഴിയുമ്പോൾ എംടെക്കും കിട്ടും).

വടകര മണിയൂർ എളമ്പിലാട്ട് പറമ്പത്ത് അബ്ദുൽ മജീദ് – സക്കീന ദമ്പതികളുടെ മകനായ സജീറിന്റെ പഠനം പൂർണമായും പൊതുവിദ്യാലയങ്ങളിലായിരുന്നു. എളമ്പിലാട് എംഎൽപി സ്കൂൾ, മുതുവന യുപി സ്കൂൾ, മണിയൂർ ജിഎച്ച്എസ്എസ്, മേപ്പയൂർ ഗവ. വിഎച്ച്എസ്എസ് എന്നിങ്ങനെ. 

കോമൺവെൽത്ത് സ്പ്ലിറ്റ് സൈറ്റ്  സ്കോളർഷിപ്

ബ്രിട്ടിഷ് സർവകലാശാലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളിൽ ഒരു വർഷത്തെ ഗവേഷണത്തിന് ബ്രിട്ടിഷ് സർക്കാരിന്റെ ഇന്റർനാഷനൽ ഡവലപ്മെന്റ് ഡിപ്പാർട്മെന്റ് നൽകുന്ന സ്കോളർഷിപ്പാണിത്. ഫെലോഷിപ് തുക മാസം 1.2– 1.5 ലക്ഷം രൂപ. പഠനയാത്രയ്ക്കും മറ്റും അര ലക്ഷം രൂപ വരെ മിനി ഗ്രാന്റും ലഭിക്കും. 

www.cscuk.dfid.gov.uk

5 വിജയവഴികൾ

തനിക്കു സഹായകരമായ 5 നിർണായക ഘടകങ്ങൾ സജീർ ചൂണ്ടിക്കാട്ടുന്നു

സമൂഹമാധ്യമ കൂട്ടായ്മകൾ

ജാം / നെറ്റ് പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ധാരാളം ചോദ്യങ്ങൾ വരും. പലരും പലരീതിയിൽ ഉത്തരം നൽകും. ഓരോ ചോദ്യത്തെയും ഏതെല്ലാം രീതിയിൽ സമീപിക്കാമെന്ന ധാരണ നമുക്കപ്പോൾ കിട്ടും. ചിലർ പുസ്തകങ്ങളും നോട്സും പങ്കുവയ്ക്കും. ഓരോ ഗ്രൂപ്പിലും ഏറ്റവും സജീവമായുള്ളവരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്നതും സഹായകരമാകും.

ഇന്റേൺഷിപ്

തൊഴിൽ / ഗവേഷണ പരിചയത്തിനു മാത്രമല്ല, ബന്ധങ്ങളുണ്ടാക്കാനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ് കാലത്ത് നമ്മുടെ ശേഷികൾ അവിടത്തെ അധ്യാപകർക്കും ഗവേഷകർക്കും കൃത്യമായി മനസ്സിലാകും. ഇതു തുടർപഠനത്തിലോ ഗവേഷണത്തിലോ അവർ നമ്മെ ഒപ്പം കൂട്ടാനുള്ള സാധ്യത തുറന്നിടുന്നു. മറ്റൊരിടത്തേക്കു ശുപാർശക്കത്തു തന്നോ പരിചയത്തിലുള്ള ഗവേഷകർക്കു പരിചയപ്പെടുത്തിയോ സഹായിക്കുകയും ചെയ്തേക്കാം.

കവർ ലെറ്ററും റിസർച് പ്രപ്പോസലും

ഇന്റേൺഷിപ്പിന് അപേക്ഷിക്കുമ്പോൾ കവർ ലെറ്ററും റിസർച് പ്രപ്പോസലും വളരെ പ്രധാനം. ഇന്റർനെറ്റിൽനിന്നു കിട്ടുന്ന മാതൃക പകർത്തി അയയ്ക്കുകയല്ല വേണ്ടത്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം, ഗൈഡ്, അവരുടെ പ്രവർത്തനമേഖല എന്നിവയെക്കുറിച്ചു കൃത്യമായ ധാരണ വേണം. ആ മേഖലകളിലെ നമ്മുടെ മികവും പരിചയവും കവർ ലെറ്ററിൽ വ്യക്തമാക്കണം. ഇന്റർവ്യൂവിനു പോകുമ്പോഴും ഇതു പ്രധാനമാണ്. 

നെറ്റ്‌വർക്കിങ്

നമുക്കു താൽപര്യമുള്ള പഠനമേഖലയിലെ ഗവേഷകരെ പരിചയപ്പെടുകയും ബന്ധം നിലനിർത്തുകയും വേണം. അവസരങ്ങൾ എന്തൊക്കെ, എങ്ങനെ തയാറെടുക്കാം, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്/ കവർ ലെറ്റർ‌ എങ്ങനെ തയാറാക്കാം എന്നിവയിലൊക്കെ ഇവരിൽ ചിലരെങ്കിലും വഴികാട്ടും. ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ‌ ആക്ടീവാകണം. 

മികച്ച സ്ഥാപനങ്ങൾ

പിജിയും ഗവേഷണവും എവിടെയെങ്കിലും എന്ന ചിന്ത പോരാ. സ്ഥാപനം വളരെ പ്രധാനമാണ്. രാജ്യാന്തര സ്ഥാപനങ്ങളുമായി അക്കാദമിക സഹകരണമുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി വിദേശപഠനം ഉൾപ്പെടെ വലിയ അവസരങ്ങളിലേക്ക് അതു വഴി തുറക്കും. ഇത്തരം സ്ഥാപനങ്ങളിലെ പൂർവവിദ്യാർഥി നെറ്റ്‌വർക്കും നമുക്ക് സഹായകരമാകും.

Content Summary : Muhammed Sajeer Share Success Secret

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS