സിവിൽ പൊലീസ് ഓഫിസർ റാങ്ക്‌ലിസ്റ്റ്; വിജയ രഹസ്യം പങ്കുവച്ച് ഒന്നാംസ്ഥാനക്കാരായ അഞ്ചുപേർ
Mail This Article
സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ വിവിധ ബറ്റാലിയനുകളിൽ ഒന്നാംസ്ഥാനം നേടിയ 5 മിടുക്കർ വിജയ രഹസ്യം പങ്കുവയ്ക്കുന്നു.
എറണാകുളം (KAP. 1)
അച്ചു ജോസഫ്
2020ൽ ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയപ്പോൾതന്നെ അച്ചു ജോസഫ് തീരുമാനിച്ചിരുന്നു, ആദ്യ ജോലി സർക്കാർ സർവീസിൽ ആയിരിക്കണമെന്ന്. ഉപരിപഠനത്തിനൊന്നും പോകാതെ രാവും പകലും ഉറക്കമിളച്ചു പിഎസ്‌സി പഠനം ആരംഭിച്ചതു വെറുതെയായില്ല, ആദ്യം ഇടംപിടിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റിൽതന്നെ അച്ചുവിന് ഒന്നാം റാങ്കിന്റെ തിളക്കം.
സിവിൽ സർവീസ്പരീക്ഷയ്ക്കായി നടത്തിയ തയാറെടുപ്പുകൾ റാങ്ക് നേട്ടത്തിനു മുതൽക്കൂട്ടായി. കോച്ചിങ് സ്ഥാപനങ്ങളിലൊന്നും പോകാതെ സ്വയം പഠനമായിരുന്നു കൂടുതലും. തൊഴിൽവീഥി ഉൾപ്പെടെ പരമാവധി സ്റ്റഡി മെറ്റീരിയൽ ശേഖരിച്ചു സ്വന്തമായി ടൈംടേബിൾ തയാറാക്കിയുള്ള പഠനം ഏറെ പ്രയോജനം ചെയ്തെന്നു പറയുന്നു അച്ചു. കോട്ടയം കൂരാരിയിൽ ഷാജു ജോസഫിന്റെയും ബീനാമ്മയുടെയും മകനാണ്.
തൃശൂർ (KAP. 2)
എം.ജെ.ജോയൽ
ഗൾഫിൽ വീട്ടുജോലി ചെയ്തു കുടുംബം പുലർത്തുന്ന അമ്മയ്ക്ക്, ഇതിൽപരം മറ്റെന്തുസന്തോഷമാണു മകനു നൽകാൻ കഴിയുക! അതുകൊണ്ടാണ് കൊടുങ്ങല്ലൂർ സ്വദേശി യായ എം.ജെ. ജോയൽ ഈ വിജയം അമ്മ ജിജിക്കു സമർപ്പിക്കുന്നത്. 2022ൽ എംകോം പൂർത്തിയാക്കിയ ജോയലിന് നാട്ടിലെ മുഹമ്മദ് അബ്ദുൽ റഹ്മാൻ സ്മാരക ലൈബ്രറിയിലും ബഹദൂർ സ്മാരക ലൈബ്രറിയിലും ആയിരുന്നു പിഎസ്‌സി പഠനം.
കോളജ്‌വിട്ടുവന്നാൽ നേരെ ലൈബ്രറിയിലെ നൈറ്റ് ക്ലാസിലേക്ക്. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും റാങ്ക് ഫയലുകളും പാഠപുസ്തകങ്ങളും വായിച്ചു പരിശീലിച്ചു. ക്ലാസ്സില്ലാത്ത പകൽനേരങ്ങളിൽ കേറ്ററിങ് ഉൾപ്പെടെയുള്ള ജോലികൾക്കും സമയം കണ്ടെത്തി. ഫയർഫോഴ്സ്, സിവിൽ എക്സൈസ്, അസി. സെയിൽസ്മാൻ,എൽഡിസി ലിസ്റ്റുകളിലും ഇടംപിടിച്ചിട്ടുണ്ട് ജോയൽ.
മലപ്പുറം (MSP)
സി.അതുൽരാജ്
കൂട്ടുകാർക്കൊപ്പം നടത്തിയ കംബൈൻഡ് സ്റ്റഡിയാണ് അതുൽരാജിന്റെ റാങ്ക് നേട്ടത്തിനു പിന്നിൽ. മാതൃകാ ചോദ്യങ്ങൾ സംഘടിപ്പിച്ചും ചോദ്യങ്ങളുടെ കണക്ടിങ് ഫാക്ട്സ് കണ്ടെത്തി ഷെയർ ചെയ്തുമായിരുന്നു പഠനക്കൂട്ട്. കൊയിലാണ്ടി പെഗാസസിൽ പരീക്ഷാ പരിശീലനം നടത്തിയിരുന്നു.
തൊഴിൽവീഥിയും പഠനത്തിന് ഉപയോഗിച്ചു. കോഴിക്കോട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ അതുൽരാജിന് 6–ാം റാങ്ക് ലഭിച്ചിരുന്നു. ഗണിത ശാസ്ത്രത്തിൽ ബിരുദധാരിയായ അതുൽരാജ് ഫറോക്ക് സബ്ട്രഷറിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണിപ്പോൾ. കൊയിലാണ്ടി നടുവത്തൂർ ചെറുവത്ത് ഹൗസിൽ രാജീവന്റെയും രജനിയുടെയും മകനാണ്.
പത്തനംതിട്ട (KAP.3)
പീയൂഷ്സജീവ്
ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള പീയൂഷ് സിവിൽ എക്സൈസ് ഓഫിസർ, ഫയർമാൻ തസ്തികകളുടെ ഷോർട് ലിസ്റ്റിലും സിവിൽ സപ്ലൈസ് അസി. സെയിൽസ്മാൻ സാധ്യതാ ലിസ്റ്റിലുമുൾപ്പെട്ടു വിജയചരിത്രം കുറിച്ചയാളാണ്. ടെൻത്,പ്ലസ്ടു, ഡിഗ്രി ലെവൽ പ്രിലിംസ് വിജയിച്ചു മെയിൻ പരീക്ഷയ്ക്കുള്ള പരിശീലനത്തിലാണ് ഇപ്പോൾ.
മുൻ ചോദ്യപേപ്പറുകൾ സോൾവ് ചെയ്തും കണക്ടിങ് ഫാക്ട്സ് സ്വന്തമായി കണ്ടെത്തിയും പഠിക്കുന്ന പീയൂഷിനു കംബൈൻഡ് സ്റ്റഡി വഴി എക്സ്ട്രാ ഇൻപുട്സ് കണ്ടെത്തുന്ന ശീലവും തുണച്ചു. കാഞ്ഞിരംകുളം സ്പാർക്കിലെ പഠനവും തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനങ്ങളും റാങ്ക് നേട്ടത്തിൽ പ്രയോജനപ്പെട്ടെന്നു പറയുന്നു പീയൂഷ്. വിഴിഞ്ഞം ചൊവ്വര അച്യുതത്തിൽ സജീവ് ദേവരാജിന്റെയും രജിസജീവിന്റെയും മകനാണ്.
കാസർകോട് (KAP. IV)
കെ.ആർ.വിഷ്ണു
സ്വിഗ്ഗിയിലും ഇകോമിലും ഡെലിവറി ബോയ് ആയിരുന്ന കാലത്തു വിഷ്ണുവിന് ഒരു സ്വപ്നമുണ്ടായിരുന്നു. എങ്ങനെയും സർക്കാർ ജോലിയിൽ കയറിപ്പറ്റണം. 2016ൽ കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പലവിധ ജോലികൾ ചെയ്തു നടന്ന കെ.ആർ. വിഷ്ണുവിന് പിഎസ്‌സി പഠനത്തിനുള്ള പ്രചോദനമായത് എൽജി എസ് പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ സുഹൃത്താണ്.
പിഎസ്‌സി പഠനം ആരംഭിച്ച വിഷ്ണു ഫയർ ഫോഴ്സ്, ഫീൽഡ് വർക്കർ പരീക്ഷകളിലും നല്ല മാർക്ക് നേടി. വയനാട് പടിഞ്ഞാറെത്തറയിൽ രാജേന്ദ്രന്റെയും ഷീബയുടെയും മകനാണ്.
Content Summary : Civil Police Officer Rankholders Share Their Success Secret