Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണം ഡിജിറ്റൽ സാക്ഷരത!

reading

സെപ്റ്റംബർ 8, രാജ്യാന്തര സാക്ഷരതാ ദിനമായി ആഘോഷിക്കപ്പെടുന്നു. ഇതു സാക്ഷരതാ നിരക്കിലെ മെച്ചപ്പെടൽ ഉയർത്തിക്കാട്ടുന്നതിനും ലോകത്തിലെ സാക്ഷരതാ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നതിനും സർക്കാരുകൾക്കും പൗരസമൂഹങ്ങൾക്കുമുള്ള അവസരമാണ്. ഈ വർഷത്തെ ചിന്താവിഷയം ‘സാക്ഷരതയും നൈപുണ്യ വികസനവും’ ആണ്. പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും, സാക്ഷരതാ വെല്ലുവിളികൾ നിലനിൽക്കുന്നതിനോടൊപ്പം ജോലിക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളുടെ ആവശ്യകത വർധിക്കുകയും ചെയ്യുന്നു. സാക്ഷരതയിലൂടെ വൈദഗ്ധ്യ വികസനം, ജനങ്ങളുടെ ജീവിതവും ജോലിയും മെച്ചപ്പെടുത്താനുള്ള ഏകീകൃത സമീപനം എന്നിവയാണ് ലക്ഷ്യം വെയ്ക്കുന്നത്.

ഇന്ത്യയിലെ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാസമ്പന്നരെന്നു സ്വയം അഭിമാനിക്കുമ്പോഴും ഈ നേട്ടത്തിന് പ്രാദേശികമായ തൊഴിൽ - സാമ്പത്തിക പുരോഗതിയിൽ കാര്യമായി മാറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. എഴുതാനും വായിക്കാനും അറിയാവുന്ന ഒരാളെ സാക്ഷരനായി കണക്കാക്കുകയാണ് നമ്മുടെ പതിവ്. എന്നാൽ ഇതാണോ സമ്പൂർണ സാക്ഷരതയുടെ ഉദ്ദേശ്യം എന്നു ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് സാമൂഹിക പുരോഗതിക്കു ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയണം. സാക്ഷരതയുടെ അടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ വർധിക്കുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയും ചെയ്യുമ്പോഴാണ് അതിന്റെ യഥാർഥ ഫലമുണ്ടാവുന്നത്.

കേരളത്തിന്റെ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വലിയ ഫാക്ടറികളുടെ ആഗമനം തടയുന്നു. എന്നാൽ നമുക്കു ശക്തമായ ഒരു മനുഷ്യ വിഭവ സ്രോതസ്സുണ്ട്, അത് പ്രയോജനപ്പെടുത്തി പുതിയ ബിസിനസ് സംരംഭങ്ങളും നൂതന ആശയങ്ങളും പടുത്തുയർത്തണം. വിമർശനാത്മക ചിന്ത, യുക്തിപരമായ ചിന്ത, നൂതനമായ ചിന്ത (ക്രിട്ടിക്കൽ തിങ്കിങ്) എന്നിവയിലുള്ള കഴിവ് വർധിക്കണം. റിസ്ക് എടുക്കാൻ താൽപര്യപ്പെടാതെ ഒഴിഞ്ഞുമാറി സുരക്ഷിതരായി നിൽക്കാൻ ആഗ്രഹിക്കുന്ന അവസ്ഥ മാറണം. മറ്റു വികസിത രാജ്യങ്ങളിലെപ്പോലെ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും പൊതുവായ പുരോഗതി വരുത്താൻ സാധിക്കുന്നെങ്കിൽ മാത്രമേ സാക്ഷരത കൊണ്ട് പ്രയോജനം ഉണ്ടാകൂ. വായിക്കാനും എഴുതാനും അറിയുന്നതു കൊണ്ടു മാത്രം ജീവിതത്തിൽ വിജയിക്കണമെന്നില്ല. പുസ്തകങ്ങളിൽനിന്ന് നേടുന്ന അറിവ് പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം.

നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ പ്രായോഗിക അറിവിനു പ്രാധാന്യം വർധിപ്പിക്കണം. നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസരീതി കുട്ടികളുടെ പഠനശേഷിയിലെ വ്യത്യാസങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ കൂട്ടാക്കാതെ എല്ലാ കുട്ടികളെയും തുല്യമായി പരിഗണിക്കുകയും ഒരേ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. മനഃപാഠം പഠിച്ച് റാങ്ക് നേടാൻ പ്രേരിപ്പിക്കുന്ന സംസ്കാരം മാറണം. മറിച്ച് അറിവു പ്രവൃത്തിയാക്കി രൂപാന്തരപ്പെടുത്താനുള്ള കഴിവു കൂടി നേടിയെടുക്കാനുള്ള പ്രേരണ നൽകാം. വ്യവസായങ്ങളിലെ മാറ്റങ്ങളേൃെയും അവ സൃഷ്ടിക്കുന്ന തൊഴിൽരീതികളെയും അടിസ്ഥാനമാക്കി സിലബസ് ആനുകാലികമായി നവീകരിക്കേണ്ടത് അനിവാര്യമാണ്. 

വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത പൂർണമായും നാം നേടിയോ എന്നത് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇന്റർനെറ്റിന്റെ വിശാലസാധ്യതകളുടെ ബോധവത്കരണം, തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ടിവിറ്റി, താങ്ങാവുന്ന വിലയുള്ള സ്മാർട്ട് ഫോൺ - ലാപ്ടോപ് കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലഭ്യത എന്നിവ വഴി ഒരു ഡിജിറ്റൽ സാക്ഷരതാ വിപ്ലവം തന്നെ സാധിക്കും.   

കേരളത്തെ സമ്പൂർണ സാക്ഷരതയുള്ള നാട് എന്നു പറയുന്നതിനോടൊപ്പം തൊഴിലധിഷ്ഠിത മേഖലയിലുണ്ടാകുന്ന പുരോഗതിയും നാം ഗൗരവമായെടുക്കേണ്ടതുണ്ട്. യുവജനങ്ങൾ സാക്ഷരതയ്ക്കൊപ്പം പുരോഗമന ചിന്ത ഉള്ളവരായും മാറണം. അങ്ങിനെയെങ്കിൽ രാജ്യത്തിന്റെ ഉന്നമനത്തിൽ വലിയ പങ്കു വഹിക്കാൻ കേരളത്തിനാകും.

അതിനായി നമുക്ക് എന്തൊക്കെ ചെയ്യാം.

1) വിദ്യാഭ്യാസത്തെ മനഃപാഠമാക്കി വെയ്ക്കാതെ ബിസിനസ്സ് - തൊഴിൽ മേഖലയിൽ എന്തു സ്വാധീനം ചെലുത്താൻ കഴിയുമെന്നു മനസിലാക്കുക. Learn, Unlearn & Relearn 

2) ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുക  

3) സൃഷ്ടിപരമായ ചിന്തയ്ക്കു വഴിയൊരുക്കുക. പ്രാഥമിക വിദ്യാഭ്യാസ കാലത്തു തന്നെ സ്വന്തമായി പ്രോജക്ട്, പരീക്ഷണങ്ങൾ, എന്നിവ ചെയ്യാൻ കുട്ടികളെ സജ്ജമാക്കുക. ഇത് കുട്ടികളിലെ ക്രിയാത്മക ഉണർത്തും. പുതിയ ബിസിനസ് ആശയങ്ങൾ ഉടലെടുക്കും.

4) റിസ്ക് ഏറ്റെടുക്കാൻ സജ്ജരാവുക. എന്നാൽ മാത്രമേ പുതിയ സംരംഭങ്ങളും തൊഴിൽ മേഖലകളും സൃഷ്ടിക്കപ്പെടൂ.

5) വിദേശ രാജ്യങ്ങളിൽ പോയി നേടുന്ന വിദ്യാഭ്യാസ - തൊഴിൽ പരിജ്ഞാനം രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കാൻ പ്രേരണ നൽകുക.

6) പുസ്തങ്ങളിൽനിന്ന് നേടുന്ന അറിവുകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുക.

More Campus Updates>>