നെയ്യാറ്റിൻകര സമാധി വിഷയത്തിൽ ഇടപെട്ട സബ് കലക്ടർ; ആരാണ് ഒ.വി.ആൽഫ്രഡ്

Mail This Article
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിൽ സബ് കലക്ടറുടെ പേരും വിവരങ്ങളും തിരക്കി ആരാധകരെത്തിയത്. ഒ.വി. ആൽഫ്രഡ് എന്നാണ് തിരുവനന്തപുരം സബ് കലക്ടറുടെ പേര്. ഗോപൻ സ്വാമിയുടെ വാർത്തകൾക്ക് താഴെ കമന്‍റുമായെത്തുന്നവരിൽ ഏറെയും ആൽഫ്രഡിന്‍റെ ഇൻസ്റ്റഗ്രാം ഐഡി തിരഞ്ഞെത്തുന്നവരാണ്.
ആരാണ് ഒ.വി. ആൽഫ്രഡ്?
കണ്ണൂർ സ്വദേശിയായ ഒ.വി. ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നിലവിൽ തിരുവനന്തപുരം സബ് കലക്ടറും സബ് ഡിവിഷനൽ മജിസ്ട്രേറ്റുമായി സേവനമനുഷ്ഠിക്കുന്നു. ചെറുപുഴ സെന്‍റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 2017 ൽ ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു.
സിവിൽ സർവീസ് സ്വപ്നം
ബിരുദ പഠനകാലത്താണ് സിവിൽ സർവീസിനെക്കുറിച്ച് ആൽഫ്രഡ് ചിന്തിക്കുന്നത്. ആദ്യവട്ടം മെയിൻസിൽ തോൽവി നേരിട്ടെങ്കിലും രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ചു. ഗാസിയാബാദിലെ നാഷനൽ പോസ്റ്റൽ അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു. എന്നാൽ സിവിൽ സർവീസ് സ്വപ്നം ഉപേക്ഷിക്കാൻ ആൽഫ്രഡ് തയ്യാറായില്ല. മൂന്നാം ശ്രമത്തിൽ സിവിൽ സർവീസ് നേടി. മുൻപ് ലഭിച്ച് 310-ാം റാങ്ക് 2022ൽ 57 ലേക്ക് ഉയർത്തിയാണ് ആൽഫ്രഡ് തന്റെ നിശ്ചയദാർഢ്യം തെളിയിച്ചത്. സിവിൽ സർവീസ് പഠനകാലത്ത് ദിവസത്തിൽ 6-7 മണിക്കൂറിൽ കൂടുതൽ പഠനത്തിനായി മാറ്റിവച്ചിട്ടില്ല. സിനിമ കാണാനും ടർഫിൽ ഫുട്ബോൾ കളിക്കാനുമൊക്കെ സമയം കണ്ടെത്തി. പാലക്കാട് ജില്ലയിൽ അസിസ്റ്റന്‍റ് കലക്ടറായി സേവനമനുഷ്ഠിച്ചു. 2024 സെപ്റ്റംബർ 9 ന് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റു.