Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡോബിയും ഗോൾഡ്മാൻ സാക്സും കാലിക്കറ്റിൽ

Thumbs up green light

വർഷം 40 ലക്ഷം രൂപ ശമ്പള ഓഫറുമായി അഡോബി, 31 ലക്ഷത്തിന്റെ ഓഫറുമായി മറ്റൊരു ഡ്രീം കമ്പനി ഗോൾഡ്മാൻ സാക്സ്... പ്ലേസ്മെന്റ് സീസൺ അക്ഷരാർഥത്തിൽ ആഘോഷിക്കുകയാണ് എൻഐടി കാലിക്കറ്റ്. ഈ വർഷം പഠനം പൂർത്തിയാക്കിയ ബാച്ചിലെ 75 % വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ആയി. 

സാധാരണ കോളജുകളിൽ നിന്നു വ്യത്യസ്തമായി, ഇതിൽ ഭൂരിപക്ഷവും കോർ ബ്രാഞ്ച് പ്ലേസ്മെന്റുകളാണെന്നതു തിളക്കം കൂട്ടുന്നു. എത്തിയ 134 കമ്പനികളിലേറെയും സർവീസ് മേഖലയിലല്ല, പ്രോഡക്ട് മേഖലയിലുള്ളവയാണ്. കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ എൻഐആർഎഫ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവർക്) റാങ്കിങ്ങിൽ അൻപതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ ക്ഷീണം മറികടക്കുന്ന പ്രകടനമാണു കാലിക്കറ്റ് നടത്തിയത്. 

മിടുക്കരെ കൊത്താൻ വമ്പൻ കമ്പനികൾ
കഴിഞ്ഞ 12 വർഷത്തിനിടെ കോർ കമ്പനികൾ ഏറ്റവും മികച്ച ഓഫർ നൽകിയ വർഷമാണിത്. അഡോബിക്കും ഗോൾഡ്മാൻ സാക്സിനും പുറമെ സ്വകാര്യമേഖലയിലെ വമ്പന്മാരായ ഓറക്കിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, സിസ്കോ, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, എൻവിഡിയ എന്നിവയും മികച്ച ഓഫറുകൾ നൽകി. ബാങ്കിങ് മേഖലയിൽ ജെപി മോർഗൻ, ഡോയിഷ് ബാങ്ക്, സാമ്പത്തിക കൺസൽറ്റൻസി മേഖലയിൽ ഡിലോയിറ്റ് എന്നിവയായിരുന്നു മുന്നിൽ. കോർ കമ്പനികളായ അശോക് ലെയ്‌ലൻഡ്, എൽ ആന്‍ഡ് ടി, മാരുതി, ജനറൽ ഇലക്ട്രിക്കൽസ്, റിലയൻസ് എന്നിവയും പ്ലേസ്മെന്റ് നടത്തി.

പൊതുമേഖലാകമ്പനികളുടെ ഓഫറുകളും ശ്രദ്ധേയം. ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങൾ നേരിട്ടു പ്ലേസ്മെന്റ് നടത്താറുള്ളൂ. എച്ച്പിസിഎൽ, ഐഒസിഎൽ, ബിപിസിഎൽ എന്നീ കമ്പനികൾ എത്തിയത് എൻഐടിക്കു നേട്ടമാണ്.

കംപ്യൂട്ടർ സയൻസ‌ിന് നൂറിൽ നൂറ്
കംപ്യൂട്ടർ സയൻസിൽനിന്നു റജിസ്റ്റർ ചെയ്ത 108 വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ലഭിച്ചു. ഉയർന്ന ഓഫറുകളിൽ അധികവും ഈ ബ്രാഞ്ചിലാണ്. എംസിഎയിലും ഈ ട്രെൻഡ് പ്രകടമാണ്. 22 വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ലഭിച്ചു. ഐടി പ്രോഡക്ട് ബേസ്ഡ് കമ്പനികളിലാണു പ്ലേസ്മെന്റുകളിൽ അധികവും. 

ഇലക്ട്രോണിക്സ് (92.47 %), മെക്കാനിക്കൽ (77.8), ഇലക്ട്രിക്കൽ (73.3) വിഭാഗങ്ങളിലും മെച്ചപ്പെട്ട പ്ലേസ്മെന്റ് ലഭിച്ചു.

ഇന്റേൺഷിപ് വഴി പ്രീ പ്ലേസ്മെന്റ് ഓഫറും
പ്ലേസ്മെന്റ് മാത്രമല്ല, പെയ്ഡ് ഇന്റേൺഷിപ്പും എൻ‍ഐടി കാലിക്കറ്റിലെ വിദ്യാർഥികൾക്കുള്ള മികച്ച അവസരമാണ്. മൂന്നാം വർഷം മുതൽ മികച്ച വിദ്യാർഥികളെ പരിഗണിക്കും. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ 45,000 രൂപവരെ സ്റ്റൈപൻഡ് ലഭിച്ചിട്ടുണ്ടെന്ന് എൻഐടി പ്ലേസ്മെന്റ് സെൽ മേധാവി ഡോ.ടി.കെ.സുരേഷ്ബാബു പറയുന്നു. ഇവയിലധികവും പ്രീ പ്ലേസ്മെന്റ് ഓഫറുകളായി (പിപിഒ) മാറി ജോലി ലഭിക്കുകയും ചെയ്യുന്നു. ഇത്തവണ 99 പേർക്ക് പെയ്ഡ് ഇന്റേൺഷിപ് ലഭിച്ചു.

ബ്രാഞ്ചുകളിൽ കംപ്യൂട്ടർ സയൻസ്

പ്രധാന ബ്രാഞ്ചുകളിൽ ലഭിച്ച ശരാശരി വാർഷിക ശമ്പള ഓഫർ:

കംപ്യൂട്ടർ സയൻസ് : 12.5 ലക്ഷം രൂപ

ഇലക്ട്രോണിക്സ് : 8.85 ലക്ഷം

ഇലക്ട്രിക്കൽ : 7.56 ലക്ഷം

മെക്കാനിക്കൽ: : 6.5 ലക്ഷം

കെമിക്കൽ : 6.5 ലക്ഷം

സിവിൽ : 6.4 ലക്ഷം

30 ലക്ഷത്തിലേറെ അഞ്ചു പേർക്ക്
വർഷം പത്തു ലക്ഷം രൂപ മുതൽ ശമ്പള ഓഫർ ലഭിച്ചവർ 227. ഈ വർഷത്തെ ശരാശരി വാർഷിക പാക്കേജ് 8.5 ലക്ഷം രൂപ; കഴിഞ്ഞ വർഷത്തെക്കാൾ ഒരു ലക്ഷത്തിന്റെ വർധന. വിശദമായ കണക്ക് ഇങ്ങനെ:

30 ലക്ഷം + - അഞ്ച് 

25 ലക്ഷം - ആറ്

20 ലക്ഷം - 21

15 ലക്ഷം -  55 

10 ലക്ഷം - 140 

എട്ടു ലക്ഷം - 178 

ആറു ലക്ഷം - 350

അഞ്ചു ലക്ഷം - 422

More Campus Updates>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.