Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിപ്പിക്കാൻ നാസ്കോം

computer

ഐടി മേഖലയിൽ എട്ട് ഡിസ്റപ്ടീവ് സാങ്കേതികവിദ്യകൾക്ക് ഊന്നൽ നൽകിയാണ് ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം ഫ്യൂച്ചർ സ്കിൽസ് എന്ന ഓൺലൈൻ നൈപുണ്യ വികസനപദ്ധതി രൂപപ്പെടുത്തിയത്. നാൽപതു ലക്ഷത്തോളം പ്രഫഷനലുകളുടെയും വിദ്യാർഥികളുടെയും നൈപുണ്യം വികസിപ്പിക്കാനുള്ള പദ്ധതിയിലെ പുതിയ ചുവടുവയ്പ് റോബട്ടിക് പ്രോസസ് ഓട്ടമേഷനിലാണ്. ഇന്ത്യൻ ഐടി മേഖലയ്ക്ക് ഓട്ടമേഷന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നിർണായക മുന്നേറ്റം. 

സംയുക്ത പദ്ധതി
റോബട്ടിക് പ്രോസസ് ഓട്ടമേഷനിലെ അതികായൻമാരായ ഓട്ടമേഷൻ എനിവയറുമായി ചേർന്നാണു നാസ്കോമിന്റെ പദ്ധതി. ഇതു പ്രകാരം ഓട്ടമേഷൻ എനിവയറിന്റെ പഠനസാമഗ്രികൾ ഉപയോഗിക്കാനുള്ള അവസരം ഫ്യൂച്ചർ സ്കിൽസിൽ ചേർന്നിട്ടുള്ളവർക്കു ലഭിക്കും. റോബട്ടിക് പ്രോസസ് ഓട്ടമേഷനെക്കുറിച്ച് അടിസ്ഥാന ധാരണ, കേസ് സ്റ്റഡികൾ, പ്രായോഗിക പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഓട്ടമേഷൻ എനിവെയറിന്റെ സർട്ടിഫിക്കേഷൻ ലഭിക്കും. കരിയർ വളർച്ചയ്ക്ക് ഏറെ സഹായം ചെയ്യുന്നതാണ് ഈ സർട്ടിഫിക്കേഷൻ. നിലവിലെ പ്രശസ്തമായ ആർപിഎ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഓട്ടമേഷൻ എനിവെയർ. 

ഒട്ടേറെ അവസരങ്ങൾ
വരും വർഷങ്ങളിൽ കമ്പനികളുടെ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ ചലനങ്ങളുണ്ടാക്കാൻ പോകുന്ന സാങ്കേതികവിദ്യയായിട്ടാണ് ആർപിഎ വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക ഇടപാടുകളുടെ റെക്കോർഡ് തയാറാക്കൽ മുതൽ കസ്റ്റമർ കെയർ, കോൾ സെന്റർ സേവനങ്ങൾ തുടങ്ങിയവയിൽ വരെ പ്രോഗ്രാം ചെയ്ത റോബട്ട് സോഫ്റ്റ്‌വെയറുകൾ അണിനിരക്കും. 

സാധാരണ ഓട്ടമേഷനിൽ നിന്നു വ്യത്യസ്തമായി മാറ്റങ്ങൾ അറിയാനും അതു പഠിക്കാനുമുള്ള കഴിവ് ആർപിഎയെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഇന്ത്യയിൽ ഈ രംഗത്ത് ഒരു നിശബ്ദ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നുവർഷത്തിനിടെ 2.90 – 3.20 ലക്ഷം തൊഴിലവസരങ്ങൾ ഇന്ത്യയിൽ ലഭ്യമാകുമെന്നാണു നാസ്കോമിന്റെ കണക്കുകൂട്ടൽ. ഭാവിയിൽ ഈ മേഖലയിൽ ഇന്ത്യ ഒരു ഹബ്ബായി മാറുമെന്നും വിലയിരുത്തപ്പെടുന്നു. സിലിക്കൺവാലി കമ്പനിയായ എഡ്കാസ്റ്റും നാസ്കോം പദ്ധതിയുമായി സഹകരിക്കുന്നു. 

വനിതകൾക്കായി W2RT പദ്ധതി
ഐടി, പ്രോഡക്ട്, ആർ & ഡി, ബിപിഎം മേഖലയിലുള്ള കമ്പനികളിലെ വനിതാ പ്രഫഷനലുകളെ ഉന്നത നേതൃത്വനിരയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടു നാസ്കോമും ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്നു പദ്ധതി. വിമൻ വിസാഡ്സ് റൂൾ ടെക് (W2RT) എന്നാണു പദ്ധതിയുടെ പേര്. വിവരങ്ങൾ പങ്കുവയ്ക്കൽ, മാർഗനിർദേശം, നൈപുണ്യവികസനം, പ്രായോഗികപരിശീലനം എന്നിവ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു.

More Campus Updates>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.