Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴിമലയിൽ സൗജന്യ ബിടെക്കും നേവിയിൽ ജോലിയും

ezhimala-navy-academy

ഏഴിമലയിലെ നേവൽ അക്കാദമിയിൽ നിന്നു ബിടെക് നേടി നാവികസേനയിൽ സ്‌ഥിരം കമ്മിഷൻഡ് ഓഫിസറാകാൻ ആൺകുട്ടികൾക്ക് അവസരം. ഓൺലൈൻ അപേക്ഷ നവംബർ 22 വരെ. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു 12–ാം ക്ലാസിൽ മൊത്തം 70 % മാർക്ക് വേണം; പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50 % മാർക്കും. ജനനത്തീയതി 2000 ജനുവരി രണ്ടിനു മുൻപോ 2002 ജൂലൈ ഒന്നിനു ശേഷമോ ആകരുത്. 157 സെന്റിമീറ്റർ ഉയരം, തക്ക തൂക്കം,നല്ല ആരോഗ്യം എന്നിവ വേണം. 6/6, 6/6 ക്രമത്തിലേക്ക് കണ്ണട വച്ചു ശരിപ്പെടുത്താവുന്ന തരത്തിൽ 6/6, 6/9 തോതിലെങ്കിലും വേണം കാഴ്‌ച. വർണാന്ധതയോ   നിശാന്ധതയോ പാടില്ല.

വിശദനിർദേശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.joinindiannavy.gov.in എന്ന വെബ് ൈസറ്റിലെ Current Events – 10+2 B Tech – Jul 2019 ലിങ്കുകൾവഴി പോകുക. 

തിരഞ്ഞെടുപ്പ്
2018 ജെഇഇ മെയിൻ (ബിടെക്) ദേശീയറാങ്ക് നോക്കി, പ്രാഥമിക സിലക്‌ഷൻ നടത്തി, മികവുള്ളവരെ  ജനുവരി – ഏപ്രിൽ കാലയളവിൽ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. കോയമ്പത്തൂർ, ബെംഗളൂരു, ഭോപാൽ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിലാകും ഇന്റർവ്യൂ. ഇതു കേവലം മുഖാമുഖ പരീക്ഷയല്ല. അഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന സമഗ്രവ്യക്‌തിത്വ പരിശോധനയാണ്. കായിക–മാനസിക ശേഷികൾ, മനോഭാവം, യുക്‌തിചിന്ത, പ്രസംഗവൈഭവം, സഹകരണശീലം, അനുസരണ, നേതൃപാടവം മൂതലായവ പരിശോധിക്കും. ഒന്നാം ഘട്ടത്തിൽ തോൽക്കുന്നവരെ ആദ്യദിവസംതന്നെ തിരിച്ചയയ്‌ക്കും. എസ്‌എസ്‌ബി വിജയകരമായി പൂർത്തിയാക്കുന്നവർക്കു മെഡിക്കൽ പരിശോധനയുണ്ട്.

അന്തിമ സിലക്‌ഷൻ ലഭിക്കുന്നവർക്ക് ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ ശാഖകളിലൊന്നിൽ ബിടെക്കിനു പഠിക്കാം. ജൂലൈയിൽ കോഴ്‌സ് തുടങ്ങും. പരിശീലനകാലത്ത് എക്‌സിക്യൂട്ടീവ് / ‘നേവൽ ആർക്കിടെക്‌ചർ ഉൾപ്പെടെ എൻജിനീയറിങ്’ / ഇലക്ട്രിക്കൽ ശാഖകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.

താമസം, ഭക്ഷണം, വസ്‌ത്രം, തുടങ്ങി പഠനകാലത്തെ എല്ലാ ചെലവുകളും നേവി വഹിക്കും. ഫീസില്ല. കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സബ്‌ ലഫ്‌റ്റനന്റ് റാങ്കിൽ കമ്മിഷൻ നൽകും. ഈ റാങ്കിൽ സിടിസി (കോസ്‌റ്റ് ടു കമ്പനി) ഉദ്ദേശം 83,448 – 96,204 രൂപ. തുടർന്നു നേവിയിലെ കമ്മിഷൻഡ് ഓഫിസർമാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ട്. ഫോൺ: 1800–419–2929.

More Campus Updates>