കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ മികച്ച മാനേജിങ് ഡയറക്ടർക്കുള്ള കേന്ദ്രപുരസ്കാരം നേടി മലയാളിയായ ഐഎഎസ് ഓഫിസർ നിഖിൽ നിർമൽ. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള സ്ഥാപനമായ വെസ്റ്റ് ബംഗാൾ സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷന്റെ (ഡബ്ല്യുബിഎസ്ഐഡിസി) എംഡി എന്ന നിലയിലുള്ള മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
Read Also : 80–ാം വയസ്സിൽ രണ്ടാമത്തെ പിഎച്ച്ഡി നേടി ഡോ. ജേക്കബ് ജോൺ
2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നിഖിൽ കൊച്ചി കടവന്ത്ര സ്വദേശിയാണ്. സാങ്കേതിക വിദ്യ ഉപയോഗം, രാജ്യപുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും ഡബ്ല്യുബിഎസ്ഐഡിസി പുരസ്കാരം നേടി.
പൊതുമേഖല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഘനവ്യവസായ മന്ത്രാലയവും ജൽശക്തി മന്ത്രാലയവും ചേർന്നാണു പുരസ്കാരം നൽകുന്നത്. രണ്ടു വർഷം മുൻപാണ് നിഖിൽ കോർപറേഷൻ എംഡിയായി ചുമതലയേറ്റത്.
അലിപുർദുവാർ, സൗത്ത് ദിനാജ്പുർ എന്നിവിടങ്ങളിൽ കലക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് എംഡിയുടെ ചുമതലയിലേക്ക് നിഖിൽ എത്തുന്നത്. അഭിഭാഷകനായ എസ്. നിർമൽ കുമാറും ഹൈക്കോടതി മുൻ ജോയിന്റ് റജിസ്ട്രാർ കെ.ജി. കൃഷ്ണ വേണിയുമാണ് നിഖിലിന്റെ മാതാപിതാക്കൾ. ഭാര്യ: നന്ദിനി, മക്കൾ: നിത്വിക്, നൈത്വിക്.
Content Summary : IAS Officer Nikhil Niramal Got A Central Government Award