Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ രംഗത്തെ അറിഞ്ഞിരിക്കേണ്ട കരിയർ സാധ്യതകള്‍

dental-care

മനുഷ്യ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി അടുത്തിടപഴകുകയും അവർക്കു സാന്ത്വനം പകരുകയും ആശ്വാസം നൽകുകയും ചെയ്യുന്ന ഒരു പ്രഫഷനാണു മെഡിക്കൽ രംഗം. അതുകൊണ്ടു തന്നെ ഒരു ഡോക്ടർക്ക് സമൂഹത്തിൽ ഏറെ സ്വീകാര്യതയും മാന്യതയും ലഭിച്ചുവരുന്നു. മെഡിക്കൽ പഠനത്തിനായി അവസരങ്ങൾ തേടുമ്പോൾ പ്രഥമ പരിഗണന എംബിബിഎസിനായിരിക്കും. അവരവരുടെ അഭിരുചിക്കനുസരിച്ച് ആയുർവേദ, ഹോമിയോ രംഗത്ത് കരിയർ കെട്ടിപ്പടുക്കാം. മെഡിക്കൽ വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടത് രക്ഷിതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലമായിട്ടാകരുത്. ഡോക്ടറാവാൻ തയാറാകുന്നവരിൽ അനിവാര്യമായ അഭിരുചി നിർണായകമാണ്. ഡോക്ടറും നഴ്സുമല്ലാതെയും മെഡിക്കൽ രംഗത്ത് തിരഞ്ഞെടുക്കാൻ അനേകം കരിയർ സാധ്യതകളുണ്ട്. 

∙ഡെന്റൽ മെക്കാനിക് & ഡെന്റൽ ഹൈജീനിസ്റ്റ്
ദന്തരോഗങ്ങള്‍ കണ്ടെത്താനും മറ്റും ഡെന്റിസ്റ്റിനെ സഹായിക്കുന്നവരാണ് ഡെന്റൽ മെക്കാനിക്ക്. പല്ലുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഡെന്റൽ സെറാമിക്സ് ഉണ്ടാക്കുന്നതിലും ക്ലിനിക്കിൽ കൂടുതൽ ദന്തചികിത്സാ സൗകര്യം ഒരുക്കുന്നതിലും ഡെന്റൽ മെക്കാനിക്കിന്റെ സേവനം ആവശ്യമാണ്. ആശുപത്രികൾ, നഴ്സിങ് ഹോം, ക്ലിനിക്, ഡെന്റൽ സെറാമിക് ഏജൻസികൾ, പൊതുജനാരോഗ്യ മേഖല, സായുധസേനകൾ എന്നീ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്. രണ്ടു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്രവേശനം നേടാൻ പ്ലസ്ടു സയൻസിന് 50% മാർക്കുണ്ടാകണം. 

ദന്താശുപത്രികളിലും ക്ലിനിക്കുകളിലും ഇന്ന് ഏറെ ഒഴിവുകളുള്ള ഒരു പോസ്റ്റ് ആണ് ഡെന്റൽ ഹൈജീനിസ്റ്റ്. ദന്ത ഡോക്ടറെ സഹായിക്കുക, ദന്ത ചികിത്സാ വേളയിൽ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക, കൃത്രിമ പല്ലുകൾ നിർമിക്കുക, പല്ലുകളുടെ എക്സ്റേ എടുക്കുക, മാക്സിലോ ഫേഷ്യൽ സർജറിയിൽ ഡോക്ടറെ സഹായിക്കുക എന്നീ ദൗത്യങ്ങളാണ് ഡെന്റൽ ഹൈജീനിസ്റ്റിന്റേത്. രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സിന് ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ അപേക്ഷ ക്ഷണിക്കും. ബയോളജി, െകമിസ്ട്രി, ഫിസിക്സ് വിഷയങ്ങളിൽ പ്ലസ്ടുവിന് 50% ത്തിൽ കുറയാതെ മാര്‍ക്ക് നേടിയവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 45% മാർക്ക് മതി. കേരളത്തിൽ തിരുവനന്തപുരം ഡെന്റൽ കോളജിൽ ഈ കോഴ്സ് നടത്തുന്നുണ്ട്. 

ഡെന്റൽ മെക്കാനിക്, ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സുകളുള്ള കേരളത്തിലെ സ്ഥാപനങ്ങൾ (ബ്രാക്കറ്റിൽ ആകെ സീറ്റുകൾ).

