Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ മാനേജ്മെന്റ് പഠിച്ചാൽ ഗുണം കിട്ടുമോ?

hotel-management

ചോദ്യം: നീറ്റ് ഫലം വന്നതോടെ മെഡിക്കൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. പ്ലസ്ടുവിനു മാത്‌സ് പഠിക്കാത്തതു കാരണം എൻജിനീയറിങ്ങിനും ചേരാൻ വയ്യ. സാധാരണ ബിഎസ്‌സിയിൽ താൽപര്യമില്ല. നല്ല ജോലിസാധ്യതയുള്ള മറ്റു വഴി വല്ലതുമുണ്ടോ? 

എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി മുതലായവയിലെപ്പോലെ സങ്കീർണ പഠനവിഷയങ്ങളില്ലാതെ മികച്ച കരിയറിനു വഴിയൊരുക്കുന്ന കോഴ്സാണു ഹോട്ടൽ മാനേജ്മെന്റ്. ഹോട്ടലുകളിൽ മാത്രമല്ല, ആശുപത്രികൾ, കപ്പലുകൾ, എയർലൈനുകൾ, വൻകിട വ്യവസായസ്‌ഥാപനങ്ങൾ തുടങ്ങിയവയിലും അവസരങ്ങൾ ലഭിക്കും. തിയറി പഠനത്തേക്കാൾ മുൻതൂക്കം പ്രാക്ടിക്കലിനാണ്. ഫ്രണ്ട് ഓ‌ഫിസ്, ഫുഡ് പ്രൊഡക്‌ഷൻ, ഹൗസ് കീപ്പിങ്, ഫുഡ് & ബവ്‌റിജസ് സർവീസ്, പ്രിസർവേഷൻ, ഹൈജീൻ & സാനിറ്റേഷൻ എന്നിവയ്ക്കു പുറമേ ഈ പ്രഫഷന് അത്യാവശ്യം വേണ്ട അതിലളിതമായ എൻജിനീയറിങ്, അക്കൗണ്ടിങ്, മാനേജ്മെന്റ് എന്നിവയും പഠിക്കാനുണ്ട്. ആശയവിനിമയശേഷിയടക്കമുള്ള വ്യക്തിത്വവികസന പാഠങ്ങളുമുണ്ടാകും.

സ്വകാര്യമേഖലയിലടക്കം ദേശീയതലത്തിൽ അറുപതോളം  ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ ത്രിവത്സര ‘ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ബിഎസ്‌സി’ പ്രോഗ്രാമുണ്ട്. ‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കേറ്ററിങ് ടെക്‌നോളജി’ ജെഇഇ എന്ന പൊതുപരീക്ഷ വഴിയാണു പ്രവേശനം. 

ഇതനുസരിച്ചുള്ള കൗൺസലിങ് റൗണ്ടു‌കൾ കഴിഞ്ഞും ശേഷിക്കുന്ന സീറ്റുകളിലേക്കു സ്ഥാപനങ്ങൾക്കു നേരിട്ടു പ്രവേശനം നടത്താം. ഇതനുസരിച്ച്, ജെഇഇയിൽ റാങ്ക് മോശമായവരെയും ജെഇഇ എഴുതിയിട്ടില്ലാത്തവരെയും  ജൂലൈ 26 മുതൽ ഓഗസ്റ്റ് നാലു വരെ നേരിട്ടു പ്രവേശിപ്പിക്കാം. സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏ‌ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ശ്രമിക്കാം.

കേരളത്തിൽ നാലു സ്ഥാപനങ്ങളുണ്ട്

1. കേന്ദ്രമേഖലയിലെ കോവളം ഇൻസ്‌റ്റിറ്റ്യൂട്ട് (ഫോൺ: 0471 2480283)
2. കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട്
(ഫോൺ: 0495 2385861),
3. സ്വകാര്യമേഖല: മൂന്നാർ കേറ്ററിങ് കോളജ്
(ഫോൺ: 04868 249900)
4. സ്വകാര്യമേഖല: വയനാട് ലക്കിടി
ഓറിയന്റൽ സ്‌കൂൾ (04936 255716)

നാഷനൽ കൗൺസിലിന്റെ ഈ സ്കീമിൽപ്പെടാത്ത ധാരാളം സ്ഥാപനങ്ങളും പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. അവയിലും പ്രവേശനം നേടാമെങ്കിലും, അടിസ്ഥാന സൗകര്യങ്ങളും പ്ലേസ്മെന്റ് ചരിത്രവും തൃപ്തികരമെന്ന് നേരിട്ടു കണ്ട് ഉറപ്പാക്കണം.