Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കിമോൻ കുട്ടിക്കളിയല്ല, കോടികളുടെ കളി!

virtual-reality

ചായക്കടയിലിരുന്ന് മൊബൈൽ ഫോൺ ക്യാമറ തുറന്ന് ‘പോക്കിമോൻ ഗോ’ ഗെയിം കളിക്കുമ്പോൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ പലഹാരപ്പെട്ടിയുടെ പിന്നിലൊളിക്കുന്ന പോക്കിമോൻ കഥാപാത്രങ്ങൾ എവിടെനിന്നു വന്നുവെന്ന് ? വിദേശയാത്രയ്ക്കിടെ, വഴിയരികിൽ കാണുന്ന ഒരു കെട്ടിടത്തിലേക്ക് മൊബൈൽ ക്യാമറയൊന്നു പായിച്ചാൽ കെട്ടിടത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്ളിലെ ത്രിമാന ചിത്രങ്ങളും ആകാശത്തു പറന്നു നടന്നാൽ എങ്ങനെയുണ്ടാകും? 

ഇത്തരം രസകരമായ ഭ്രാന്തുകൾ യാഥാർഥ്യമാക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ), മിക്സ്ഡ് റിയാലിറ്റി (എംആർ) സാങ്കേതികവിദ്യകൾ ഭാവിയുടെ ചൂണ്ടുപലകയാണ്. ഗെയിമിങ്, വിദ്യാഭ്യാസം, ടൂറിസം, മിലിറ്ററി തുടങ്ങി ഒട്ടേറെ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഈ ന്യൂജൻ സാങ്കേതികവിദ്യകൾക്കൊപ്പം എത്തുന്നതു വമ്പൻ തൊഴിൽസാധ്യതകൾ കൂടിയാണ്.

എന്താണീ എആർ, വിആർ, എംആർ
കംപ്യൂട്ടർ സഹായത്താൽ സൃഷ്ടിക്കുന്ന മായികലോകങ്ങളാണു മൂന്നും. 2,000 രൂപ നോട്ട് ആപ്പിന്റെ സഹായത്തോടെ സ്കാൻ ചെയ്യുമ്പോൾ നോട്ടിന്റെ പ്രതലത്തിൽ നരേന്ദ്ര മോദിയുടെ പ്രസംഗം കാണുന്നത് ഓഗ്‌മെന്റഡ് റിയാലിറ്റി മൂലമാണ്. കംപ്യൂട്ടർ ഗ്രാഫിക്‌സും ഒബ്‌ജെക്‌ട് റെക്കഗ്‌നിഷനും ചേരുമ്പോഴാണിതു സാധ്യമാകുന്നത്. പോക്കിമോൻ ഗോ ഗെയിമും പ്രവർത്തിക്കുന്നത് ഈ തത്വത്തിലാണ്.

എആർ യഥാർഥ ചുറ്റുപാടിനൊപ്പം വെർച്വൽ ഒബ്ജെക്ടുകൾ സൃഷ്ടിക്കുമ്പോൾ വെർച്വൽ റിയാലിറ്റി പൂർണമായും അയഥാർഥ ലോകം സൃഷ്ടിക്കുന്നു. ഐസ്പാളികൾ മൂടിയ ധ്രുവപ്രദേശത്തെക്കുറിച്ച് സ്കൂളിൽ പഠിപ്പിക്കുമ്പോൾ അവിടെ വരെയൊന്നു പോയിവരാൻ കൊതിക്കാത്ത ആരുണ്ട്? വെർച്വൽ റിയാലിറ്റി ദൃശ്യങ്ങൾ കാണാൻ സഹായിക്കുന്ന വിആർ ഹെഡ്സെറ്റുകൾ അഥവാ വിആർ കണ്ണടകൾ ധരിച്ചാൽ ക്ലാസിലിരുന്നു തന്നെ ധ്രുവപ്രദേശത്തിന്റെ അനുഭവം സാധ്യമാകും. ഏതു ദിശയിൽ തല വെട്ടിച്ചാലും പെൻഗ്വിനുകളും മഞ്ഞുമലകളും കാണാം, അതും ക്ലാസ് മുറിയിൽനിന്ന് ഒരടി പോലുമനങ്ങാതെ ! 

എആറും വിആറും ചേരുന്നതാണ് മിക്സ്ഡ് റിയാലിറ്റി (എംആർ). വെർച്വൽ ഒബ്ജെക്ടുകൾ യഥാർഥ ചുറ്റുപാടുകളോടു സംവദിക്കും. സെൻസർ സഹായത്തോടെ തൊട്ടുമുൻപിലുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിഷ്വലുകൾ സ്വയം ക്രമീകരിക്കും.

ഹോളോഗ്രാം രൂപത്തിൽ ഒരാൾക്കു പലയിടങ്ങളിലും പ്രത്യക്ഷപ്പെടാൻ കഴിയുന്ന തരത്തിലുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈം രംഗത്തെ ഭാവി മിക്സ്ഡ് റിയാലിറ്റിയിലാണെന്നാണു വിദഗ്ധാഭിപ്രായം.

കുട്ടിക്കളിയല്ല, കോടികളുടെ കളി !
വിനോദവ്യവസായമാണ് എആർ, വിആർ സാങ്കേതികവിദ്യകളുടെ ഏറ്റവും വലിയ ഗുണഭോക്താവ്. ഒക്യുലസ് സിനിമാസ് എന്ന സംവിധാനത്തിലൂടെ ‌തിയറ്ററിലിരുന്ന് സിനിമ കാണുന്ന അതേ ദൃശ്യാനുഭവം വിആർ ഹെഡ്ഗിയറിലൂടെ ലഭ്യമാകും. ഫോഡ്, ഓഡി, ടൊയോട്ട തുടങ്ങിയ വാഹനക്കമ്പനികൾ അവരുടെ പുതിയ കാറുകൾ ഉപഭോക്താക്കളെ പരിചയപ്പെടുത്താൻ വിആറും എആറും ഉപയോഗിക്കുന്നു. യഥാർഥത്തിലുള്ള കാർ അടുത്തില്ലെങ്കിലും മൊബൈൽ ക്യാമറ കാറിന്റെ ബ്രോഷറിനു നേരെ പിടിക്കുമ്പോൾ കാറിന്റെ ത്രിമാനരൂപവും സംവിധാനങ്ങളും തൊട്ടടുത്തു തന്നെ ദൃശ്യമാകും. എല്ലാ വശങ്ങളിൽനിന്നും നോക്കാനും സാധിക്കും. വിആർ ഹെഡ്ഗിയർ ഉപയോഗിച്ചാൽ കാറിന്റെ ഉള്ളിലിരിക്കുന്ന അനുഭവവും സാധ്യമാകും. സ്റ്റേഡിയത്തിലിരുന്നു കാണുന്ന അതേ ദൃശ്യാനുഭവം നൽകാനായി ഫുട്ബോൾ‌ മത്സരങ്ങളുടെ വെർച്വൽ റിയാലിറ്റി ലൈവ് സംപ്രേഷണവും ഇപ്പോഴുണ്ട്. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന തരത്തിൽ എട്ടോ അതിലധികമോ ക്യാമറകൾ ഒരു സ്റ്റാൻഡിൽ (റിഗ്) ഘടിപ്പിച്ച്, ലഭിക്കുന്ന ദൃശ്യങ്ങൾ തുന്നിച്ചേർക്കുകയാണു (സ്റ്റിച്ചിങ്) ചെയ്യുന്നത്. 

കേരള ടൂറിസത്തെ പരിചയപ്പെടുത്താൻ വിമാനത്താവളങ്ങളിൽ വിആർ ഹെഡ്ഗിയറുകൾ ക്രമീകരിച്ചത് വാർത്തയായിരുന്നു. കഠിനദൗത്യങ്ങൾ ഏറ്റെടുക്കുന്നവർക്കായി നാസയിലും യുഎസ് മിലിറ്ററിയിലും പരിശീലനം നൽകുന്നതും വിആർ വഴി തന്നെ. സ്കൂൾ ടെക്സ്റ്റ് ബുക്കുകളിലെ ചിത്രങ്ങൾ സ്കാൻ ചെയ്യുമ്പോൾ അവയുടെ ത്രിമാനചിത്രങ്ങളും ശബ്ദങ്ങളും എആറിലൂടെ കാണിക്കുന്ന രീതിയും വിദേശത്ത് സാധാരണമാകുകയാണ്. 

സാധ്യതകളുടെ ഭാവി
എആർ, വിആർ മേഖല 2025ൽ 8000 കോടി ഡോളറിന്റെ ബിസിനസായി മാറുമെന്നാണു യുഎസ് ധനകാര്യ ഏജൻസി ഗോൾഡ്‌മാൻ സാക്‌സിന്റെ പ്രവചനം. 4500 കോടി ഹാർഡ്‌വെയർ രംഗത്തും 3500 കോടി സോഫ്റ്റവെയർ രംഗത്തും. ഗൂഗിൾ (കാർഡ്ബോർഡ്), ഫെയ്സ്ബുക് (ഒക്യുലസ്), സോണി, മൈക്രോസോഫ്റ്റ് (ഹോളോ ലെൻസ്), സാംസങ്, ക്വാൽകോം, ആമസോൺ തുടങ്ങിയ ടെക് ഭീമൻമാർ വെർച്വൽ വ്യവസായത്തിൽ കാര്യമായ ശ്രദ്ധിക്കുന്നു. ഫെയ്സ്ബുക് 12,000 കോടി രൂപയ്‌ക്കാണ് ഒക്യുലസിനെ ഏറ്റെടുത്തത്.

താരതമ്യേന പുതിയ സാങ്കേതികവിദ്യയായതിനാൽ ജോലിസാധ്യതകളും വലുതാണ്. ഗ്രാഫിക്സ് സങ്കേതങ്ങൾ, ഗെയിം രൂപകൽപന, ഒബ്ജെക്ട് റെക്കഗ്‌നിഷൻ, വിആർ/ എആർ വിഷ്വലൈസേഷൻ, മോഷൻ സെൻസിങ് എന്നിങ്ങനെയാണ് അവസരങ്ങൾ.