Dental Mechanic: 
Dental Wing. Government Medical College, Thiruvananthapuram-635001. Ph: 0471- 444092 (5 Seats)
Dental College, Government Medical College, Kozhikode – 673008 Ph: 0462 2356781 (10 Seats)

Dental Hygienists:
Dental Wing. Government Medical College, Thiruvananthapuram-635001. Ph: 0471- 444092 (10 Seats)

∙ഡെന്റൽ അസിസ്റ്റന്റ്
ഡെന്റൽ ഹൈജീനിലുള്ള ഡിപ്ലോമയും സംസ്ഥാനതല റജി സ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ യുണ്ടാകും. 

വിലാസം :

Christian Medical College, Thorapudi P.O. Vellore, Tail Nadu – 632 002.

Phone: 0416-2284255

∙പെർഫ്യൂഷൻ ടെക്നോളജി
ഹൃദയം– ശ്വാസകോശം സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട കോഴ്സാണ് പെർഫ്യൂഷൻ ടെക്നോളജി. ഇത്തരം അസുഖങ്ങളുമായി ബന്ധപ്പെട്ട യന്ത്രങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് പെർഫ്യൂഷൻ ടെക്നോളജിസ്റ്റുകളാണ്. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലും കാർഡിയാക് യൂണിറ്റുകളിലുമാണ് പെർഫ്യൂഷൻ ടെക്നോളജിസ്റ്റുകള്‍ക്ക് ജോലി സാധ്യതയുള്ളത്. ഹൃദയം തുറന്നു ശസ്ത്രക്രിയ നടക്കുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തം പമ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് പെർഫ്യൂഷൻ ടെക്നോളജി സ്റ്റുകളാണ്. 

മംഗലാപുരം ഫാ. മുള്ളേഴ്സ് മെഡിക്കൽ കോളജ്, ബൽഗാം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ്, ബാംഗ്ലൂർ നാരായണ ഹൃദയാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജ് എന്നിവയാണ് ബിഎസ് സി പെർഫ്യൂ ഷൻ ടെക്നോളജി കോഴ്സ് നടത്തുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ. പ്ലസ്ടു സയൻസിൽ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 50% മാര്‍ക്കോടെ വിജയിച്ചവർക്കാണു പ്രവേശനം.

കേരളത്തിൽ തിരുവനന്തപുരം, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പിജി കോഴ്സും നടത്തുന്നുണ്ട്.

ശ്രീചിത്രയിലെ പിജി ഡിപ്ലോമ കോഴ്സിന് ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടൊപ്പം ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സോ അല്ലെങ്കിൽ നഴ്സിങ് ബിരുദമോ ആണ് പ്രവേശന യോഗ്യത. അമൃതയിലെ എംഎസ്‍സി കോഴ്സിനു ബിഎസ്‍സി ബിരുദമാണ് യോഗ്യത. 

∙ഡയാലിസിസ് ടെക്നോളജി
വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്ന രക്തശുദ്ധീകരണ പ്രക്രിയയാണ് ഡയാലിസിസ്. ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും ഡയാലിസിസ് ചെയ്യുന്ന രീതിയെ സംബന്ധിച്ചുമുള്ള പഠനമാണു ഡയാലിസിസ് ടെക്നോളജി. ഡോക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നല്‍കുന്നത് ഡയാലിസിസ് ടെക്നോളജിസ്റ്റുകളാണ്. ഡയാലിസിസ് ചെയ്യുന്ന വേളകളിലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വേളകളിലും രോഗികളുടെ ശുശ്രൂഷയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൈകാര്യവും ഡയാലിസിസ് ടെക്നോളജിസ്റ്റുകളുടെ ചുമതലയാണ്. ഈ വിഭാഗത്തിൽ ഡിപ്ലോമ, പിജി. പിജി ഡിപ്ലോമ കോഴ്സുകളാണ് നിലവിലുള്ളത്. ഡിപ്ലോമ കോഴ്സുകൾ രണ്ടുവർഷം ദൈർ ഘ്യമുള്ളതാണ്. ആദ്യവർഷത്തിൽ സിലബസ് അനുസരിച്ചുള്ള പഠനവും തുടർപരീക്ഷയ്ക്ക് ശേഷം രണ്ടാം വർഷത്തിൽ ഇന്റേൺഷിപ്പും ഉണ്ടാകും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് ഈ കോഴ്സുകൾ സർക്കാർ തലത്തിലുള്ളത്. ചില സ്വാശ്രയ സ്ഥാപനങ്ങളും ഈ കോഴ്സുകൾ നടത്തുന്നുണ്ട്. 

