ആഗോളമാന്ദ്യത്തിൽ ജോബ് ഓഫർ നഷ്ടമായി; ഇന്ന് റോബട്ടിക്‌സിലെ മികവ് സമ്മാനിച്ചത് ജോർജ് ജിറാൾട്ട് പുരസ്‌കാരം

HIGHLIGHTS
  • ബിടെക് പഠന കാലത്തു തന്നെ റിബിനു റോബട്ടിക്‌സിൽ താൽപര്യമുണ്ടായിരുന്നു.
  • ഐഐടി മദ്രാസ് നടത്തിയ റോബട്ടിക്‌സ് മത്സരത്തിൽ റിബിനും കൂട്ടുകാരും ഒന്നാം സ്ഥാനം നേടി.
dr-ribin-balachandran
ഡോ.റിബിൻ ജർമൻ എയറോസ്പേസ് സെന്ററിലെ റോബോട്ടിനൊപ്പം
SHARE

1920ൽ ചെക്ക് സാഹിത്യകാരൻ കാരൽ കപേക് എഴുതിയ ‘ആർയുആർ’ എന്ന നാടകത്തിലാണ് ‘റോബട്ട്’ എന്ന വാക്ക് ആദ്യമായി പരാമർശിക്കപ്പെട്ടത്. സ്ലാവിക് വാക്കായ റോബോട്ടയിൽനിന്നുള്ള പിറവി. പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ് ലോകത്തു ലക്ഷണമൊത്ത റോബട്ടുകൾ വന്നത്.ഇന്നു മനുഷ്യസാദൃശ്യമുള്ള റോബട്ടുകൾ മുതൽ വ്യവസായങ്ങളിൽ വലിയ രീതിയിൽ ഉപയോഗിക്കുന്ന യന്ത്രക്കൈകൾ വരെയുണ്ട്. വിശാല പഠനമേഖലയായി റോബട്ടിക്‌സ് വളർന്നു. ഈ രംഗത്തെ ശക്തമായ കൂട്ടായ്മയാണ് യൂറോപ്യൻ റോബട്ടിക്‌സ് ഫോറം. യൂറോപ്യൻ സർവകലാശാലകളിൽനിന്നു റോബട്ടിക്‌സ് സംബന്ധിച്ചുള്ള മികച്ച പ്രബന്ധങ്ങൾ പരിഗണിച്ച് എല്ലാവർഷവും ഇവർ നൽകുന്ന ജോർജ് ജിറാൾട്ട് പുരസ്‌കാരം ഇത്തവണ ഒരു മലയാളിക്കാണു ലഭിച്ചത് – ഡോ. റിബിൻ ബാലചന്ദ്രൻ. കൊച്ചി ഇടപ്പള്ളി ശാന്തിമാർഗ് രാധാപുരത്ത് കാർട്ടൂണിസ്റ്റ് ബാലചന്ദ്രന്റെയും റീത്ത ബാലചന്ദ്രന്റെയും മകൻ. ഈ പുരസ്കാരം നേടുന്ന യൂറോപ്യനല്ലാത്ത ആദ്യ ആളാണ് റിബിൻ.

Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക്

മാന്ദ്യം വഴിത്തിരിവായി

കർണാടക സൂരത്കലിലുള്ള എൻഐടിയിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിലാണ് റിബിൻ എൻജിനീയറിങ് ബിരുദം നേടിയത്, 2009ൽ. ബിടെക് പഠന കാലത്തു തന്നെ റിബിനു റോബട്ടിക്‌സിൽ താൽപര്യമുണ്ടായിരുന്നു. ആ സമയത്ത് ഐഐടി മദ്രാസ് നടത്തിയ റോബട്ടിക്‌സ് മത്സരത്തിൽ റിബിനും കൂട്ടുകാരും ഒന്നാം സ്ഥാനം നേടി.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്താണു പഠിച്ചിറങ്ങിയത്. കിട്ടിയ ഒരു ജോബ് ഓഫർ കാൻസലായിപ്പോയി.

ഇതോടെയാണ് മാസ്‌റ്റേഴ്‌സ് പഠനം എന്ന ലക്ഷ്യത്തിലേക്കെത്തിയത്. 2010ൽ ജർമനിയിലെ ഡോർട്മുണ്ട് സാങ്കേതിക സർവകലാശാലയിൽ ചേർന്നു. ബ്രിട്ടൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവായതിനാലാണു ജർമനിയിൽ പഠിക്കാമെന്നു തീരുമാനിച്ചത്.

2012ൽ പഠനം കഴിഞ്ഞതിനു പിന്നാലെ ജർമനിയുടെ സ്‌പേസ് ഏജൻസിയായ ജർമൻ ഏയ്‌റോസ്‌പേസ് സെന്ററിൽ ജോലി ലഭിച്ചു. ഈ ജോലിക്കിടെ തന്നെ മ്യൂണിക് സാങ്കേതിക സർവകലാശാലയിൽനിന്നു 2022ൽ റോബട്ടിക്സിൽ പിഎച്ച്ഡി നേടി. എ സ്റ്റേബിൾ ആൻഡ് ട്രാൻസ്‌പേരന്റ് ഫ്രെയിംവർക് ഫോർ അഡാപ്റ്റീവ് ഷെയേർഡ് കൺട്രോൾ ഓഫ് റോബട്സ് എന്നതായിരുന്നു തീസിസ്.

റോബട്ടിക്‌സിലെ അവസരങ്ങൾ

സെൻസറുകൾ, അക്‌ച്വേറ്ററുകൾ തുടങ്ങിയ ഹാർഡ്‌വെയർ ഘടകങ്ങളിലും സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലും സമീപകാലത്തുണ്ടായ വലിയ കുതിപ്പ് റോബട്ടിക്‌സിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു റിബിൻ പറയുന്നു. റോബട്ടിക് ഘടനകൾ, ഘടകങ്ങൾ എന്നിവയുടെ വികസനത്തിലും നിർമാണത്തിലും മെക്കാനിക്കൽ എൻജിനീയർമാർക്കും റോബട്ടുകളുടെ ഊർജനിയന്ത്രണത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയർമാർക്കും, അവസരങ്ങളുണ്ട്. റോബട്ടുകളുടെ സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിൽ കൺട്രോൾ എൻജിനീയർമാർക്കും, സെൻസിങ്, പെർസപ്ഷൻ, കൊഗ്നിഷൻ എന്നീ മേഖലകളിൽ കംപ്യൂട്ടർ സയൻസ്, ഐടി എൻജിനീയർമാർക്കും, പ്രോസ്‌തെറ്റിക്‌സ്, മെഡിക്കൽ റോബട്‌സ് മേഖലകളിൽ ബയോമെഡിക്കൽ, ബയോഇൻഫർമാറ്റിക്‌സ് എൻജിനീയർമാർക്കും സാധ്യതകൾ തുറന്നുവരുന്നു. എന്തിന് മനുഷ്യരും റോബട്ടുകളുമായുള്ള ഇടപഴകൽ വരെ പഠനവിധേയമാകുന്ന കാലമാണിത്- സൈക്കോളജിസ്റ്റുകൾക്കുവരെ അവസരമുള്ള മേഖലയാണെന്നു ചുരുക്കം.

Content Summary : Success story of Dr.Ribin Balachandran

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS