Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പഠനസാധ്യതകൾ മനസ്സിലാക്കാം

scholarship-for-students

എന്താകണം പഠനത്തിന്റെ ലക്ഷ്യം ? നല്ല മാർക്കോടെ നല്ല ജോലി നേടി വലിയ ശമ്പളം വാങ്ങി ജീവിക്കുന്നതോ ? അതോ ഇഷ്ടമുള്ള വിഷയം ഇഷ്ടം പോലെ പഠിക്കുന്നതോ ? 

ഇന്ത്യയിൽ മറുപടിക്കു വിഷമമുള്ള ചോദ്യം. എന്നാൽ ലോകം എങ്ങനെ ചിന്തിക്കുന്നുവെന്നു പറഞ്ഞുതരാൻ ഇതാ ഒരു കൂട്ടായ്മ– ഓപ്പൺ അക്കാദമിക് റിസർച് (ഒഎആർ). വിവിധ ലോക സർവകലാശാലകളിലെ ഇന്ത്യൻ യുവഗവേഷകരുടെ പൊതുവേദി. 

വിദേശ പഠനസാധ്യതകൾ, പഠനരീതിയിലെ വ്യത്യാസം, ജീവിതത്തിലും പഠനത്തിലും വരുത്തേണ്ട പോസിറ്റീവ് മാറ്റങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്താൻ ഒഎആർ ഡിസംബർ 27 മുതൽ ജനുവരി 2 വരെ പുതുച്ചേരിയിൽ ശിൽപശാല സംഘടിപ്പിക്കുന്നു. രാജ്യമെങ്ങുമുള്ള 30 പ്ലസ്ടു, ബിരുദ വിദ്യാർഥികൾക്കാണ് അവസരം. 

മാർക്കിനും ശമ്പളത്തിനുമായി ഇഷ്ടങ്ങൾ തല്ലിക്കെടുത്തേണ്ടെന്നതാണ് ഒഎആർ അംഗങ്ങളുടെ കാഴ്ചപ്പാട്. ഓൺലൈൻ വഴി ഒത്തുകൂടിയ ഇവർ വർഷത്തിലൊരിക്കൽ ശിൽപശാലയ്ക്കു നാട്ടിലെത്തുമ്പോഴാണു നേരിൽ കാണുന്നത്. എല്ലാ വർഷവും ഏതെങ്കിലും ഗ്രാമപ്രദേശത്താണു ക്യാംപ്. കഴിഞ്ഞ വർഷം നടത്തിയതു കോഴിക്കോട് കൊയിലാണ്ടിയിലെ മേലൂരിൽ. 

കൊറിയ മുതൽ യുഎസ് വരെ

നെതർലൻഡ്സിൽ നാനോമെറ്റീരിയൽ സയൻസിൽ ഗവേഷകനായ കോഴിക്കോട് സ്വദേശി ഡോ.ടി. അഭിലാഷ് അശോകും കേംബ്രിജ് മാക്സ‍്‍വെൽ സെന്ററിൽ ഗവേഷകനായ ബംഗാൾ സ്വദേശി ഡോ. സിദ്ധാർഥ് ഘോഷുമാണു കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്. വിവിധ വിദേശ സർവകലാശാലകളിൽ ഗവേഷകരായ വിഷ്ണു ശിവദാസൻ, പ്രീതം പൈ (ഇരുവരും നെതർലൻഡ്സ്), ജിന്റു കെ. ജയിംസ്, വിജീഷ് വിജയൻ (ഇരുവരും ദക്ഷിണ കൊറിയ), കെ. വിപിൻ (നോർവേ), അലോക് ശങ്കർ (യുഎസ്), ഹാരിഷ് ശശികുമാർ (ഐഐഎസ്‌സി ബെംഗളൂരു), ഐഐടി–മദ്രാസ് പൂർവ വിദ്യാർഥികളായ എസ്.എസ്. അഞ്ജന, പി. ലസിത എന്നിവരാണു മറ്റ് അംഗങ്ങൾ. 

ശിൽപശാലയിൽ പങ്കെടുക്കാൻ

പ്രകൃതിയിലെ എന്തിനെക്കുറിച്ചുമാകട്ടെ, നിങ്ങളുടെ മനസ്സിൽ വരുന്ന ഒരു ചോദ്യവും അതു സംബന്ധിച്ചു ചെയ്യാൻ ആഗ്രഹിക്കുന്ന പ്രോജക്ടും www.openacademicresearch.org/registration എന്ന വെബ്സൈറ്റ് ലിങ്കിൽ റജിസ്റ്റർ ചെയ്യണം. ആശയം കോപ്പിയടിച്ചതാണോ എന്നറിയാൻ നേരിട്ടു കൂടിക്കാഴ്ച നടത്തിയാണു തിരഞ്ഞെടുക്കുന്നത്. 

കഴിഞ്ഞ വർഷം സൗജന്യമായി നടത്തിയ ശിൽപശാലയ്ക്ക് ഇക്കുറി 4000 രൂപ ഫീസുണ്ട്. എന്നാൽ സാമ്പത്തിക സഹായം ആവശ്യമുള്ളവരാണെങ്കിൽ സൗജന്യ പങ്കാളിത്തവും അനുവദിക്കും. യാത്രച്ചെലവും നൽകും. 

വെബ്: oar@openacademicresearch.org 

ലോകം പറയുന്നത് കേൾക്കൂ...

ഞങ്ങളിൽ മിക്കവരും ഐഐടി, ഐഐഎം പൂർവ വിദ്യാർഥികളാണ്. പക്ഷേ ഇവിടുത്തെ നിലവാരം പോലും എത്രയോ താഴെയാണെന്നു വിദേശത്തു പോയപ്പോഴാണു മനസ്സിലായത്. നമ്മുടെ പഠനത്തിനാണു പ്രശ്നമെന്നു തിരിച്ചറിഞ്ഞു. പുതിയ കുട്ടികളുമായി ആ അനുഭവങ്ങൾ പങ്കുവയ്ക്കുക,  ഗവേഷക മനസ്സോടെ പഠിക്കാൻ പരിശീലിപ്പിക്കുക എന്നിവയാണു ലക്ഷ്യങ്ങൾ. 

ഡോ. ടി. അഭിലാഷ് അശോക്

കോളജിൽ എല്ലാ വിഷയത്തിന്റെയും സിദ്ധാന്തം മാത്രമാണു പഠിക്കുന്നത്. നമ്മുടെ കൈവശമുള്ള റിസോഴ്സുകൾ ഉപയോഗിച്ച് എങ്ങനെ പ്രായോഗികമായി പഠിക്കാമെന്നു മനസ്സിലാക്കാനായതു കഴിഞ്ഞ വർഷത്തെ ഒഎആർ ശിൽപശാലയിലാണ്.  അതിനു ശേഷവും പഠനവുമായി ബന്ധപ്പെട്ട ഏതു  സംശയത്തിനും ഏതു സമയത്തും മറുപടി ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ നേട്ടം. ഈ വർഷത്തെ ശിൽപശാലയിൽ വൊളന്റിയറായി പങ്കെടുക്കുന്നുണ്ട്. 

സാം തോമസ്,രണ്ടാം വർഷ ബിഎസ്‍സി കെമിസ്ട്രി, എസ്ബി കോളജ് ചങ്ങനാശേരി