Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21ാം വയസിൽ 68 ലക്ഷം രൂപ ഫെലോഷിപ്

Aparna-krishnan

ബ്ലോക്ചെയിൻ എന്നു നാം കേട്ടുതുടങ്ങിയിട്ടേയുള്ളൂ. ആ മേഖലയിൽ ഗവേഷണത്തിന് അവസരം ലഭിച്ചിരിക്കുകയാണു പാലക്കാട് ശേഖരീപുരം സ്വദേശി അപർണ കൃഷ്ണന് (21). അതും ലോകമെങ്ങുമുള്ള ഗവേഷണ തൽപരരായ വിദ്യാർഥികൾ‌ സ്വപ്നം കാണുന്ന ഒരുലക്ഷം ഡോളറിന്റെ (ഉദ്ദേശം 68 ലക്ഷം രൂപ) തിയേൽ ഫെലോഷിപ്പോടെ (Thiel Fellowship). ഈ വർഷം ഫെലോഷിപ് ലഭിച്ച 20 പേരിലൊരാളാണു യുഎസിലെ ബെർക്‌ലി സർവകലാശാലയിൽ വിദ്യാർഥിയായ അപർണ.

ആദ്യമായല്ല അപർണ വാർത്തകളിൽ നിറയുന്നത്. ലോകത്തെ ആദ്യ ഓപ്പൺ സോഴ്സ് ബ്ലോക്ചെയിൻ റിസർച് ലാബായ ‘മെക്കാനിസം ലാബ്സ്’ ആരംഭിച്ചത് അപർണയും മൂന്നു കൂട്ടുകാരും ചേർന്നാണ്. ലോകത്തിന്റെ പല ഭാഗത്തുള്ളവർ ഇവിടെ സ്വതന്ത്ര ഗവേഷണം നടത്തുന്നു. 

ബ്ലോക്ചെയിൻ ലോകത്തേക്ക്
ഒമാനിലെ സ്കൂൾ കാലത്തു കണക്കിലായിരുന്നു കൂടുതൽ താൽപര്യം. കംപ്യൂട്ടർ സയൻസിൽ ബിരുദപഠനത്തിനെത്തിയ ബെർക്‌ലി സർവകലാശാലയിലെ അന്തരീക്ഷമാണ് അപർണയെ ബ്ലോക്ചെയിൻ ലോകത്തേക്കു നയിച്ചത്. 

ക്ലാസുകൾക്കു പുറത്തേക്ക് അന്വേഷണം നീണ്ടു. ബ്ലോക്ചെയിൻ, ക്രിപ്റ്റോകറൻസി സാങ്കേതികവിദ്യകൾ പഠിക്കാൻ മണിക്കൂറുകൾ ചെലവഴിച്ചു. ഈ മേഖലയിൽ കൂട്ടായ ഗവേഷണം നടക്കുന്നില്ലെന്നു മനസ്സിലാക്കിയപ്പോഴാണു സമാനതൽപരരായ മൂന്നു കൂട്ടുകാരുമായി ചേർന്നു ‘മെക്കാനിസം ലാബ്സ്’ ആരംഭിച്ചത്. 

വിദ്യാർഥിയും അധ്യാപികയും
ബെർക്‌ലി സർവകലാശാലയിൽ വിദ്യാർഥി മാത്രമല്ല, അധ്യാപികയുമായിരുന്നു അപർണ! സർവകലാശാലയിൽ ബ്ലോക്ചെയിൻ പഠന വിഭാഗം സ്ഥാപിച്ചയാളും നിലവിലെ അധ്യാപികയുമാണ്. യുഎസ് സർവകലാശാലകളിലെ രീതിയനുസരിച്ച് അധികൃതരുടെ അനുവാദത്തോടെ വിദ്യാർഥികൾക്കു തന്നെ പുതിയ കോഴ്സുകൾ ആരംഭിക്കാം. ബ്ലോക്ചെയിൻ മേഖലയിൽ സർവകലാശാലാ അംഗീകാരമുള്ള ഏറ്റവും വലിയ കോഴ്സാണു ബെർക്‌ലിയിലേത്. 