ഒരു വർഷത്തെ തിയറി ക്ലാസുകളും ഒരുവർഷത്തെ നിർബന്ധ ഇന്റേൺഷിപ്പും അടങ്ങിയ പിജി ഡിപ്ലോമ ഇൻ ഡയാലിസിസ് തെറപ്പി കോഴ്സ് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റിയിലും നടത്തുന്നുണ്ട്. വെല്ലൂരിൽ എട്ടുപേർക്കും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ അഞ്ചു പേർക്കുമാണ് പ്രവേശനം. ശാസ്ത്ര വിഷയങ്ങളിൽ 50% ല്‍ കൂടുതൽ മാർക്കോടെ ബിരുദം കരസ്ഥമാക്കിയ വർക്കും ബിഎസ്‍സി നഴ്സിങ് പാസായവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പിജി ഡിപ്ലോമ ഇൻ ഡയാലിസി സ്െടക്നീഷ്യൻ ട്രെയിനിങ് കോഴ്സ് നടത്തുന്നുണ്ട്. രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് സയൻസ് വിഷയങ്ങളിലുള്ള ബിരുദമാണ് പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയിലൂടെ ഓരോ വർഷവും 3 വിദ്യാർഥികൾക്കാണ് ഈ കോഴ്സ് ചെയ്യാനുള്ള അവസരം ലഭിക്കുക. 

കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എംഎസ്‍സി ഡയാലിസിസ് തെറപ്പി കോഴ്സ് നടത്തുന്നുണ്ട്. മൂന്നു വർഷം ദൈർഘ്യമുള്ളതാണ് കോഴ്സ്. വൈദ്യശാസ്ത്ര സംബന്ധമായ വിഷയങ്ങളിലോ നഴ്സിങ്ങിലോ ബിരുദം നേടിയവർക്കാണു പ്രവേശനം ലഭിക്കുക. 

∙ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്മെന്റ്
പരിസ്ഥിതി സംരക്ഷണത്തിന് ഇന്നു പ്രാധാന്യം വർധിച്ചിരിക്കുന്നു. ആശുപത്രി മാലിന്യങ്ങളുടെ തോത് കുറയ്ക്കുകയെന്ന ആവശ്യം പ്രായോഗികമല്ലാത്തപ്പോൾ പിന്നെ അത് എങ്ങനെ ശാസ്ത്രീയ മാർഗങ്ങളിലൂടെ നവീന സാങ്കേതികത്വം ഉപയോഗിച്ച് സംസ്കരിക്കാം എന്നതായി ശാസ്ത്രലോകത്തിന്റെ ചിന്ത. ഈ ആശയത്തിൽ നിന്നാണ് ഹെൽത്ത് കെയര്‍ വേസ്റ്റ് മാനേജ്മെന്റ് പിറവിയെടുത്തത്. ആശുപത്രി മാലിന്യങ്ങളെ സുരക്ഷിതമായി എങ്ങനെ ശേഖരിക്കാമെന്നും ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് എങ്ങനെ കൊണ്ടുപോകാമെന്നും ജനോപകാരപ്രദമായി എങ്ങനെ നിർമാർജനം ചെയ്യാമെന്നും ശാസ്ത്രീയപരമായി അപഗ്രഥിക്കുന്ന വിഷയമാണ് ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്മെന്റ്.

ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്മെന്റ് വിഷയത്തിൽ കോഴ്സ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. ഓരോ സ്റ്റഡിസെന്ററിലും 30 വിദ്യാർഥികൾക്കു വീതം അഡ്മിഷൻ നൽകുന്നു. ആറുമാസം കാലവധിയുള്ള ഈ കോഴ്സ് രണ്ടു കൊല്ലത്തിനുള്ളിൽ പാസാകേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റി. അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റി, എന്നി വിടങ്ങളിൽ സമാനവിഷയങ്ങളിൽ കോഴ്സുകൾ നടത്തുന്നുണ്ട്. 

More Campus Updates>>