Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐഎമ്മിൽ കിട്ടാത്തതിന്റെ പേരിൽ മാനേജ്മെന്റ് പഠനം വേണ്ടെന്നുവയ്ക്കേണ്ട!

Author Details
543654936

ഐഐഎം - ‘ക്യാറ്റ്’(കോമൺ അഡ്മിഷൻ ടെസ്റ്റ്) എഴുതുന്ന എല്ലാവരുടെയും സ്വപ്നം. കടുത്ത മൽസരത്തിൽ ഈ ലക്ഷ്യം കൈവരിക്കുന്നവർ കുറച്ചു മാത്രം. ഐഐഎമ്മിൽ കിട്ടാത്തതിന്റെ പേരിൽ മാനേജ്മെന്റ് പഠനം തന്നെ വേണ്ടെന്നുവയ്ക്കുന്നവരുണ്ട്. എന്നാൽ ഇതു ശരിയായ തീരുമാനമാണോ ? ഐഐടികൾ ഉൾപ്പെടെ മറ്റു പല മികച്ച സ്ഥാപനങ്ങളും ‘ക്യാറ്റ്’ വഴി പ്രവേശനം നടത്തുന്നുണ്ട്. ഉയർന്ന ശമ്പളപാക്കേജും മികച്ച അക്കാദമിക് നിലവാരവും ഉറപ്പുനൽകുന്ന സ്ഥാപനങ്ങൾ തന്നെ. കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ റാങ്കിങ്ങിൽ (എൻഐആർഎഫ്) മുൻപിൽ വന്ന ചില സ്ഥാപനങ്ങളിതാ.

കളം പിടിക്കുന്ന ഐഐടികൾ‌

മാനേജ്മെന്റ് പഠനസ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ എല്ലാ വർഷവും മാറ്റം കാണാറുണ്ട്. ഐഐടി ബോംബെയിലെ ശൈലേഷ് ജെ. മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റ് ഇത്തവണ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. രണ്ടു മുൻനിര ഐഐഎമ്മുകളെയും അവർ പിന്തള്ളി. 10:1 വിദ്യാർഥി– അധ്യാപക അനുപാതം, മികച്ച അക്കാദമിക നിലവാരം, പ്ലേസ്മെന്റ് തുടങ്ങിയവയാണു നേട്ടത്തിനു കാരണം. കഴിഞ്ഞ വർഷത്തെ പ്ലേസ്മെന്റിൽ ലഭിച്ച ശരാശരി ഓഫർ വർഷം 15.5 ലക്ഷം രൂപ. വലിയ ഡിമാൻഡുള്ള ഇവിടെ പ്രവേശനം നേടിയവരുടെ ശരാശരി ക്യാറ്റ് പെർസെന്റൈൽ 98.3.

ഐഐടി ഖരഗ്പുരിലെ വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റിന് എൻഐആർഎഫിൽ ഏഴാം റാങ്കായിരുന്നു. ശരാശരി വാർഷിക ഓഫർ 13.5 ലക്ഷം രൂപ. റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ഐഐടി ഡൽഹി (15.5 ലക്ഷം), ഒൻപതാം സ്ഥാനത്തുള്ള ഐഐടി റൂർക്കി (പത്തു ലക്ഷത്തിലധികം), 17ാം സ്ഥാനത്തുള്ള ഐഐടി കാൺപുർ 8.5 ലക്ഷം) എന്നിവയൊക്കെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിനു വളക്കൂറുള്ള ഐഐടികളാണ്.

ഗുരുഗ്രാമിൽ എംഡിഐ

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എംഡിഐ) ‘നോൺ ഐഐഎം’ വിഭാഗത്തിലെ ‘ഹോട്ട് ഫേവറിറ്റ്’ ആണ്. 1973ൽ ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് എൻഐആർഎഫ് റാങ്കിങ്ങിൽ ഇത്തവണ 12ാം സ്ഥാനത്താണ്. പ്ലേസ്മെന്റ് നൂറു ശതമാനം. 2015–17 ബാച്ചിനു 17.5 ലക്ഷത്തിലധികം രൂപയായിരുന്നു ശരാശരി വാർഷികശമ്പള ഓഫർ. ക്യാറ്റ് സ്കോറിനു വലിയ പ്രാധാന്യം കൊടുക്കുന്ന പ്രവേശനരീതിയാണ് എംഡിഐ മുൻപു പിന്തുടർന്നിരുന്നതെങ്കിലും കുറച്ചുവർഷങ്ങളായി തൊഴിൽപരിചയം, ഇന്റർവ്യൂ, ജിഡി തുടങ്ങിയവയിലെ പ്രകടനവും നിർണായകം. 95–98 ആണു പ്രവേശനത്തിനു വേണ്ട ശരാശരി ക്യാറ്റ് സ്കോർ.

 മുംബൈയിൽ എൻഐടിഐഇ

ഇൻഡസ്ട്രിയൽ എൻജിനീയറിങ് രംഗത്തെ മുൻനിര ക്യാംപസായ മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലെ (എൻഐടിഐഇ) മാനേജ്മെന്റ് കോഴ്സുകളും ശ്രദ്ധേയം. പിജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ മാനേജ്മെന്റിന് 97– 98, പിജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻവയൺമെന്റൽ മാനേജ്മെന്റിന് 87–90 എന്നിങ്ങനെ ക്യാറ്റ് സ്കോർ വേണം.പ്ലേസ്മെന്റ് 95 ശതമാനത്തോളം; ശരാശരി വാർഷികശമ്പളം പതിനഞ്ചുലക്ഷത്തിനടുത്ത്.

ഡൽഹിയിൽ എഫ്എംഎസ്

എൻഐആർഎഫ് റാങ്കിങ്ങിൽ‌ ഇത്തവണ ഇല്ലെങ്കിലും  ഡൽഹി സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് (എഫ്എംഎസ്) വിദ്യാർഥികളുടെ മുൻഗണനാക്രമത്തിൽ വളരെ മുന്നിലാണ്. കഴിഞ്ഞ വർഷം സ്ഥാപനത്തിന്റെ വാർഷിക ശരാശരി പ്ലേസ്മെന്റ് പാക്കേജ് ഇരുപതു ലക്ഷത്തിലധികമായിരുന്നു. ക്യാറ്റ് സ്കോർ 98 ന് അടുത്ത് നേടുന്നവരാണ് സ്ഥാപനത്തിൽ പ്രവേശനം നേടാറ്.