ഐഐടിയിൽ നിന്ന് എൽഎൽഎം ഒന്നാം റാങ്കോടെ പാസായി; ഇപ്പോൾ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസർ

HIGHLIGHTS
  • ഐഐടി ഖരഗ്പുരിൽ എൽഎൽബി, എൽഎൽഎം, പിഎച്ച്ഡി പ്രോഗ്രാമുകൾ
  • ഐഐടി ഖരഗ്പുരിൽനിന്നു നിയമത്തിൽ പിഎച്ച്ഡി നേടുന്ന അപൂർവം മലയാളികളിലൊരാളായി അനന്തു.
ananthu-s-hari
ഡോ. അനന്തു എസ്.ഹരി
SHARE

ഐഐടി ഗവേഷണത്തിൽ ഭൗമസൂചികാ പദവിക്കെന്തു കാര്യം ? ഉത്തരം മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ഡോ. അനന്തു എസ്.ഹരി പറയും. അനന്തു ഐഐടി ഖരഗ്പുരിൽനിന്നു നിയമത്തിൽ പിഎച്ച്ഡി നേടിയത് ഏഷ്യൻ രാജ്യങ്ങളുടെ രാജ്യാന്തര കരാറുകളിൽ ഭൗമസൂചികാ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചു നടത്തിയ പഠനത്തിനാണ്. ഐഐടി ഖരഗ്പുരിൽനിന്നു നിയമത്തിൽ പിഎച്ച്ഡി നേടുന്ന അപൂർവം മലയാളികളിലൊരാളായി അനന്തു.

Read Also : 80–ാം വയസ്സിൽ രണ്ടാമത്തെ പിഎച്ച്ഡി നേടി ഡോ. ജേക്കബ് ജോൺ

കോട്ടയം എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എൽഎൽബിക്ക് ടെക്നോളജി രംഗത്തെ പേറ്റന്റുകളും ട്രേഡ്മാർക്കുകളും പഠിക്കാനുണ്ടായിരുന്നു. ഈ പശ്ചാത്തലമാണ് ഖരഗ്പുരിൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോയിൽ സ്പെഷലൈസേഷനോടെ എൽഎൽഎമ്മിനു ചേരാൻ കാരണമായത്. 2018ൽ ഒന്നാം റാങ്കോടെ പാസായി.

എൽഎൽഎം രണ്ടാം വർഷം ഗവേഷണത്തിനായി അനന്തു തിരഞ്ഞെടുത്ത വിഷയം ഭൗമസൂചികാ പദവിയായിരുന്നു (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ). തുടർന്ന് അതേ വിഷയത്തിൽ ഖരഗ്പുരിൽ തന്നെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഫെലോഷിപ്പോടെ പിഎച്ച്ഡിക്കു ചേർന്നു.

ടെക്നോളജിയും നിയമവും ഒന്നിച്ചുചേരുന്ന അപൂർവ കോംബിനേഷൻ തന്നെയാണ് ഐഐടി ഖരഗ്പുരിന്റെ ആകർഷണം. അതിനാൽ പ്ലേസ്മെന്റ് സാധ്യതയുമേറെ. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) അമരാവതി ക്യാംപസിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പ്രഫസറാണ് അനന്തു ഇപ്പോൾ. മാവേലിക്കര ചെട്ടികുളങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.ആർ.ഹരികുമാറിന്റെയും ഷൈലജ ഹരികുമാറിന്റെയും മകനാണ്. ഭാര്യ ജെ.കൃഷ്ണ നായർ ഐഐടി ഖരഗ്പുരിൽതന്നെ ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുന്നു.

അപേക്ഷ ജനുവരിയിൽ

ഐഐടി ഖരഗ്പുരിൽ 3 വർഷ എൽഎൽബിക്ക് (ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓണേഴ്സ്) ബിടെക് അല്ലെങ്കിൽ എംഎസ്‌സിയാണു യോഗ്യത. 2 വർഷ എൽഎൽഎമ്മിൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ, ഇന്റർനാഷനൽ ലോ, ഭരണഘടന തുടങ്ങിയ സ്പെഷലൈസേഷനുകളുണ്ട്. ജനുവരിയിലാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. നിശ്ചിത സീറ്റില്ല. എഴുത്തുപരീക്ഷയിൽ കട്ട് ഓഫ് മാർക്കിനു മുകളിലുള്ളവരെ മാത്രം പരിഗണിക്കും. പിഎച്ച്ഡിക്കു സമ്മർ, വിന്റർ എന്നിങ്ങനെ വർഷത്തിൽ രണ്ടു തവണ പ്രവേശനമുണ്ട്. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും വഴി.‌

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS