Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സംരംഭകന്റെ 5 അനുഭവപാഠങ്ങൾ

varun-chandran-corporate-360 വരുൺ ചന്ദ്രൻ

വിദ്യാർഥികൾ ധാരാളമായി സ്റ്റാർട്ടപ് സംരംഭങ്ങളിലേക്കെത്തുന്ന കാലമാണിത്. പ്രചോദന കഥകളേറെ. സംഭവിക്കുന്ന അബദ്ധങ്ങളിൽ പോലും മറ്റുള്ളവർക്കുള്ള നല്ല പാഠങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് അനുഭപാഠങ്ങളാണിത്.


1. ഒറ്റയ്ക്കോ കൂട്ടായോ
പത്തു വർഷം ഐടി മേഖലയിൽ ജോലി ചെയ്ത ശേഷമാണു ഞാൻ സ്റ്റാർട്ടപ്പിലേക്കു തിരിഞ്ഞത്. ആദ്യം ഒരു സഹസ്ഥാപകനു വേണ്ടി തിരഞ്ഞു. സാങ്കേതിക വൈദഗ്ധ്യം, ഡൊമെയ്ൻ അറിവ്, പ്രതിബദ്ധത – എല്ലാം തികഞ്ഞ കൂട്ടാളിയെ കണ്ടെത്താനാകാതെ ഒറ്റയ്ക്കു കമ്പനി ആരംഭിച്ചു. ഡിജിറ്റൽ ഉള്ളടക്കം എഴുതി വെബ്സൈറ്റ് ആരംഭിച്ചു. ടീമിനെ കെട്ടിപ്പടുക്കുന്നതിനോടൊപ്പം ഉൽപന്നം വികസിപ്പിക്കുകയും സെയിൽസ് ക്യാംപെയ്ൻ നടത്തുകയും ചെയ്തു. ഏകദേശം മൂന്നു വർഷം, പ്രതിദിനം 18 മണിക്കൂർ ജോലി. ഇതൊരു സാമൂഹിക ആത്മഹത്യ പോലെയാണ്. ഏകാന്തതയും ഉത്കണ്ഠയുമേറും. എന്നാൽ ഈ കടമ്പകൾ തരണം  ചെയ്യുന്നതോടെ നിങ്ങൾ കൂടുതൽ ശക്തനാകും. ഒറ്റയ്ക്കൊരു സ്റ്റാർട്ടപ് ദൗത്യം ദുഷ്കരമാണെങ്കിലും അസാധ്യമല്ല. തുടക്കത്തിൽ തന്നെ കോ ഫൗണ്ടേഴ്‌സിനെ കണ്ടെത്താനായാൽ നല്ലത്.  അതേസമയം, ആശയവും അതിന്റെ നിർവഹണവും നല്ലതാണെങ്കിൽ ഒറ്റയ്ക്കും വിജയിക്കാം. 

2. ഫ്രീലാൻസിങ് കരുതലോടെ
ഒൻപതു മാസം ഒറ്റയ്ക്കു പ്രവർത്തിച്ചശേഷം കുറച്ചു വരുമാനമായപ്പോൾ, പ്രോഡക്ട് വിപുലീകരിക്കാനും കമ്പനി വെബ്സൈറ്റ് മെച്ചപ്പെടുത്താനും ഫ്രീലാൻസർമാരെ തേടി. സമ്മിശ്രമായിരുന്നു അനുഭവം. തികച്ചും പ്രഫഷനലായ ഫ്രീലാൻസർമാരെ കിട്ടുന്നതു ഭാഗ്യം പോലെയിരിക്കും. കാലതാമസം വരുത്തുന്നവരെയും പ്രതികരിക്കാത്തവരെയും നിലവാരം കുറഞ്ഞവരെയും നേരിടേണ്ടിവരാം. ഒപ്പം പ്രവർത്തിക്കാൻ മുഴുവൻ സമയ ടീമിനെ തന്നെ ആദ്യം വാർത്തെടുക്കണം.

