Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിടെക്കിൽ നല്ല ജോലി കിട്ടിയില്ലേ? ആ ലക്ഷ്യം പൂർത്തീകരിച്ചാലോ?

Author Details
confident

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) റജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ ഒന്നുവരെ നീട്ടിയിട്ടുണ്ട്. മുൻനിര ക്യാംപസുകളിൽ എംടെക് അഡ്മിഷനും പ്രമുഖ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കേഡർ ജോലികൾക്കും മികച്ച ഗേറ്റ് സ്കോർ ആവശ്യമാണ്. 

പഠിപ്പിക്കാൻ മാത്രമല്ല എംടെക്
ആദ്യമൊക്കെ അധ്യാപനത്തിനുള്ള യോഗ്യതയെന്ന നിലയിൽ  മാത്രമാണ് എംടെക് ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാൽ ഇതിനൊപ്പംതന്നെ ഏറെ വ്യാവസായിക തൊഴിലവസരങ്ങളും എംടെക് നൽകുന്നുണ്ട്. ബിടെക്കിനു പ്രതീക്ഷിച്ച പ്ലേസ്മെന്റ് നേടാൻ കഴിയാത്തവർക്കു മികച്ച സർവകലാശാലകളിൽ പഠിച്ച് ഉയർന്ന പ്ലേസ്മെന്റ് കരസ്ഥമാക്കാൻ ഗേറ്റ് വഴിയുള്ള എംടെക് വഴിയൊരുക്കുന്നു. ശരാശരി കോളജുകളിൽ ബിടെക് പഠിച്ചവർക്ക് എൻഐടിയെങ്കിലും ലക്ഷ്യമിടാം; എൻഐടിക്കാർക്ക് ഐഐടിയും.

ഉന്നത സ്ഥാപനങ്ങളുടെ മെച്ചം
2016-17ലെ പ്ലേസ്മെന്റ് കണക്കുകൾ പരിശോധിച്ചാലോ... ഐഐടി മദ്രാസിൽ 347 പിജിക്കാർക്കാണു പ്ലേസ്മെന്റ് ലഭിച്ചത്. ശരാശരി വാർഷിക ശമ്പളം 9 ലക്ഷം രൂപ. ഐഐടി കാൺപുരിൽ 11.5 ലക്ഷം, ബോംബെയിലും ഖരഗ്പുരിലും 8 ലക്ഷം, ഡൽഹിയിൽ 8.75 ലക്ഷം എന്നിങ്ങനെയായിരുന്നു ഓഫർ

ഇതേ കാലയളവിലെ എൻഐടി പ്ലേസ്മെന്റിലും സമാന ട്രെൻ‌ഡ് കാണാം. എൻഐടി ട്രിച്ചിയിൽ 317 പിജിക്കാർക്കു പ്ലേസ്മെന്റ് ലഭിച്ചു. ശരാശരി വാർഷിക ശമ്പളം 5.75 ലക്ഷം. കോഴിക്കോട് എൻഐടിയിൽ 189 പേർ‌; ശരാശരി ഓഫർ 7.75 ലക്ഷം.

വമ്പൻ പാക്കേജുകളും കുറവല്ല. കോഴിക്കോട് എൻഐടിയിൽ 2011–13 ബാച്ച് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ടിജോ ജോസിനു ഗൂഗിളിൽ പ്ലേസ്മെന്റ് ലഭിച്ചതുപോലെ ശ്രദ്ധേയ ഉദാഹരണങ്ങൾ ഏറെ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‌
1. തിരഞ്ഞെടുപ്പ്: ജോലി കിട്ടിയില്ലെങ്കിൽ ഏതെങ്കിലുമൊരു എംടെക് എന്നു കരുതരുത്. കൃത്യമായ പ്ലാനിങ്ങോടെ മാത്രം കോഴ്സ് തിരഞ്ഞെടുക്കുക. ഇൻഡസ്ട്രി സ്വഭാവമുള്ളതും ഗവേഷണ ആഭിമുഖ്യം കൂടുതലുള്ളതുമായ കോഴ്സുകളുണ്ട്. ഇക്കാര്യം പരിഗണിക്കണം.

2. സ്ഥാപനങ്ങൾ: എവിടെ പഠിക്കുന്നു എന്നതു നിർണായകമാണ്. പ്ലേസ്മെന്റ് സാധ്യത കൂടുതലുള്ള സ്ഥാപനങ്ങൾക്കു മുൻഗണന നൽകുക.

3. ഗവേഷണം: ഉന്നത സ്ഥാപനങ്ങളിൽ തന്നെ പ്ലേസ്മെന്റ് സാധ്യത കുറഞ്ഞതും കൂടിയതുമായ കോഴ്സുകളുണ്ടാകും. മുൻകാല പ്ലേസ്മെന്റ് റെക്കോർഡുകൾ, പൂർവവിദ്യാർഥികളോടുള്ള ആശയവിനിമയം, ക്വോറ പോലുള്ള ഓൺലൈൻ ഫോറങ്ങൾ എന്നിവ ഇക്കാര്യത്തിൽ അന്വേഷണത്തിനു സഹായകമാകും.

More Campus Updates>>