ബാലരാമപുരം (തിരുവനന്തപുരം) ∙ കഴിഞ്ഞതവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പോലും മറികടക്കാനായില്ല വി.എം.ആര്യയ്ക്ക്. എന്നിട്ടും മടുക്കാതെ നടത്തിയ കഠിന പരിശീലനം ഇത്തവണ എത്തിച്ചത് 36–ാം റാങ്കിൽ. ഇത്തവണ കിട്ടിയില്ലെങ്കിൽ വീണ്ടും എഴുതാനുള്ള തയാറെടുപ്പിനിടെയാണ് ഉയർന്ന റാങ്ക് തേടിയെത്തിയത്. ആറാലുംമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയൽ ഇംഗ്ലിഷ് മീഡിയം പബ്ലിക് സ്കൂളിൽ 10–ാം ക്ലാസ് വരെ പഠിച്ച ആര്യ, നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലാണ് പ്ലസ് ടു പഠനം നടത്തിയത്.
Read Also: സിവിൽ സർവീസ് പരീക്ഷയിൽ ഭാര്യയ്ക്ക് റാങ്ക് 172, ഭർത്താവിന് 233
തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽനിന്ന് ബിഎ ഇംഗ്ലിഷും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎയും നേടിയത് ഒന്നാം റാങ്കോടെയാണ്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനം തുടരാൻ 2 വർഷത്തോളം കൈമനം വനിതാ പോളിടെക്നിക്കിലും തൈക്കാട്ടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലും (കിറ്റ്സ്) ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തു. ഇതിനിടെ പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകളും എഴുതി. കഴിഞ്ഞ 2 വർഷം പൂർണമായി സിവിൽ സർവീസ് പരിശീലനത്തിനു നീക്കിവച്ചു.
‘ആഴത്തിലുള്ള പത്രവായനയും ക്ലാസ് മുറികളിൽ അധ്യാപകരിൽനിന്നു കിട്ടിയ പാഠങ്ങളുമാണു തുണയായത്’– ആര്യ പറയുന്നു.
Content Summary : Civil Service Exam 36th rank holder Arya shares her success secret