Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായവില്‍പനക്കാരന്റെ മകള്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലേക്ക്

Sudeeksha_Bhati

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍, പഠിച്ചിരുന്ന സ്വകാര്യ സ്‌കൂളില്‍നിന്നു പുറത്താക്കപ്പെടുമ്പോള്‍ സുദീക്ഷ ഭാട്ടിക്ക് പ്രായം വെറും ഒന്‍പത് വയസ്സ്. ചായ വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു മകളെ പഠിപ്പിക്കാന്‍ അവളുടെ പിതാവിനു കഴിവില്ലായിരുന്നു. പക്ഷേ, ഇല്ലായ്മകള്‍ക്കിടയിലും അവള്‍ കഷ്ടപ്പെട്ടു പഠിച്ചു. ഒടുവില്‍ പ്ലസ് ടു പരീക്ഷ 98 ശതമാനം മാര്‍ക്കോടെ ജയിച്ചു. ഇപ്പോള്‍ 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി ഉപരിപഠനത്തിന് അമേരിക്കയിലേക്കു പറക്കാനൊരുങ്ങുകയാണ് ഈ മിടുമിടുക്കി. 

യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള സുദീക്ഷയ്ക്ക് ഇതു ദൃഢനിശ്ചയത്തിന്റെ മധുരമുള്ള വിജയം. മാസച്യുസിറ്റ്‌സിലെ ബാബ്‌സണ്‍ കോളജില്‍ സംരംഭകത്വ കോഴ്‌സിനാണ് സുദീക്ഷയ്ക്കു പ്രവേശനം ലഭിച്ചത്; അതും പൂര്‍ണമായ സ്‌കോളര്‍ഷിപ്പോടെ. സ്വകാര്യ സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസില്‍ നല്ല മാര്‍ക്കു നേടി വിദ്യാഗ്യാന് സ്‌കൂളിലേക്കു തിരഞ്ഞെടുക്കപ്പെട്ടതാണു സുദീക്ഷയുടെ ജീവിതത്തിലെ വഴിത്തിരിവായത്. 

ഗ്രാമീണ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികള്‍ക്കു പഠനസഹായമൊരുക്കുന്ന റസിഡന്‍ഷ്യല്‍ റൂറല്‍ ലീഡര്‍ഷിപ്പ് അക്കാദമിയാണ് വിദ്യാഗ്യാന്‍. ശിവ് നാടാര്‍ ഫൗണ്ടേഷന്‍ 2009 ല്‍ സ്ഥാപിച്ച അക്കാദമിയുടെ രണ്ടു ക്യാംപസുകളിലായി 1900 വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും മാതൃകകളായി നേതൃത്വശേഷിയും മികവുമുള്ള വിദ്യാർഥികളെ വളര്‍ത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. 

സ്വപ്‌നതുല്യമായ നേട്ടത്തിലേക്കുള്ള പാതയില്‍ സുദീക്ഷ പടപൊരുതിയതു സാമ്പത്തിക പ്രശ്‌നങ്ങളോടു മാത്രമല്ലായിരുന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടേണ്ട കാര്യമില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ മുന്‍വിധികള്‍ക്കു കൂടിയുള്ള മറുപടിയാണ് ഈ നേട്ടം. അമേരിക്കന്‍ സര്‍വകലാശാലയിലെ സ്‌കോളര്‍ഷിപ്പിനു സുദീക്ഷയെ അര്‍ഹയാക്കിയതു സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നടത്തിയ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളാണ്. 

ഡ്യൂക് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നടത്തിയ ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം, പെന്‍സില്‍വാനിയ സ്‌കൂള്‍ ഫോര്‍ ഗ്ലോബല്‍ ഒന്‍ട്രപ്രനര്‍ഷിപ്പ് അമേരിക്കയില്‍ വച്ചു നടത്തിയ സമ്മര്‍ പ്രോഗ്രാം തുടങ്ങിയവയില്‍ സുദീക്ഷ പങ്കാളിയായിട്ടുണ്ട്. സ്‌കൂള്‍ കൗണ്‍സിലിലെ വൈസ് ഹെഡ് ഗേള്‍, ഹൗസിന്റെ സീനിയര്‍ കള്‍ച്ചര്‍ സെക്രട്ടറി, ഹൗസ് പ്രിഫക്ട് എന്നീ നിലകളില്‍ സ്‌കൂളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനും പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതിനെതിരെയും വോയ്‌സ് ഓഫ് വിമന്‍ എന്ന പേരില്‍ പ്രചാരണ പരിപാടിയും സുദീക്ഷയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. അക്കാദമിക മികവിന് പുറമേ സാറ്റ്, ടോഫല്‍ പരീക്ഷകളിലും മികച്ച സ്‌കോര്‍ നേടി. 

വെല്ലുവിളികള്‍ വരുമ്പോള്‍ മനസ്സ് മടുത്തു പോകാതെ മുന്നേറുകയെന്നതാണു സുദീക്ഷയുടെ വിജയമന്ത്രം. "പരീക്ഷകള്‍ക്ക് തയാറെടുക്കുമ്പോള്‍ ഫലമെന്താകുമെന്നു പേടിച്ചിരിക്കാതെ നന്നായി തയാറെടുപ്പ് നടത്തുക. ശരിയായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക." ആവശ്യത്തിനു ഭക്ഷണമില്ലാതെ തന്റെ പഠനകാലത്തിന്റെ നല്ലൊരു പങ്കു തള്ളി നീക്കിയിട്ടുള്ള സുദീക്ഷയ്ക്കു വിദ്യാർഥികളോടു പറയാനുള്ളത് ഇത്ര മാത്രം. 

More Campus Updates>>