കംപ്യൂട്ടർ വിഷൻ മാനേജർ, ബാക്ക്എൻഡ് ഡവലപ്പർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, യൂസർ എക്സപീരിയൻസ് സ്റ്റാഫ്, വിഷ്വൽ ആർട്ടിസ്റ്റ്, തെർമൽ ആർക്കിടെക്ട്, ആർഎഫ് സിസ്റ്റം എൻജിനീയർ എന്നിങ്ങനെ ഒഴിവുകൾ പലവിധമുണ്ട്. സ്റ്റാർട്ടപ്പുകളും ഈ വഴിക്കു നീങ്ങുന്നതോടെ മാർക്കറ്റിങ്, സെയിൽസ് തുടങ്ങിയ അനുബന്ധമേഖലകളും ആനുപാതികമായി വളരും. 

ഇവ അറിഞ്ഞിരിക്കണം
C/C++, ജാവ പ്രോഗ്രാമിങ് പരിജ്ഞാനം, 3ഡി മോഡലിങ്, കണക്കിലും ജ്യാമിതിയിലുള്ള അറിവ് തുടങ്ങിയവയാണ് ആവശ്യം. ലോകം കീഴ്മേൽ മറിക്കാനാവശ്യമായ കിടിലൻ ആശയങ്ങളും വേണം. കംപ്യൂട്ടർ, സ്മാർട് ഫോൺ, വെർച്വൽ ഹെഡ് ഗിയർ, ഒപ്റ്റിക്സ് എന്നിവയിൽ പരിജ്ഞാനമുള്ളവർക്കു ഹാർഡ്‌വെയർ രംഗത്തു തൊഴിലവസരങ്ങളുമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (െഎഇഇഇ) കംപ്യൂട്ടർ സൊസൈറ്റി എല്ലാ വർഷവും വെർച്വൽ റിയാലിറ്റി കോൺഫറൻസ് നടത്താറുണ്ട്. പുതിയ സാങ്കേതികവിദ്യയായതിനാൽ ഇന്ത്യയിൽ പരിശീലന പരിപാടികൾ ശൈശവദശയിലാണ്. തൊഴിലവസരങ്ങൾ അറിയാൻ ലിങ്ക്ഡ്ഇൻ പ്രഫഷനൽ നെറ്റ്‌വർക്ക് സഹായകമാകും. സൗജന്യ ഓൺലൈൻ കോഴ്സുകളും ലഭ്യമാണ്.

വരാനിരിക്കുന്നത് വൻ അവസരങ്ങൾ
‘‘എആർ/വിആർ സൗകര്യമുള്ള സ്മാർട്ഫോണുകളും ഹെഡ്ഗിയറുകളും മിത വിലയിൽ ലഭ്യമായി തുടങ്ങുന്നതോടെ ഈ രംഗത്തെ തൊഴിലവസരങ്ങളും വർധിക്കും. വെർച്വൽ സാങ്കേതികവിദ്യകൾ ശൈശവദശയിലാണ്. ഇപ്പോഴേ സാന്നിധ്യം ഉറപ്പിക്കാനായാൽ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്.’’

Abhilash-Ashok

അഭിലാഷ് അശോക് 
മൈക്രോസോഫ്റ്റ് കൺസൽറ്റിങ് സ്ഥാപനമായ വെലോറോമിന്റെ യൂസർ എക്സ്പീരിയൻസ് ഡവലപ്മെന്റ് വിഭാഗം (വിആർ, എആർ, എംആർ) തലവൻ

പത്തുരൂപ നോട്ടിലെ പുലിമുരുകൻ

Eldhose-P-Mathew എൽദോസ് പി. മാത്യു

പുലിമുരുകൻ സിനിമയുടെ പ്രചാരണാർഥം പുറത്തിറക്കിയ ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിം വികസിപ്പിച്ച കൊച്ചിയിലെ സിഷാർക്ക്സ് ഗെയിംസ് സിഇഒ എൽദോസ് പി. മാത്യു പറയുന്നു:

‘‘കേരളത്തിൽ നിന്നുള്ള ആദ്യ ഓഗ്‌മെന്റഡ് ഗെയിമുകളിലൊന്നാണു പുലിമുരുകൻ എആർ. പത്തുരൂപ നോട്ടിലെ കടുവയുടെ ചിത്രം സ്കാൻ ചെയ്താൽ നോട്ടിന്റെ പ്രതലത്തിൽ ത്രിമാനരൂപത്തിൽ തുറന്നുവരുന്ന ഗെയിം. കേരളത്തിൽ ഈ മേഖലയ്ക്കുള്ള വളർച്ചാസാധ്യതകളും പ്രതികരണങ്ങളിൽനിന്നു വ്യക്തമായി. വരും വർഷങ്ങളിലാകും തൊഴിൽമേഖലയെന്ന നിലയിലുള്ള സാധ്യതകൾ നാം തിരിച്ചറിയുക.’’

Your Rating: