‘വന്ദിച്ചില്ലെങ്കിലും അധ്യാപകരെ നിന്ദിക്കരുത്; നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് സ്നേഹിച്ചിട്ടു കാര്യമില്ല’
Mail This Article
അധ്യാപകദിനം കഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിൽ സംവിധായകനും നടനുമായ ജോണി ആന്റണി ഒരു വർഷം മുൻപ് ഇംഗ്ലിഷ് അസോസിയേഷന്റെ ഉദ്ഘാടനത്തിനു നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വീണ്ടും ശ്രദ്ധേയമാവുകയാണ്. യുട്യൂബിൽ ഇതിനോടകം നാലു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞ എട്ടു മിനിറ്റ് താഴെ ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വിഡിയോ ചിരിയോടാണ് സദസ്സു കേൾക്കുന്നത്. ഇംഗ്ലിഷിൽ തുടങ്ങിയ പ്രസംഗം അവസാനിക്കുന്നത് മലയാളത്തിലും. അതിനുള്ള കാരണവും ജോണി ആന്റണി വിവരിക്കുന്നു. ജോണി ആന്റണിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം.
Dignitaries on the dais, teachers and my dear students. Abraham Lincoln is the famous President of USA, who put on into slavery and brought freedom to millions of slaves...ഇത്രയുമേ എന്നെക്കൊണ്ടു പറ്റൂ. കാരണം പത്താം ക്ലാസിൽ ആദ്യത്തെ പാഠമാണ് ഏബ്രഹാം ലിങ്കൺ. 8ൽ ആർക്കെങ്കിലും ഓർമ കാണും. പത്താം ക്ലാസാണ് നിങ്ങളുടെ ഗതി നിർണയിക്കുന്നത് എന്നൊക്കെ സാറന്മാരും അച്ഛനും അമ്മയും ഒക്കെ പറഞ്ഞതു കേട്ട് ഞാൻ മൊത്തം കാണാതെ പഠിക്കാൻ തീരുമാനിച്ചു. മാത്യൂസ് സാറാണ് അന്ന് എന്നെ ഇംഗ്ലിഷ് പഠിപ്പിച്ചത്. ഏബ്രഹാം ലിങ്കൺ എന്ന പാഠഭാഗത്തിലെ ആദ്യത്തെ പാരഗ്രാഫ് മാത്രം ഞാൻ കാണാതെ പഠിച്ചു. പക്ഷേ, പിന്നീട് എന്റെ ഇംഗ്ലിഷിന്റെ മാർക്ക് വളരെ ശോകമായിരുന്നു. പത്താം ക്ലാസിൽ 308 മാർക്കാണ് എനിക്കു കിട്ടിയത്. അതിനുശേഷം പ്രീഡിഗ്രിക്ക് എസ്ബി കോളജിൽ ചേരാനാണ് അച്ഛൻ പറഞ്ഞതെങ്കിലും എന്നെ നന്നായി അറിയാമായിരുന്നതുകൊണ്ട് ഞാൻ എൻഎസ്എസ് കോളജിലും ആപ്ലിക്കേഷൻ അയച്ചു. എനിക്ക് എൻഎസ്എസ് കോളജിലാണ് അഡ്മിഷൻ കിട്ടിയത്. രണ്ടു കൊല്ലമേ എന്റെ കലാലയ ജീവിതം നീണ്ടു നിന്നുള്ളൂ. പ്രീഡിഗ്രിക്ക് എനിക്ക് ഇംഗ്ലിഷ് മാത്രമേ പോയുളളൂ. ബാക്കി എല്ലാ വിഷയങ്ങളും കിട്ടി. സാറന്മാരുമൊക്കെ ഇംപ്രൂവ് എഴുതാൻ പറഞ്ഞെങ്കിലും സിനിമ മനസ്സിൽ ഉള്ളതു കൊണ്ട് ഞാൻ മദ്രാസിലേക്കു പോയി. പിന്നീട് എപ്പോൾ കണ്ടാലും കുറുപ്പു സാറ്‍ ഇവൻ എന്റെ വിഷയത്തിനു മാത്രമാണ് തോറ്റത്, എഴുതിയെടുത്തിരുന്നെങ്കിൽ അവൻ എവിടെ എത്തേണ്ടവനാണ് എന്നൊക്കെ പറയും. ഇത് രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞപ്പോൾ ഞാൻ സാറിനോട്, സാറേ എനിക്ക് ഡിഗ്രിക്കു പോകാൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല. ഇംഗ്ലിഷ് എനിക്ക് ഒരിക്കലും എഴുതിയെടുക്കാൻ പറ്റില്ല എന്നറിയാവുന്നതുകൊണ്ടാണ്. ഇനി സാറ് അത് ഇടയ്ക്കിടയ്ക്ക് പറയേണ്ട എന്നു പറഞ്ഞു. അങ്ങനെ എന്റെ കോളജ് കാലം കഴിഞ്ഞു.
