സിവിയിൽ എഴുതാം, സന്നദ്ധ പ്രവർത്തനം

ജീവരക്ഷയ്ക്കുള്ള അഭ്യർഥനകൾ രക്ഷാസംഘങ്ങളെ അറിയിക്കുന്നതു മുതൽ ദുരിതബാധിതരുടെ കണക്കെടുക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ... പ്രളയദുരന്തത്തിന്റെ അതിജീവനത്തിൽ ചെറുപ്പക്കാരുടെയും വിദ്യാർ‌ഥികളുടെയും പ്രഫഷനലുകളുടെയും സന്നദ്ധപ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ ലാഭക്കണ്ണോടെയല്ല ചെയ്യേണ്ടതെങ്കിലും ഒരു കാര്യം ഓർക്കുക. സിവിയിൽ ഇത്തരം കാര്യങ്ങളും പരാമർശിക്കാവുന്നതാണ്. നമ്മുടെ സാമൂഹിക കാഴ്ചപ്പാടും പ്രതിബദ്ധതയും കമ്പനികൾ കൂടി അറിയട്ടെ. വ്യക്തികളെന്ന നിലയിൽ നമ്മെ കൂടുതൽ മനസ്സിലാക്കാനുള്ള അവസരമായാകും തൊഴിൽദാതാക്കൾ ഇതിനെ കാണുക. 

പ്രവർത്തനം നടത്തിയ കാലയളവ്, നേട്ടങ്ങൾ എന്നിവയെല്ലാം കൃത്യമായി സിവിയിൽ പരാമർശിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം– കാര്യങ്ങൾ പെരുപ്പിച്ചു പറയാതിരിക്കുക. ഈ ടെക് യുഗത്തിൽ പറയുന്നതു സത്യമോ നുണയോ എന്നറിയാൻ അത്ര ബുദ്ധിമുട്ടില്ലെന്നും ഓർക്കുക. 

‘പ്രമുഖ കമ്പനികൾക്കെല്ലാം സാമൂഹികപ്രതിബദ്ധതാ പദ്ധതികളുണ്ട്. ഉദ്യോഗാർഥികളുടെ സന്നദ്ധസേവന പ്രവർത്തനങ്ങളെ അവർ പോസിറ്റീവായാണു കാണുന്നത്.’ പ്രകാശ് പി. നായർ  ഗ്ലോബൽ ഹെഡ് (ഹ്യൂമൻ റിസോഴ്സസ്) സൺടെക് ബിസിനസ് സൊല്യൂഷൻസ് ടെക്നോപാർക്ക്, തിരുവനന്തപുരം