3. സ്റ്റാർട്ടപ് ഇവന്റുകൾ
ബ്രാൻഡിങ്, നെറ്റ്‌വർക്കിങ്, പിആർ, ഫണ്ട് സമാഹരണം, പോളിസി സപ്പോർട്ട് എന്നിവയിൽ സ്റ്റാർട്ടപ്പുകൾക്കു ധാരാളം അവസരങ്ങൾ ലഭ്യമാണ്. സ്റ്റാർട്ടപ് കോൺഫറൻസുകളും ഹാക്കത്തണുകളും മിക്കപ്പോഴുമുണ്ട്. നഗരങ്ങളിൽ സ്റ്റാർട്ടപ് കോ വർക്കിങ് പ്രവർത്തനമേഖലകളുണ്ട്. പലപ്പോഴും യുവ സംരംഭകർ ഇത്തരം കൂട്ടായ്മകളിൽ മറ്റു സ്റ്റാർട്ടപ്പുകൾ എന്താണ് ചെയ്യുന്നതെന്നു നോക്കി മൽസരചിന്തയിൽ കുടുങ്ങുന്നു. സ്വന്തം ബിസിനസിനു പ്രസക്തമായതും പ്രബലരായ ഇടപാടുകാർ എത്തുന്നതുമായ സ്റ്റാർട്ടപ് സമ്മേളനങ്ങളിൽ മാത്രം പങ്കെടുക്കുക. മികച്ച റഫറൻസുകൾക്കും ഫണ്ടിങ്ങിനും സഹായകരമായ ആളുകളുമായി ബന്ധം സ്ഥാപിക്കാം. വ്യാജ മാർഗദർശകരിൽനിന്ന് അകന്നുനിൽക്കാം. 

varun-chandran-corporate-ceo-corporate-360 വരുൺ ചന്ദ്രൻ

4. വേണം, വൈകാരിക പക്വത
പ്രാപ്തിക്കുറവും പെരുമാറ്റപ്രശ്നങ്ങളും മൂലം ചില ടീമംഗങ്ങളെ ഒഴിവാക്കേണ്ടതായി വരാം. ചില ക്ലയന്റുകൾ വിലപേശലിന്റെ ഭാഗമായി നമ്മെ നിരുത്സാഹപ്പെടുത്താനും ബിസിനസ് ആശയത്തെ നിസാരമായി ചിത്രീകരിക്കാനും ശ്രമിക്കും. അവരുടെ താൽപര്യങ്ങൾക്കു പ്രയോജനപ്പെടുന്നില്ലെങ്കിൽ നമ്മെ അവർ കാര്യമാക്കില്ല. എല്ലായിടത്തും സ്വന്തം നിലപാടുകൾ തെളിയിക്കാൻ ശ്രമിക്കേണ്ടതില്ല. സന്ദർഭോചിത അവഗണനകളും ആവശ്യം. 

ceo-corporate-360-varun-chandran വരുൺ ചന്ദ്രൻ

5. രാജ്യാന്തര ടീം രൂപീകരണം
നാലു രാജ്യങ്ങളിലായി ഒരു ആഗോള ടീമിനെ സൃഷ്ടിച്ചപ്പോൾ എന്റെ ജോലിക്കു വേഗമേറി; പ്രവർത്തനച്ചെലവും കുറഞ്ഞു. ടൈം സോൺ വ്യത്യാസങ്ങൾ, ആശയവിനിമയ വിടവ്, സാംസ്കാരിക വ്യത്യാസങ്ങൾ, പ്രകടന പോരായ്മകൾ തുടങ്ങിയവ ഒരു റിമോട്ട് ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ അങ്ങേയറ്റം സമ്മർദം ഉണ്ടാക്കാം. മികച്ച തൊഴിൽ സംസ്കാരവും പ്രഫഷനൽ നേതൃ ശേഷികളും വികസിപ്പിക്കുന്നതിലാണ് ഒരു രാജ്യാന്തര ടീമിന്റെ വിജയം. 

നമ്മുടെ വിജയം നാം തന്നെ നിർവചിക്കുക. സ്വയം വിശ്വസിക്കുക. താരതമ്യം ഒഴിവാക്കുക. 

(സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ ഓഫിസുകളുള്ള കേരളത്തിലെ കോർപറേറ്റ് 360 എന്ന B2B സെയിൽസ് ടെക് കമ്പനിയുടെ മേധാവിയാണു ലേഖകൻ)