2.85 കോടിയുടെ സ്കോളർഷിപ്: വിജയരഹസ്യം പങ്കുവച്ച് ഷെറിനും ഷാജിലയും

Mail This Article
കോട്ടയം ∙ ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാർഥികൾ കഴിയുന്നത്ര പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണമെന്നും എപ്പോഴും അറിവുകൾ പുതുക്കിക്കൊണ്ടിരിക്കണമെന്നും ഷെറിൻ സൂസൻ ചെറിയാനും ഷാജില സലിമും പറയുന്നു. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർഥികളായ ഇവർ ഇനി യുഎസിലെ ടെനിസി സർവകലാശാലയിൽ 2.85 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഷെറിന് ജർമൻ കെമിക്കൽ സൊസൈറ്റിയുടെ കോൺഫറൻസിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിരുന്നു. അവിടെ പ്രഫ. കോൺസ്റ്റാന്റിനോസ് വൊഗാറ്റിസിനെ പരിചയപ്പെട്ടത് പഠനകാര്യങ്ങളിൽ സഹായകരമായി. സിഎംഎസ് കോളജിലെ ഗവേഷണവിഭാഗത്തിൽ നിന്ന് അറുപതോളം വിദ്യാർഥികൾ ഇതിനോടകം പല വിദേശ സർവകലാശാലകളിലും ഗവേഷണത്തിനായി പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് 2 പേർ ഒരുമിച്ച് ഒരേ വിഷയത്തിൽ പോകുന്നതെന്നു പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പറഞ്ഞു. കുട്ടികൾ മിടുക്കരാണെങ്കിൽ അവരുടെ സാമ്പത്തികനില പ്രശ്നമല്ലന്ന് ഷെറിന്റെയും ഷാജിലയുടെയും ഗൈഡായ ഡോ. വിബിൻ ഐപ് തോമസ് പറഞ്ഞു.
വിദേശ സർവകലാശാലയിൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ
സർവകലാശാലകൾ അപേക്ഷ ക്ഷണിക്കാറില്ലാത്തതിനാൽ അപേക്ഷകൻ ചെയ്യുന്ന ഗവേഷണം തുടരാൻ പറ്റുന്ന സർവകലാശാല കണ്ടെത്തി അപേക്ഷിക്കണം. സർവകലാശാലയുടെ അഡ്മിഷൻ കമ്മിറ്റിയാണ് അപേക്ഷ പരിഗണിക്കുന്നത്. അപേക്ഷകന്റെ മാർക്ക്, ഇംഗ്ലിഷ് പരിജ്ഞാനം, ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണത്തിലെ മികവും തുടരാനുള്ള സാധ്യതയും എന്നിവ വിലയിരുത്തിയാണ് സ്കോളർഷിപ്പും അഡ്മിഷനും നൽകുന്നത്.
വിദേശപഠനം എങ്ങനെ? - സംശയങ്ങൾ വിദഗ്ദരോട് ചോദിക്കാം.