ഇംഗ്ലിഷിൽ അറിവ് വളരെ കുറവാണെങ്കിലും ഇതുപോലൊരു അസോസിയേഷന്റെ പരിപാടിക്ക് വിളിച്ചതിൽ ഒരുപാടു സന്തോഷം. രണ്ടു മൂന്നു കാര്യങ്ങളേ എനിക്കു നിങ്ങളോട് പറയാനുള്ളൂ. അത് എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ള, നയിച്ചിട്ടുള്ള എന്റെ കാര്യങ്ങളാണ്. എന്റെ അനിയൻമാരോ അനിയത്തിമാരോ മക്കളോ എന്നുള്ള രീതിയിൽ എടുക്കുക, നിങ്ങൾ മാതാപിതാക്കളെ നന്നായി സ്നേഹിക്കണം, സംരക്ഷിക്കണം, ബഹുമാനിക്കണം. എത്രത്തോളം അവരെ സ്നേഹിക്കാൻ പറ്റുമോ അത് ചെയ്യണം. എന്റെ കുട്ടിക്കാലത്ത് നിങ്ങളുടെ പ്രായത്തിൽ അമ്മച്ചിയും അപ്പനുമൊക്കെ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയും. ആ, അതങ്ങനെയൊക്കെ കിടക്കും. ചിലപ്പോൾ ഒന്നു മൂളിയിട്ട് അങ്ങനെ പോകും. പിന്നീട് എന്റെ അമ്മ സുഖമില്ലാതായപ്പോൾ അമ്മച്ചി ഒരു നൂറു ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉത്തരം പറയാമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒന്നു നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് അതിനെ സ്നേഹിച്ചിട്ട് കാര്യമില്ല എന്ന് അപ്പൻ മരിച്ചു കിടക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് മാതാപിതാക്കളെ എത്രത്തോളം സ്നേഹിക്കാൻ പറ്റുമോ അത്രയും സ്നേഹിക്കുക. ഒരു ശക്തിയും അതിന് എതിരാകരുത്. അവർ എന്നും നമ്മുടെ കൂടെ കാണുകയില്ല. അവരു കഴിഞ്ഞിട്ടു മതി എന്തും എന്നു വിചാരിക്കണം. അതുപോലെ തന്നെ നിങ്ങളുടെ അധ്യാപകർ. അവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ബഹുമാനിക്കണം. വലിയ ബുദ്ധിമാനായിട്ടോ വലിയ പഠിപ്പിസ്റ്റായിട്ടോ അല്ല ഞാൻ ജനിച്ചത്. ഇവരുടെ ഒക്കെ കരുണകൊണ്ടോ അനുഗ്രഹം കൊണ്ടോ ആണ് ഞാനിങ്ങനെ ആയതെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. പിന്നെ ഒരു കാര്യം, നമ്മൾ ഏറ്റവും ശോഭിക്കും എന്നുള്ള ഒരു മേഖലയിൽ എത്തുവാൻ നിങ്ങൾ കഠിനമായി ദൈവത്തോടു പ്രാർഥിക്കണം. അതുപോലെ നന്നായി പ്രയത്നിക്കണം. ആരെയും തട്ടിച്ചും, കുറുക്കുവഴികളിലൂടെ ഒന്നും സമ്പാദിച്ച് മിടുക്കനാകരുത്. ഞാൻ ഒരു പുണ്യവാനാണെന്നൊന്നും അവകാശപ്പെടുകയല്ല. പക്ഷേ, ഒരു പരിധിവരെ നീതിമാനായി ജീവിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എല്ലാത്തിനുമുപരിയായി എനിക്കു പറയാനുള്ള അപേക്ഷ, കഴിയുമെങ്കിൽ നിങ്ങൾ കുടുംബമായിട്ട് ആഴ്ചയിൽ ഒരു സിനിമയെങ്കിലും പോയി കാണണം എന്നാണ്.
മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാൻ അവസരം
കോളജ് വിദ്യാർഥികൾക്ക് മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാൻ അവസരം. പുതിയ ട്രെൻഡുകൾ, സംഭവങ്ങൾ, വിദ്യാർഥികളുടെ നേട്ടങ്ങൾ, രസകരവും ഹൃദയസ്പർശിയുമായ അനുഭവങ്ങൾ എന്നിങ്ങനെ ക്യാംപസുമായി ബന്ധപ്പെട്ട എന്തു വിശേഷവും നിങ്ങൾക്ക് വാർത്തയാക്കാം. മനോരമ ഓൺലൈനിൽ നിങ്ങളുടെ വാർത്ത പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് വാട്സാപ് നമ്പർ: +919846061027, മെയിൽ: campus@mm.co.in