Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ്: ഓൺലൈൻ അപേക്ഷ 30 വരെ

532629895

ദേശീയതലത്തിൽ എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിനായി മേയ് അഞ്ചിനു നടത്തുന്ന ‘നീറ്റ്–യുജി 2019’ (നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ്: അണ്ടർ ഗ്രാജുവേറ്റ് 2019) എന്ന പൊതുപരീക്ഷ എഴുതാൻ https://ntaneet.nic.in എന്ന സൈറ്റിൽ നവംബർ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇത്തവണ പരീക്ഷാ ചുമതല നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (www.nta.ac.in). 

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) എല്ലാ കേന്ദ്രങ്ങളിലെയും പുതുച്ചേരി / കാരയ്ക്കൽ ജിപ്മെറിലെയും പ്രവേശനത്തിനു പ്രത്യേകം അപേക്ഷിക്കണം. 15% അ‌ഖിലേന്ത്യാ ക്വോട്ട, കേന്ദ്രീയ സർവകലാശാലകൾ, എഎഫ്എംസി മുതലായവ സംബന്ധിച്ച വിവരങ്ങൾക്ക് www.mohfw.gov.in, www.mcc.nic.in എന്നീ  സൈറ്റുകളും യഥാസമയം നോക്കാം.

അപേക്ഷാ ഫീ 1400 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപ. സർവീസ്/  പ്രോസസിങ് ചാർജ്, 18% ജിഎസ്ടി എന്നിവയും നൽകണം. ഡിസംബർ ഒന്നു വരെ പണമടയ്ക്കാം. സമർപ്പിച്ച അപേക്ഷയിൽ തെറ്റു വന്നുപോയാൽ ജനുവരി 14 മുതൽ 31 വരെ ഓൺലൈനായി തിരുത്താം. ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ‍ഡ‍ൗൺലോഡ് ചെയ്യാം. പരീക്ഷാഫലം ജൂൺ അഞ്ചിന്.

പരീക്ഷയ്ക്ക് കടലാസും പേനയും ഉപയോഗിച്ചുള്ള ഒരു പേപ്പർ. മെയ് അഞ്ചിന് 2 മുതൽ 5 വരെ. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ യഥാക്രമം 45 / 45 / 90 എന്ന ക്രമത്തിൽ ആകെ 180 ഒബ്‌ജക്‌റ്റിവ് ചോദ്യങ്ങൾക്ക് 180 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തിരഞ്ഞെടുക്കേണ്ട രീതി. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്‌ക്കും. ഇംഗ്ലിഷടക്കം 11 ഭാഷകളിൽ ചോദ്യങ്ങൾ; മലയാളമില്ല. ബുള്ളറ്റിനിൽ സിലബസുണ്ട്. കേരളത്തിൽ 12 പരീക്ഷാകേന്ദ്രങ്ങൾ.സംശയപരിഹാരത്തിന് ഇ–മെയിൽ: neetug-nta@nic.in; ഫോൺ: 8076535482 / 7703859909.

പ്രവേശന യോഗ്യത
ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി) എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം, പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40% മാർക്ക് മതി. ചില വിശേഷവൈകല്യമുള്ളവർക്ക് 45 ശതമാനവും.  ഇപ്പോൾ 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം; ആദ്യ റൗണ്ട് കൗൺസലിങ് വേളയിൽ മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതി.  

2019 ഡിസംബർ 31ന് 17 വയസ്സു തികഞ്ഞിരിക്കണം.  പരീക്ഷാദിവസം 25 വയസ്സു കവിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 30 വരെയാകാം. എൻആർഐ, ഒസിഐ, പിഐഒ വിഭാഗക്കാർക്കും അപേക്ഷിക്കാം.

കേരളത്തിലെ പ്രവേശനത്തിൽ ഇവിടുത്തെ സംവരണക്രമം പാലിക്കും. പക്ഷേ 15% അ‌ഖിലേന്ത്യാ ക്വോട്ടയിൽ കേന്ദ്ര മാനദണ്ഡപ്രകാരം പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 15 / ഏഴ‌ര / 27 / 5 ശതമാനം സീറ്റുകൾ സംവരണം ചെയ്‌തിട്ടുണ്ട്.

More Campus Updates>>