Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐടിയിൽ നിയമം പഠിച്ചു, റാങ്കും നേടി

ananthu

ഐഐടി ഖരഗ്പുരിൽനിന്നു സ്വർണ മെഡലും ഒന്നാം റാങ്കും. പക്ഷേ ബിടെക്കും എംടെക്കുമല്ല, പഠിച്ചത് എൽഎൽഎം. സ്പെഷലൈസേഷനായ ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോയെക്കുറിച്ചു ചോദിക്കുമ്പോൾ അനന്തു എസ്. ഹരിയുടെ മറുപടിയിൽ ആറന്മുളക്കണ്ണാടിയും ചേന്ദമംഗലം കൈത്തറിയുമൊക്കെ കടന്നുവരും.

കോട്ടയം ടു ഖരഗ്പുർ
രണ്ടു വർഷം മുൻപു കോട്ടയം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എൽഎൽബി പഠിക്കവേ മലയാള മനോരമ കരിയർ ഗുരുവിലാണ് അനന്തു ഐഐടികളിലെ നിയമ പഠനത്തെക്കുറിച്ചു വായിച്ചത്. ഐഐടി ഖരഗ്പുരിൽ എൽഎൽഎമ്മിനു ചേർന്നതങ്ങനെ.

ഐഐടിയിലെ നിയമപഠനം വ്യത്യസ്തം. ടെക്നോളജി രംഗത്തെ പേറ്റന്റുകളും ട്രേഡ്മാർക്കുകളും പഠിക്കാനുണ്ടായിരുന്നു. വിദേശ വിദഗ്ധരും ക്ലാസുകളെടുക്കുന്നു. നമ്മുടെ വിഷയത്തിൽ ലോകത്തെതന്നെ മുൻനിര വ്യക്തികളുമായി ബന്ധപ്പെടാൻ കഴിയുന്നു.

ഭൗമസൂചികാ പഠനം
എൽഎൽഎം രണ്ടാം വർഷം ഗവേഷണം മാത്രം. ഭൗമസൂചികാ പദവിയായിരുന്നു (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ) അനന്തു തിരഞ്ഞെടുത്ത വിഷയം. അതുമായി ബന്ധപ്പെട്ടു കേരളത്തിലെത്തി അത്തരം ഉൽപന്നങ്ങളെക്കുറിച്ചു പഠിച്ചു. 

ഇതേ വിഷയത്തിൽ കേന്ദ്ര മാനവശേഷി വകുപ്പിന്റെ ഫെലോഷിപ്പോടെ ഖരഗ്പുരിൽ തന്നെ പിഎച്ച്ഡിക്കു ചേർന്നിരിക്കുകയാണ് ഇപ്പോൾ. എൽഎൽഎം കഴിയുന്നവരെ കാത്ത് മറ്റു സാധ്യതകളുമുണ്ട്. ട്രേഡ്മാർക്ക്, പേറ്റന്റ് നിയമരംഗത്തു വിദഗ്ധരാകാം. ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്‌ലേറ്റ് ബോർഡുൾപ്പെടെയുള്ള കേന്ദ്ര സ്ഥാപനങ്ങളിലും അവസരങ്ങളുണ്ട്.

കായംകുളം ചെട്ടികുളങ്ങര സ്വദേശികളായ അഡ്വ. പി.ആർ. ഹരികുമാറിന്റെയും ഷൈലജയുടെയും മകനാണ് അനന്തു. സഹോദരി ലക്ഷ്മി.

അപേക്ഷ ജനുവരിയിൽ
ഐഐടി ഖരഗ്പുരിൽ എൽഎൽഎമ്മിനു ജനുവരിയിലാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്തുപരീക്ഷ വഴി തിരഞ്ഞെടുപ്പ്. നിശ്ചിത സീറ്റില്ല. കട്ട് ഓഫ് മാർക്കിനു മുകളിലുള്ളവരെ മാത്രം പരിഗണിക്കും. ക്രിമിനൽ ലോ, കോർപറേറ്റ് ലോ തുടങ്ങിയ സ്പെഷലൈസേഷനുകളുമുണ്ട്. ത്രിവൽസര എൽഎൽബിയും ഇവിടെയുണ്ട്.

More Campus Updates>>