Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎസിലേക്കോ, ധൈര്യമായി പോരൂ

Aswathy_Dorge

എംഎ ഇക്കണോമിക്സിനുശേഷം യുജിസി നെറ്റും നേടി പിഎച്ച്ഡിക്കു ചേർന്നൊരാളുടെ മുന്നോട്ടുള്ള കരിയർ യാത്ര എങ്ങനെയാകും? കോളജിലേക്കോ ഏതെങ്കിലും ഗവേഷണസ്ഥാപനത്തിലേക്കോ എന്ന പതിവുത്തരം വെട്ടി അശ്വതി ദോർജെ ഇന്നിരിക്കുന്നത് മുംബൈ ആംഡ് പൊലീസ് അഡിഷനൽ കമ്മിഷണറുടെ കസേരയിലാണ്. സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് ലഭിച്ച അശ്വതിയെ നമ്മോട് അടുപ്പിച്ചുനിർത്തുന്ന മറ്റൊരു മേൽവിലാസമുണ്ട്– സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ മകൾ.

ആർ.ശ്രീലേഖയിലൂടെ കേരളത്തിന് ആദ്യമായി വനിതാ ഡിജിപിയെ വരെ കിട്ടിയിരിക്കുന്ന കാലമാണിത്. ഐപിഎസിലേക്കുള്ള പെൺകുട്ടികളുടെ വഴിയെങ്ങനെ, ശ്രദ്ധിക്കേണ്ടതെന്തൊക്കെ– അശ്വതി ദോർജെയോടു ചോദിക്കാം.

കരിയർ എന്ന നിലയിൽ പൊലീസ് രംഗം പെൺകുട്ടികൾക്ക് എത്രത്തോളം അഭികാമ്യം ?
കരിയർ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആഗ്രഹത്തിനും താൽപര്യത്തിനുമാണു മുൻഗണന നൽകേണ്ടത്. സ്ത്രീകൾ പൊലീസിൽ ചേർന്നാൽ അസമയത്ത് പുറത്തു പോകേണ്ടിവരുമെന്ന മട്ടിലൊക്കെയാണു പലരും പറയുന്നത്. എന്നാൽ, ഡോക്ടറുടെ അവസ്ഥയെന്താണ്? മറ്റേതു പ്രഫഷനിലുമുള്ള ബുദ്ധിമുട്ടുകളേ പൊലീസ് സർവീസിലുമുള്ളൂ.

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ മുൻവിധിയോടെ കാണുന്നവരുണ്ടോ? അവരെ എങ്ങനെ നേരിടും ?
സ്ത്രീ ആയതുകൊണ്ടു മാത്രം വേർതിരിവ് നേരിടേണ്ടിവന്നിട്ടില്ല. ഞാൻ കേരളത്തിൽ പഠിച്ച് മഹാരാഷ്ട്രയിൽ ജോലിചെയ്യാൻ എത്തിയ ആളാണ്. ആ സമയത്തു സ്ഥലവും ഭാഷയും രീതികളും പരിചയമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എവിടെയായാലും പ്രവർത്തനശൈലി കൊണ്ടു മുൻവിധികളെ മറികടക്കാനാകും. 

ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഭരണപരമായ ചുമതലകൾ–ഏതാണു വെല്ലുവിളി ?
മൂന്നു രംഗത്തും പ്രവർത്തിച്ചിട്ടുള്ള ആളാണു ഞാൻ. ഭരണപരമായ കാര്യങ്ങളിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകണം. ഒരു ചട്ടക്കൂടിൽ ഇരുന്ന് നമ്മുടേതായ ശൈലിയിൽ ഭരണനിർവഹണം നടത്തണം. ക്രമസമാധാന മേഖലയിൽ പെട്ടെന്നു തീരുമാനമെടുക്കേണ്ടിവരും. കുറ്റാന്വേഷണത്തിൽ കടുത്ത സമ്മർദമുണ്ടാകാമെങ്കിലും തയാറെടുപ്പിനു കൂടുതൽ സമയം ലഭിക്കും. എല്ലാത്തിനും അതിന്റേതായ വെല്ലുവിളികളുണ്ട്. മൂന്നു മേഖലയിലും സ്വയം പരിശീലനം നേടണം; പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം.

24 x 7 ഉത്തരവാദിത്തമുള്ള ജോലി വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതെന്തൊക്കെ ?
ജീവിതപങ്കാളി തുറന്നമനസ്സുള്ള, തൊഴിലിനെ മനസ്സിലാക്കുന്ന ആളായിരിക്കണം. കരിയറിന്റെ ആദ്യഘട്ടം കഠിനാധ്വാനത്തിന്റേതാണ്. അക്കാലത്തായിരിക്കും വിവാഹവും പ്രസവവുമെല്ലാം. പങ്കാളിയുടെ പിന്തുണ ഏറെ ആവശ്യമുള്ള സമയവും അതു തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.