Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഇഇ പരീക്ഷയ്ക്ക് 100% : കല്‍പിത് കൈക്കലാക്കിയത് സ്വപ്ന വിജയം

Kalpit-Veerwal കല്‍പിത് മാതാപിതാക്കൾക്കൊപ്പം

കോട്ടയിലോ രാജസ്ഥാനിലോ എന്‍ട്രന്‍സ് പരിശീലനത്തിനു പോകാന്‍ എല്ലാവരും ഉപദേശിച്ചു. പക്ഷേ, പഠനത്തെ ഒരു ഭാരമായി കാണാതെ ആസ്വദിച്ചു പഠിക്കാനായിരുന്നു കല്‍പിത് വീര്‍വലിന്റെ ആഗ്രഹം. അതുകൊണ്ട് ഉദയ്പൂരിലെ വീട്ടിൽത്തന്നെ നിന്നു സ്‌കൂള്‍ പഠനത്തിനൊപ്പം എന്‍ട്രന്‍സിനു തയാറെടുത്തു. ഒടുവില്‍ കഴിഞ്ഞ ദിവസം ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ കല്‍പിത് എത്തിപ്പിടിച്ചത് ഇന്ത്യയില്‍ ഇന്നോളം ആരും നേടാത്ത അപൂര്‍വ വിജയം. 360 ല്‍ 360 മാര്‍ക്കും നേടി 100 ശതമാനം വിജയത്തോടെയാണു കല്‍പിത് വീര്‍വല്‍ എന്ന പതിനേഴുകാരന്‍ ഇന്ത്യയില്‍ ഒന്നാമതെത്തിയത്. 

ജെഇഇ പൊതുവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും കല്‍പിത് തന്നെയാണ് ഒന്നാമന്‍. സ്‌കൂളിലെയും കോച്ചിങ് ക്ലാസിലെയും പരിശീലനത്തിനു ശേഷം വീട്ടിലെത്തി ദിവസവും ആറു മണിക്കൂര്‍ പഠനത്തിലൂടെയാണ് കല്‍പിത് ഈ അതുല്യ നേട്ടം സ്വന്തമാക്കിയത്. സയന്‍സ് പഠിക്കാന്‍ എന്നും ഇഷ്ടപ്പെട്ട കല്‍പിത് എട്ടാം ക്ലാസു മുതല്‍ തന്നെ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി തയാറെടുക്കുന്നു. സംസ്ഥാനത്തെ ഒരു കോച്ചിങ് സ്ഥാപനത്തില്‍ ചേര്‍ന്നായിരുന്നു പഠനം. ഇടവേളകളില്‍ മനസ്സിന് ഉന്മേഷം പകരാന്‍ ക്രിക്കറ്റും ബാഡ്മിന്റനും കളിക്കുകയോ പാട്ടു കേള്‍ക്കുകയോ ചെയ്യും. 

പഠനത്തെ ഒരു ഭാരമായി കാണാതെ ഒരു വെല്ലുവിളിയായി കണക്കാക്കിയാല്‍ വിജയം പിന്നാലെ വരുമെന്നാണ് കല്‍പിതിന്റെ അഭിപ്രായം. മേയ് 21നു നടക്കുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ വിജയം തുടര്‍ന്നാൽ മുംബൈ ഐഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്നാണു കല്‍പിതിന്റെ ആഗ്രഹം. ഉദയ്പൂരിലെ ഗവണ്‍മെന്റ് ആശുപത്രി നഴ്‌സായ പുഷ്‌കര്‍ ലാല്‍ വീര്‍വലിന്റെയും ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയായ പുഷ്പ വീര്‍വലിന്റെയും രണ്ടാമത്തെ മകനാണു കല്‍പിത് വീര്‍വല്‍. മൂത്ത സഹോദരന്‍ ഹാര്‍ദിക് എയിംസില്‍ മെഡിസിന്‍ വിദ്യാര്‍ഥിയാണ്. 11.8 ലക്ഷം പേരാണ് വിവിധ ഐഐടികളിലേക്കും എന്‍ജിനീയറിങ് കോളജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ-മെയിന്‍ പരീക്ഷ എഴുതിയത്. ഇതില്‍ 2.2 ലക്ഷം പേരാണ് അടുത്ത ഘട്ടമായ ജെഇഇ അഡ്വാന്‍സ് എഴുതാന്‍ യോഗ്യത നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.