ബ്ലോക്ചെയിൻ സ്വപ്നങ്ങൾ
വിശ്വാസ്യതയുടെ പുത്തൻ രൂപമാണ് ബ്ലോക്ചെയിനെന്നു അപർണ പറയും.  ഇന്റർനെറ്റ് ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കാനുള്ള സാങ്കേതികവിദ്യ. പൂർണമായും ഡീസെൻട്രലൈസ് ചെയ്ത ‘തണ്ടർകോർ’ എന്ന ബ്ലോക്ചെയിനിലാകും ഫെലോഷിപ്പിന്റെ ഭാഗമായുള്ള ഗവേഷണം. മെക്കാനിസം ലാബ്സിന്റെ പ്രവർത്തനവും ഇതിനൊപ്പം നടക്കുന്നു. ബ്ലോക്ചെയിനിൽ സ്വതന്ത്ര ഗവേഷണങ്ങൾ നടത്തുന്നവരെ അപർണ മെക്കാനിസം ലാബ്സിലേക്കു ക്ഷണിക്കുന്നു. ശേഖരീപുരം സ്വദേശികളായ എസ്.ആർ. കൃഷ്ണന്റെയും അനുരാധയുടെയും മകൾ ഭാവിയുടെ സാങ്കേതികവിദ്യയിൽ സ്വന്തം മേൽവിലാസം എഴുതിച്ചേർക്കുന്നു. 

തിയേൽ ഫെലോഷിപ്
പഠനവും മെക്കാനിസം ലാബ്സുമായി മുന്നോട്ടുപോകുമ്പോഴാണ് അപർണ തിയേൽ ഫെലോഷിപ്പിനെക്കുറിച്ചറിയുന്നത്. പരമ്പരാഗത മട്ടിലുള്ള പിഎച്ച്ഡി ഫെലോഷിപ്പല്ല തിയേൽ.23 വയസ്സിനു താഴെ പ്രായമുള്ളവർക്കിടയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. തുക മാത്രമല്ല, മികച്ച ഗവേഷണസൗകര്യങ്ങളും തിയേൽ ഫെലോഷിപ്പിനെ വേറിട്ടുനിർത്തുന്നു. 

തിരഞ്ഞെടുപ്പിനു ടെസ്റ്റും ഇന്റർവ്യൂവും ഉൾപ്പെടെ വിവിധ ഘട്ടങ്ങൾ. കാഠിന്യമേറിയതെങ്കിലും ഏറ്റവും ആസ്വദിച്ച റൗണ്ട് അവസാനത്തേതായിരുന്നുവെന്ന് അപർണ പറയുന്നു. ഇന്റർവ്യൂകളുടെ പരമ്പര. എണ്ണപ്പെട്ട പ്രതിഭകളുമായുള്ള സമ്പർക്കം. ആ അനുഭവം തന്നെ ഏറെ വിലപ്പെട്ടതായി. 

രണ്ടുവർഷത്തെ ഗവേഷണത്തിനാണു ഫെലോഷിപ്. പക്ഷേ, ഈ സമയത്തു മറ്റു പഠനം പാടില്ല. ബെർക്‌ലിയിലെ പഠനത്തിൽനിന്നു രണ്ടുവർഷത്തെ ഇടവേളയെടുക്കാനാണു തീരുമാനം.

സാധ്യതകൾ: കൺസൽറ്റൻസി മുതൽ ഗവേഷണം വരെ
പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് പെൺകുട്ടികളെ കൂടുതൽ ശാക്തീകരിക്കുന്നു. ബ്ലോക്ചെയിൻ പോലുള്ള മേഖലകളിൽ എല്ലാവർക്കും തുല്യ അവസരമാണ്. ബ്ലോക്ചെയിൻ കരിക്കുലത്തിന്റെ ഭാഗമായതു തന്നെ എലൈൻ ഷി എന്ന വനിതാ പ്രഫസറുടെ ശ്രമഫലമായാണ്. 

ബ്ലോക്ചെയിൻ രംഗത്തു വലിയ അവസരങ്ങളാണു വരാനിരിക്കുന്നതെന്ന് അപർണ പറയുന്നു. പ്രധാനം ഇവ:

∙വലിയ കമ്പനികൾ ബ്ലോക്ചെയിനിനെ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്. അത്തരം കമ്പനികളിൽ കൺസൽറ്റന്റുകളാകാം. 

∙വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബ്ലോക്ചെയിൻ പഠിപ്പിക്കാം. 

∙ബ്ലോക്ചെയിൻ ആപ് ഡവലപ്പറാകാം.

∙പ്രോട്ടോക്കോൾ ഡവലപ്പറാകാം. ബിറ്റ്കോയിൻ പോലെ നിലവിലുള്ള പ്രോട്ടോക്കോളുകൾക്കു വേണ്ടി പ്രവർത്തിക്കാം, പുതിയവ തുടങ്ങാം.  

∙ഗവേഷണം നടത്താം. സ്വതന്ത്ര ഗവേഷണങ്ങളിൽ പങ്കാളിയാകാം. 

More Campus Updates>>