Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതെന്താ ഞങ്ങൾ ‘മെക്ക്’ പഠിച്ചാൽ ?

Author Details
mechanical-engineering

‘ഗോഡ്ഫാദർ’ സിനിമയിൽ ‘സ്ത്രീകൾക്ക് പ്രവേശനമില്ല’ എന്നു ബോർഡ് വച്ച അഞ്ഞൂറാന്റെ വീടു പോലെയാണ് എൻജിനീയറിങ് കോളജുകളിലെ മെക്കാനിക്കൽ, പ്രൊഡക്‌ഷൻ മേഖല. ഇന്ത്യയിൽ മാത്രമല്ല, ലിംഗസമത്വത്തിൽ ഭേദമെന്നു കരുതുന്ന യുഎസിൽ പോലും സ്ഥിതി ഏറക്കുറെ ഇതുതന്നെയാണ്.

മെക്കാനിക്കലി‍ൽ പെൺകുട്ടികൾ തീരെയില്ലെന്നല്ല. ഇടയ്ക്കിടെ ഒന്നോ രണ്ടോ പേരെത്തും. ‘മെക്ക്റാണി’മാരെന്നു പേര് വീഴുകയും ചെയ്യും. ഈയിടെ ‘ക്വീൻ’ സിനിമയ്ക്കു വരെ ഇതു പ്രമേയമായി. ശരിക്കും മെക്കാനിക്കലിൽ പെൺകുട്ടികൾക്ക് അവസരങ്ങളില്ലേ? സിലബസ് പെൺകുട്ടികൾ‌ക്കു പറ്റിയതല്ലേ? എന്താകും വൈമുഖ്യത്തിനു കാരണം ?

എന്തു കരിയും പുകയും?
മെക്കാനിക്കൽ എന്നു കേൾക്കുമ്പോൾ കരിയും ഗ്രീസും പുകയും അലറുന്ന യന്ത്രഭാഗങ്ങളും എന്ന മുൻവിധി പലർക്കുമുണ്ട്. ശാരീരികാധ്വാനം കൂടുതലുള്ള, സുരക്ഷയില്ലാത്ത മേഖലയെന്ന തെറ്റിദ്ധാരണ.സത്യത്തിൽ അത്ര മല മറിക്കാനില്ല. ആദ്യവർഷം വർക്‌ഷോപ്പുകളിൽ സ്മിത്തിങ്, ഫോർജിങ് തുടങ്ങിയവയ്ക്ക് അധ്വാനം വേണം. ഇതുപക്ഷേ, എല്ലാ ബ്രാഞ്ചിനും പൊതുവായുള്ളതാണ്. തുടർന്നുള്ള കോഴ്‌സിൽ ലെയ്ത്ത്, ഡ്രില്ലിങ്, വെൽഡിങ് തുടങ്ങിയവ പരിശീലിക്കാനും സാധാരണയിൽ കവിഞ്ഞ അധ്വാനം വേണ്ട.

കൂടുതൽ ചോയ്സ്
എൻജിനീയറിങ്ങിൽ ഏറ്റവും പാരമ്പര്യമുള്ള ബ്രാഞ്ചാണ് മെക്കാനിക്കൽ. ഒട്ടേറെ മേഖലകൾ ഇടകല‍ർന്നു കിടക്കുന്നു. ഓട്ടമൊബീൽ, ഹൈഡ്രോളിക് മെഷീൻസ്, പ്രൊഡക്‌ഷൻ എൻജിനീയറിങ് തുടങ്ങി പരമ്പരാഗത മേഖലകൾ. റോബട്ടിക്സ്, നാനോടെക്നോളജി, മെറ്റീരിയൽ സയൻസ് തുടങ്ങി നവീന മേഖലകൾ. ഇൻഡസ്ട്രിയൽ എൻജിനീയറിങ് തുടങ്ങിയ അനുബന്ധ മേഖലകളും ഇവയിൽപ്പെടും. മെക്കാനിക്കൽ പഠിക്കുന്നവർക്കു വൈവിധ്യമാർന്ന മേഖലകൾ തിരഞ്ഞെടുക്കാമെന്നു സാരം.

എന്നിട്ടും ജോലി സംബന്ധിച്ച ആശങ്കകൾ പല പെൺകുട്ടികളെയും തടഞ്ഞുനിർത്തുന്നു. പെൺകുട്ടിയായതുകൊണ്ട് പ്ലേസ്മെന്റ് സെഷനുകളിൽ തഴയപ്പെട്ടവരെക്കുറിച്ചുള്ള കഥകൾ എമ്പാടുമുണ്ട്. എന്നാൽ കാറ്റ് മാറി വീശിത്തുടങ്ങിയിട്ടു കാലം കുറച്ചായി. ഈക്വൽ ഓപ്പർച്യൂണിറ്റി എംപ്ലോയർ എന്ന പേരുനിലനിർ‌ത്താനായി പല കമ്പനികളും സ്ത്രീകളെ കൂടുതലായി ജോലിക്കെടുക്കുന്നു. മെക്കാനിക്കൽ മേഖലയിൽ പെൺകുട്ടികൾ കുറവായതിനാൽ, ഉള്ളവർക്ക് അവസരങ്ങൾ ഏറെയാണ്. ഡെസ്ക് ജോലിയോട് ആഭിമുഖ്യമുള്ളവർക്കു ഡിസൈൻ തുടങ്ങിയ മേഖലകളുണ്ട്. ഗവേഷണം താൽപര്യമുള്ളവർക്കും തിരഞ്ഞെടുക്കാനേറെ.

വിമുഖതയ്ക്കു കാരണം
മെക്കാനിക്കലിനോട് പെൺകുട്ടികൾക്കുള്ള വിമുഖതയ്ക്കു കാരണമായി തോന്നിയിട്ടുള്ളത് രണ്ടു മുൻവിധികളാണ്. ഒന്ന്) പുരുഷൻമാർ കൂടുതലുള്ള മേഖലയിൽ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലെത്തിയാൽ അവരെ നിയന്ത്രിക്കാൻ സാധിക്കുമോ എന്ന സംശയം. രണ്ട്) ശാരീരികാധ്വാനം കൂടുതൽ വേണ്ടതിനാൽ പിന്തള്ളപ്പെടുമോ എന്ന പേടി.  കോഴ്സിനു ചേരുന്ന പല പെൺകുട്ടികളും ഡിസൈനിങ്, റിസർച്, അധ്യാപന മേഖലകളിലേക്കാണു പോകുന്നത്.

എ.എസ്.കാർത്തിക, ‌
അസോഷ്യേറ്റ് പ്രഫസർ
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം
കോളജ് ഓഫ് എൻജിനീയറിങ്തിരുവനന്തപുരം