സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക്; വിജയരഹസ്യം പങ്കുവച്ച് വിഷ്ണു ബാബു

HIGHLIGHTS
  • 2018 ൽ നേവിയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലിയിൽ പ്രവേശിച്ചു.
  • ഒഡീഷയിൽ ഐഎൻഎസ് ചിൽകയിലായിരുന്നു ആദ്യ നിയമനം.
vishnu-babu
വിഷ്ണു ബാബു
SHARE

ഏപ്രിൽ 13 നു പ്രസിദ്ധീകരിച്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ സംസ്ഥാനതലത്തിലെ ഒന്നാമനാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി വിഷ്ണു ബാബു. പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയതിന്റെ അധികത്തിളക്കം കൂടിയുണ്ട്, പിഎസ്‌സി നിയമനങ്ങളിലെ ഏറ്റവും ആകർഷകതസ്തികകളിലൊന്നായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാമനായ വിഷ്ണുവിന്റെ വിജയക്കുതിപ്പിന്. 

Read Also :  ക്യാംപസ് പ്ലേസ്മെന്റ് വഴി ആമസോണിൽ ജോലി

ആലപ്പുഴ ഹരിപ്പാട് മുട്ടം അശ്വതി വീട്ടിൽ പരേതനായ ബാബുവിന്റെയും ജഗദയുടെയും മകനാണ് വിഷ്ണു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടമായ വിഷ്ണുവിനു ജീവിതത്തിലും പഠനവഴിയിലും കൈത്താങ്ങായത്, തൊഴിലുറപ്പു ജോലിയിലൂടെ ഉപജീവനമാർഗം കണ്ടെത്തിയ  അമ്മയാണ്. ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ നിന്നു ബിടെക് (ഇലക്ട്രിക്കൽ) ജയിച്ച വിഷ്ണു കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ആദ്യം ജോലി ചെയ്തത്. വരുമാനമായതോടെ അമ്മയെ വിശ്രമമിക്കാൻ വിട്ട് വിഷ്ണു സർക്കാര്‍ ജോലി ലക്ഷ്യമിട്ടു പഠനം തുടങ്ങി. 

കഠിനമായ തയാറെടുപ്പല്ലാതെ, മത്സരപ്പരീക്ഷകളിൽ വിജയം ഉറപ്പിക്കാൻ എളുപ്പവഴിയൊന്നുമില്ല. ഇംഗ്ലിഷ്, മലയാളം, ഗണിതം ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്തു തന്നെ പഠിക്കണം. കറന്റ് അഫയേഴ്സ് കിട്ടുന്നിടത്തുനിന്നെല്ലാം ശേഖരിക്കണം. ജ്യോഗ്രഫിയും ഇക്കണോമിക്സും പോലുള്ള വിഷയങ്ങൾക്കു എൻസിആർടി പുസ്തകങ്ങളെയും ആശ്രയിക്കാം. എല്ലാ വിഷയങ്ങളും ഒരുപോലെ പഠിച്ചെടുക്കാൻ എല്ലാവർക്കുമാകില്ല. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ കാര്യത്തിൽ പഠന സമയം മുതൽക്കേ ഒരു ‘എലിമിനേഷൻ ടെക്നിക്’ സ്വീകരിക്കണം. ബുദ്ധിമുട്ടെന്നു തോന്നുന്ന ചോദ്യങ്ങളുടെ തെറ്റാകാൻ സാധ്യതയുള്ള ഓപ്ഷനുകൾ ആദ്യം തന്നെ ഒഴിവാക്കി ശരിയുത്തരത്തിലേക്കെത്തുന്ന രീതി പരീക്ഷയിൽ മാർക്ക് നേടാൻ സഹായിക്കും.

വിഷ്ണു ബാബു

2018 ൽ നേവിയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലിയിൽ പ്രവേശിച്ചെങ്കിലും പിഎസ്‌സി, യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകൾക്കുള്ള പഠനം തുടർന്നു. ഒഡീഷയിൽ ഐഎൻഎസ് ചിൽകയിലായിരുന്നു ആദ്യ നിയമനം. ഇതിനിടെ, ഉയർന്ന റാങ്കോടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിയമനം ലഭിച്ചെങ്കിലും കൊച്ചിയിൽ ഐഎൻഎസ് ഗരുഡയിലേക്കു സ്ഥലംമാറ്റം ലഭിച്ചതിനെതുടർന്ന്, എംടിഎസ് ജോലിയിൽത്തന്നെ തുടരുകയായിരുന്നു. 

രാവിലെ 8 മുതൽ 5 വരെയാണു ജോലി സമയം. മാളുകളിലും മൾട്ടിപ്ലക്സുകളിലും കറങ്ങിനടക്കാതെ മത്സരപ്പരീക്ഷകൾക്കുള്ള കഠിനപ്രയത്നം വിഷ്ണു തുടർന്നു. രാത്രിയായിരുന്നു കാര്യമായ പഠനം. അവധിദിനങ്ങളിലും വാരാന്ത്യങ്ങളുമൊക്കെ മുഴുവനായി പഠനത്തിനു നീക്കിവച്ചു. എസ്എസ്‌സി ഉൾപ്പെടെ ചില പരീക്ഷകളില്‍ രണ്ടു വട്ടം നിയമനം കയ്യകലെ നഷ്ടമായെങ്കിലും നിരാശനായില്ല. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ആദ്യ 50 റാങ്കിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നാം റാങ്ക്  അമ്പരപ്പിച്ചെന്നാണു വിഷ്ണു പറയുന്നത്. 

കായംകുളം ആസ്പയർ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പിഎസ്‌സി പരിശീലനം ആരംഭിച്ച വിഷ്ണു, തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും പ്രവീൺ കിളിമാനൂരിന്റെ ക്ലാസുകളും റാങ്ക് േനട്ടത്തിനു സഹായിച്ചെന്നു പറയുന്നു. ആസ്പയർ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകൻ ശ്രീകുമാറിന്റെ മാർഗനിർദേശവും സ്വന്തം പഠനത്തിനിടയിലും, ഡിഗ്രി മെയിൻസ് സിലബസ് അനുസരിച്ചു നോട്ട് തയാറാക്കി സഹായിച്ച അനിയൻ വിനു ബാബുവിന്റെ (മൂന്നു മാസം മുൻപ് വിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു) സഹായവുമാണു വിജയത്തിന്റെ പൊൻകണിയൊരുക്കിയതെന്നു വിഷ്ണു ഉറപ്പിക്കുന്നു. തൊഴിൽവീഥിയുടെ സ്ഥിരം വായനക്കാരനായ വിഷ്ണു കോംപറ്റീഷൻ വിന്നറിലെ കറന്റ് അഫയേഴ്സ്, ഇംഗ്ലിഷ്, മാത്‌സ് പാഠങ്ങൾക്കും മുഴുവൻ ‘മാർക്ക്’ നൽകുന്നു. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുമെങ്കിലും പഠനം തുടരാനാണു വിഷ്ണുവിന്റെ തീരുമാനം. എസ്‌എസ്‌സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ഉൾപ്പെടെയുള്ള പരീക്ഷകളിലെ വിജയമാണ് ഇരുപത്തൊൻപതുകാരനായ വിഷ്ണുവിന്റെ അടുത്ത ലക്ഷ്യം. 

Content Summary : Kerala PSC Secretariat Assistant Exam First rank holder Vishnu shares success secrets

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS