Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐടി മാത്രമല്ല അഡ്വാൻസ്ഡ്

Author Details
campus

ഇന്ത്യയിലെ ഏറ്റവും ഉന്നത എൻജിനീയറിങ് പ്രവേശനപരീക്ഷ, ജെഇഇ മെയിൻസ് വിജയിക്കുന്നവർക്കു മാത്രം എഴുതാൻ പറ്റിയ പരീക്ഷ...ഒട്ടേറെ വിശേഷണങ്ങളുണ്ട് ജെഇഇ അ‍ഡ്വാൻസ്ഡിന്. ഉയർന്ന നിലവാരത്തിലുള്ള സിലബസും മൽസരസ്വഭാവവും പുലർത്തുന്ന പരീക്ഷ വിദ്യാർഥികളുടെ ഹോട്ട് ഫേവറിറ്റ് ആയതിന് ഒറ്റക്കാരണമാണുള്ളത്. രാജ്യത്തെ ഉന്നത സാങ്കേതിക സ്ഥാപനങ്ങളായ ഐഐടികളിലേക്കുള്ള പ്രവേശനവാതിൽ ഈ പരീക്ഷ വഴിമാത്രം. പഴയതും പുതിയതുമായ 23 ഐഐടികളോടൊപ്പം ചില ഇതര‌ ഇൻസ്റ്റിറ്റ്യൂട്ടുകളും ജെഇഇ അഡ്വാൻസ് വഴി പ്രവേശനം നടത്തുന്നുണ്ട്. ഇവ ഏതൊക്കെയാണ്? എന്താണിവയുടെ മെച്ചം?‌

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിനു പ്രത്യേകിച്ചു പരിചയപ്പെടുത്തലുകൾ ആവശ്യമില്ല.1909ൽ ജെ.എൻ.ടാറ്റ തുടങ്ങിയ ഐഐഎസ്‌സി പ്രസിദ്ധമായ ക്യുഎസ് സർവകലാശാലാ റാങ്കിങ്ങിൽ 170 സ്ഥാനത്താണ്. നാൽപതിലധികം ഡിപ്പാർട്മെന്റുകൾ,നാലായിരത്തിലധികം വിദ്യാർഥികളും 429 ഫാക്കൽട്ടി അംഗങ്ങളും.മാനവവിഭവശേഷി വകുപ്പിന്റെ ആധികാരിക റാങ്കിങ്ങായ എൻഐആർഎഫ് പട്ടികയിൽ സ്ഥാപനം ഒന്നാം സ്ഥാനത്താണ്.

ഗവേഷണപ്രാധാന്യമുള്ള സ്ഥാപനമായതിനാൽ ബിരുദകോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ ഉപരിപഠനം തിരഞ്ഞെടുക്കുന്ന ട്രെൻ‌ഡ‍ാണ് ക്യാംപസിൽ. ചുരുക്കം പേർ പ്ലേസ്മെന്റ് തിരഞ്ഞെടുക്കാറുണ്ട്. ഇവരുടെ വാർഷിക ശരാശരി ശമ്പളം, കഴിഞ്ഞവർഷം 12 ലക്ഷം രൂപയായിരുന്നു. ഗവേഷണത്തിനോട് ആഭിമുഖ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ക്യാംപസുകളിൽ ഒന്നാണ് ഐഐഎസ്‌സി.അഡ്വാൻസ്ഡ് കൂടാതെ ജെഇഇ മെയിൻ, കെവിപിവൈ തുടങ്ങിയ സ്ട്രീമുകളിലൂടെയും പ്രവേശനം ലഭിക്കും. www.iisc.ac.in

ഐസറുകൾ
അടിസ്ഥാന ശാസ്ത്രമേഖലയിലെ പ്രിമീയർ സ്ഥാപനങ്ങളായ ഐസറുകളിൽ ബിഎസ്–എംഎസ് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്കുള്ള പ്രവേശനം അഡ്വാൻസ്ഡ് വഴിയാണ്.മൊഹാലി,കൊൽക്കത്ത,ഭോപാൽ,പുണെ, ബെരാംപുർ, തിരുപ്പതി,തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇവ.പ്രതിവർഷം ആയിരത്തിലധികം വിദ്യാർഥികൾ  പ്രവേശനം നേടുന്നുണ്ട്.ശാസ്ത്രമേഖലയിലെ ഉന്നതഗവേഷണത്തിനു വിദ്യാർഥികളെ ഒരുക്കുക എന്നതാണു പ്രധാനലക്ഷ്യം.അതിനാൽ തന്നെ പ്ലേസ്മെന്റിനപ്പുറം ഉപരിപഠനത്തിനാണു സ്ഥാപനം ശ്രദ്ധ പുലർത്തുന്നത്. അഡ്വാൻസ്ഡ് പരീക്ഷയിൽ പതിനായിരത്തിനുള്ളിൽ റാങ്ക് നേടുന്നവർക്കാണ് അവസരം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി
ആന്ധ്രയിലെ വിശാഖപട്ടണത്തു സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പെട്രോളിയം മേഖലയിൽ വൈദഗ്ധ്യം നേടിയവരെ സൃഷ്ടിക്കാൻ ഉന്നമിട്ടു സ്ഥാപിച്ചതാണ്.ഒഎൻജിസി, ഐഓസിഎൽ,ഗെയ്ൽ,ഒഐഎൽ,എച്ച്പിസിഎൽ തുടങ്ങിയ പ്രമുഖ പെട്രോളിയം കമ്പനികളുടെ സഹകരണത്തിലാണു പ്രവർത്തനം.2016 മുതൽ ഇവിടെ വിദ്യാർഥികൾ പ്രവേശിച്ചുതുടങ്ങി.

പെട്രോളിയം എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ് എന്നീ രണ്ടു സ്ട്രീമുകളിലാണു പ്രവേശനം.ടെക്സസ്, ഹൂസ്റ്റൺ സർവകലാശാലകളുമായി ഗവേഷണം, ഫാക്കൽറ്റി എക്സ്ചേഞ്ച് എന്നീ മേഖലകളിൽ സ്ഥാപനം ധാരണയായിട്ടുണ്ട്. നിലവിൽ ആന്ധ്ര സർവകലാശാലയുടെ ക്യാംപസാണു സ്ഥാപനം ഉപയോഗിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളിലെ കുറവും, ആദ്യബാച്ച് പുറത്തിറങ്ങാത്തതിനാൽ പ്ലേസ്മെന്റിനെക്കുറിച്ചു ധാരണയില്ലാത്തതും സ്ഥാപനം തിരഞ്ഞെടുക്കുന്നതി‍ൽ നിന്നു പല വിദ്യാർഥികളെയും പിന്തിരിപ്പിക്കാറുണ്ട്.15000–20000 വരെ അഡ്വാൻസ്ഡ് റാങ്ക് ലഭിക്കുന്നവരാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്.  പെട്രോളിയം, ഊർജം എന്നീ മേഖലകളിൽ താൽപര്യമുള്ളവർക്ക് പരിഗണിക്കാവുന്ന കോളജാണ് ഐഐപിഇ.www.iipe.ac.in

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി
ഉത്തർ പ്രദേശിലെ അമേഠിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം മെക്കാനിക്കൽ, കെമിക്കൽ വിഭാഗങ്ങളിൽ ബിടെക് കോഴ്സ് നൽകുന്നു.ബിപിസിഎൽ, ഇന്ത്യൻ ഓയിൽ,എച്ച്പി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ,ഹാൽദിയ , അദാനി, ഷെൽ തുടങ്ങിയ സ്വകാര്യമേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളും ഇവിടത്തെ പ്ലേസ്മെന്റിൽ പങ്കെടുത്തിട്ടുണ്ട്.8000–10000 റാങ്കിലുള്ളവരാണു പ്രധാനമായും ഇവിടെ പ്രവേശനം നേടുന്നത്. സ്റ്റൈപൻഡുള്ള ഇന്റേൺഷിപ് ട്രെയിനിങ് ഇവിടത്തെ മെച്ചമാണ്.www.rgipt.ac.in

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി
തിരുവന്തപുരത്തു സ്ഥിതി ചെയ്യുന്ന ഐഐഎസ്ടി പ്രധാനമായും ബഹിരാകാശമേഖലയെയാണ് ഉന്നം വയ്ക്കുന്നത്.എയ്റോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സിൽ സ്പെഷലൈസേഷനോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ വിഷയങ്ങളിലുള്ള ബിടെക്കാണ് ഇവിടെ നൽകപ്പെടുന്നത്.എൻജിനീയറിങ് ഫിസിക്സ് അടിസ്ഥാനമാക്കിയുള്ള ബിടെക്–എംഎസ്/എംടെക് ഡ്യൂവൽ ഡിഗ്രിയും ഇവിടെയുണ്ട്. മൊത്തം 150 സീറ്റുകൾ‌.

എൻഐആർഎഫ് റാങ്കിങ്ങിൽ 23ാം സ്ഥാനത്താണ് ഐഐഎസ്ടി.
എയ്റോസ്പേസ് എൻജിനീയറിങ്(64–53), ഇസി –ഏവിയോണിക്സ് (60–52),ഡ്യൂവൽ ഡിഗ്രി(60–54) എന്നിങ്ങനെയായിരുന്നു മുന്‍വർഷം ഇവിടെ പ്രവേശനത്തിനു വേണ്ടിവന്ന ജെഇഇ അഡ്വാൻസ്ഡ് സ്കോർ പെർസന്റേജുകൾ. ഐഎസ്ആർഓയിലേക്കു നേരിട്ടുള്ള പ്ലേസ്മെന്റ് സൗകര്യമാണ് ഐഐഎസ്ടിയുടെ ഏറ്റവും വലിയ സവിശേഷത.മറ്റു സ്വകാര്യ കമ്പനികളിലേക്കും അവസരങ്ങളുണ്ട്.www.iist.ac.in

More Campus Updates>>