ADVERTISEMENT

ബിബിഎയ്ക്ക് ഒപ്പം പഠിച്ച കൂട്ടുകാർ പലരും എംബിഎയ്ക്കു പോയപ്പോൾ ‘സപ്ലി’കൾ എഴുതിയെടുക്കാനുള്ള െനട്ടോട്ടത്തിലായിരുന്നു അമൽ ജോസഫ്. സപ്ലികൾക്കിടയിൽപ്പെട്ട് ഉപരിപഠനം മുടങ്ങിയപ്പോൾ പഠനത്തിന് ഉപരിയായൊരു ലക്ഷ്യം അമൽ മനസ്സിൽ കുറിച്ചു–പൊലീസ് സബ് ഇൻസ്പെക്ടർ.

Read Also : പിഎസ്‌സിയുടെ ഫാർമസി പരീക്ഷകളിൽ ‘ട്രിപ്പിൾ’ ഒന്നാം റാങ്ക്; പഠനതന്ത്രങ്ങൾ പങ്കുവച്ച് ബെറ്റ്സി ജോസഫ്

പിഎസ്‌സി പരിശീലനത്തിലേക്കു രണ്ടും കൽപിച്ചിറങ്ങിയ അമലിനു ലക്ഷ്യം തെറ്റിയില്ല. അടുത്തിടെ പ്രസിദ്ധീകരിച്ച ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ നാലാമനായി, തൃശൂർ ജില്ലയിലെ പോട്ടൂർ സ്വദേശി അമൽ ജോസഫ്. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ നാലാംറാങ്കും പൊലീസ് എസ്ഐ പരീക്ഷയിൽ ആറാം റാങ്കും സിവിൽ എക്‌സൈസ് ഓഫിസർ പരീക്ഷയിൽ 12–ാം റാങ്കും അസിസ്റ്റന്റ് സെയിൽസ്മാൻ, ഫയർമാൻ, സ്റ്റോർ കീപ്പർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ്, ഹൈക്കോർട്ട് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ പരീക്ഷകളിലെ ഉയർന്ന റാങ്കുകളും വഴിതുറന്ന അവസരങ്ങൾ ഉപേക്ഷിച്ചാണ് അമൽ സ്വപ്നത്തിലേക്കു നടന്നടുത്തത്. ഫലം വരാനിരിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് പരീക്ഷകളിലും ഉയർന്ന വിജയം പ്രതീക്ഷിക്കുന്നു, ഇപ്പോൾ ലാൻഡ് റവന്യു ഡിപ്പാർട്മെന്റിൽ എൽഡി ക്ലാർക്കാണ് അമൽ

ഓരോ ലക്കം തൊഴിൽവീഥിയും കൃത്യമായി അതത് ആഴ്ചതന്നെ പഠിച്ചുതീർക്കും. പിന്നീടു റിവിഷൻ നടത്തും.സ്റ്റഡി മെറ്റീരിയൽസ് ശേഖരിച്ചു വച്ചിട്ടു കാര്യമില്ല. കിട്ടുന്ന മുറയ്ക്കു പഠിച്ചുതീർക്കുന്നതിലാണു കാര്യം. അവനവനിലുള്ള വിശ്വാസവും പ്രധാനം. എന്തെങ്കിലും ജോലിക്കു വേണ്ടിയല്ല, ആഗ്രഹിച്ച ജോലിക്കു വേണ്ടിത്തന്നെ പഠിക്കണം.

 

കുത്തുവാക്കുകൾ പ്രചോദനം

അയ്യന്തോൾ ദേശം പുലിക്കളി സംഘവും അപ്പൻ തമ്പുരാൻ വായനാശാലയും ചേർന്നു നടത്തുന്ന സൗജന്യ പിഎസ്‌സി പരിശീലനകേന്ദ്രമായിരുന്നു അമലിന്റെ പഠനക്കളരി. നൈറ്റ് ക്ലാസുകളിൽ ഉറക്കമിളച്ചു നേടിയതാണ് തന്റെ വിജയങ്ങളെല്ലാമെന്ന് അമൽ അഭിമാനത്തോടെ പറയും. 2020 ഫെബ്രുവരിയിൽ ആദ്യ നിയമന ശുപാർശ വന്നത് സിപിഒ തസ്തികയിലേക്കായിരുന്നു. 

 

ജോലിയിൽ പ്രവേശിക്കാൻ പലരുടെയും സമ്മർദമുണ്ടായെങ്കിലും, എസ്ഐപഠനത്തിനു സമയം കിട്ടിയില്ലെങ്കിലോ എന്ന ആശങ്കയിൽ ആ ജോലി വേണ്ടെന്നുവച്ചു.എസ്ഐ, എക്സൈസ് ഓഫിസർ, ജയിൽ സൂപ്രണ്ട് പരീക്ഷകൾക്കു വേണ്ടി രാപകൽ കഠിനാധ്വാനം ചെയ്യുന്ന സമയത്താണു കോവിഡിന്റെ വരവ്. പരീക്ഷകൾ അനിശ്ചിതമായി വൈകി. അടുത്തെങ്ങും നടക്കാനിടയില്ലാത്ത പരീക്ഷയ്ക്കുവേണ്ടി കയ്യിൽ കിട്ടിയ ജോലി വേണ്ടെന്നു വച്ചത് മണ്ടത്തരമെന്ന കുറ്റപ്പെടുത്തലുകളായി ചുറ്റിലും. കുത്തുവാക്കുകൾ പ്രചോദനമാക്കി നടത്തിയ ആ തയാറെടുപ്പിനുള്ള ‘സല്യൂട്ട്’ കൂ ടിയാണ് എസ്ഐ ലിസ്റ്റിലെ ഉന്നത റാങ്ക്. 

 

വിജയം കണ്ട തന്ത്രങ്ങൾ

 

സിലബസ് നന്നായി മനസ്സിലാക്കി ടൈം ടേബിൾ തയാറാക്കിയായിരുന്നു അമലിന്റെ പഠനം. പുതിയ കാര്യങ്ങൾ പഠിക്കുന്നതുപോലെ റിവിഷനും പ്രാധാന്യം നൽകി. അമലിന്റെ അഭിപ്രായത്തിൽ ‘ഒറ്റ വായന’ കൊണ്ടു പിഎസ്‌സി ജയിച്ചു കയറാൻ സാധിക്കില്ല. പരീക്ഷാ ഹാളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ആരീതി ഉപകരിക്കൂ. പല ആവർത്തി വായിച്ചുപഠിച്ച ഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്കാണ് സംശയമില്ലാതെ ഉത്തരമെഴുതാൻ കഴിയുക. പ്രയാസമേറിയ ഭാഗങ്ങൾ പഠിച്ചെടുക്കാൻ കംബൈൻഡ് സ്റ്റഡിയാണു ബെസ്റ്റ്.

Read Also : കോഫിമേക്കറിൽ നിന്ന് തഹസിൽദാർ; ഗോത്രമേഖലയുടെ അഭിമാനമായി ഷിനു

പഠനത്തിനു പരമാവധി സോഴ്സുകളെ ആശ്രയിക്കണമെന്നും അമൽ പറയുന്നു. തൊഴിൽ വീഥിയുടെ സ്ഥിരവായന ക്കാരനായ അമൽ യുട്യൂബ്, ടെലിഗ്രാം ചാനലുകളെയും വിവരശേഖരണത്തിന് ഉപയോഗപ്പെടുത്തി. കണക്ക്,ഇംഗ്ലിഷ്, മലയാളം, സ്പെഷൽ ടോപ്പിക്കുകൾ തുടങ്ങിയവ അടിസ്ഥാനം ഉറപ്പിച്ചു നന്നായി പഠിച്ചാൽ അനായാസം സ്കോർ ചെയ്യാനാവുന്ന വിഷയങ്ങളാണ്. പക്ഷേ, കറന്റ് അഫയേഴ്സിൽ മാർക്ക് നേടാൻ പരന്ന വായന തന്നെ വേണം. 

 

Content Summary : From Failed Student to Top-Ranked Police Sub-Inspector: Amal Joseph's Inspiring Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com