Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിൽനിന്ന് കോണ്‍ഫറന്‍സിലേക്ക്

student അക്കാദമിക് കോണ്‍ഫറന്‍സുകളില്‍ ശ്രദ്ധവയ്ക്കുക. വിദഗ്ധരുമായി സമ്പർക്കം, ജേണലുകളിൽ ഇടം... നേട്ടങ്ങൾ പലത്

ക്ലാസ് മുറികൾക്കപ്പുറം എന്ത് അറിവു നേടി – ഇന്നു മിക്കപ്പോഴും ഉദ്യോഗാർഥികൾ അഭിമുഖീകരിക്കുന്ന ചോദ്യം. പഠനകാലത്തു പങ്കെടുത്ത അക്കാദമിക് കോൺഫറൻസുകളും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും അതിനുത്തരമാണ്. മുൻപ് ഗവേഷണ വിദ്യാർഥികൾ മാത്രമാണ് അക്കാദമിക് കോൺഫൻസുകളിൽ പങ്കെടുത്തതെങ്കി‍ൽ ഇന്നു ഡിഗ്രി തലം അവസരമുണ്ട്.

 അറിവിന്റെ സംഗമം

ഓരോ വിഷയത്തിലും ലോകത്തുണ്ടാകുന്ന ഏറ്റവും പുതിയ അറിവുകളാണ് അക്കാദമിക് കോൺഫറൻസുകളിൽ മാറ്റുരയ്ക്കപ്പെടുന്നത്. വിദ്യാർഥികൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാം. ജൂറിയുടെ സൂക്ഷ്മ വിലയിരുത്തലുമുണ്ടാകും. ഇത്തരം പ്രബന്ധങ്ങൾ അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്. അവ നമ്മുടെ പേരിലുണ്ടെങ്കിൽ ജോലി തേടുമ്പോൾ അതു സഹായകമാകും.

ഏറ്റവും വലിയ നേട്ടം വിദഗ്ധരുമായുള്ള സമ്പർക്കമാണ്. കോഴ്സിനു ശേഷം ഉപരിപഠനവും ജോലിയുമടക്കമുള്ള കാര്യങ്ങളിൽ ഈ ബന്ധങ്ങൾ വഴികാട്ടും.

നിലവാരം നോക്കാം

കോൺഫറൻസുകളിൽ പങ്കെടുക്കുന്നതിനു മുൻപ് സംഘടിപ്പിക്കുന്നത് ആരാണെന്നു മനസ്സിലാക്കണം. അറിയപ്പെടുന്ന പ്രഫഷനൽ സംഘടനകൾ (ഉദാ. ഐഇഇഇ, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്) നടത്തുന്ന കോൺഫറൻസുകളിൽ ധൈര്യമായി പങ്കെടുക്കാം. പല കോളജുകളിലും സർവകലാശാലാ കേന്ദ്രങ്ങളിലും മികച്ച കോൺഫറൻസുകൾ നടക്കുന്നുണ്ട്. പങ്കെടുക്കുന്ന വിദഗ്ധരുടെ പട്ടിക നോക്കിയും നിലവാരം മനസ്സിലാക്കാനാകും. പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേണലുകളുടെ നിലവാരവും പരിശോധിക്കാം.

ഹേഗിലെ കോൺഫറൻസ് വഴി മലാവിയിലൊരു ദൗത്യം

എറണാകുളം ഗവ. ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥി അനാമിക കൃഷ്ണന് ഒരു നിയമ കോൺഫറൻസിൽ പങ്കെടുക്കുക വഴി ലഭിച്ചതു വലിയ ദൗത്യമാണ്; മലാവി എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ വിവരാവകാശ നിയമം ശക്തമാക്കാനുള്ള ഗവേഷണം.

മലാവിയിലെ പുതിയ വിവരാവകാശ നിയമത്തിലെ പഴുതുകൾ അടച്ചു ശക്തമാക്കാൻ ഫ്ലെച്ചർ ടെംപോ എന്ന നിയമവിദഗ്ധനെ സർക്കാർ നിയമിച്ചിരുന്നു. 2017 ഒക്ടോബറിൽ നെതർലൻഡ്സിലെ ഹേഗിൽ നടന്ന കോൺഫറൻസിൽ ഏഷ്യയെ പ്രതിനിധീകരിച്ച് അനാമിക പ്രബന്ധം അവതരിപ്പിച്ചപ്പോൾ ഫ്ലെച്ചർ ടെംപോ അവിടെയുണ്ടായിരുന്നു.   അനാമികയെ ഫ്ളെച്ചർ സഹായത്തിനു  ക്ഷണിച്ചു. ശമ്പളമില്ലെങ്കിലും പഠനത്തിലും നിയമ ഗവേഷണത്തിലും മുതൽക്കൂട്ടാകുന്ന ഓഫർ.  ഗവേഷണത്തിൽ ഓൺലൈനായാണു പങ്കെടുക്കുന്നത്.

വയനാട് കോട്ടവയൽ സ്വദേശികളായ സി.കൃഷ്ണന്റെയും യമുന കെ.ബാബുവിന്റെയും മകളാണ് അനാമിക.

 എങ്ങനെ കണ്ടെത്താം

ഏതു കോഴ്സ് പഠിക്കുന്നവർക്കും പങ്കെടുക്കാവുന്ന കോൺഫറൻസുകൾ ലോകമെമ്പാടുമുണ്ട്. കണ്ടെത്തണമെന്നു മാത്രം. കോളജുകളിൽ വരുന്ന അറിയിപ്പുകളിൽ നിന്നോ അധ്യാപകരിൽ നിന്നോ മനസ്സിലാക്കാം. ഇന്റർനെറ്റാണു മറ്റൊരു പ്രധാനപ്പെട്ട മാർഗം.

പ്രഫഷനൽ സംഘടനകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ 

കൂടാതെ കോൺഫറൻസ് അറിയിപ്പുകൾ വരുന്ന മറ്റു ചില

വെബ്സൈറ്റുകൾ ചുവടെ:

www.conferencealerts.com

www.allconferencealerts.com

www.elsevier.com/events 

(എൻജിനീയറിങ്, സയൻസ് വിഷയങ്ങൾ മാത്രം)

www.armacad.info

www.10times.com