Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുജിസി: കേന്ദ്രത്തിൽനിന്ന് വാങ്ങിയെടുക്കേണ്ടതു കോടികൾ

ugc

കോളജ് അധ്യാപകർക്കു യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട കോടിക്കണക്കിനു രൂപ സർക്കാരിന്റെ മെല്ലെപ്പോക്കു മൂലം വാങ്ങിയെടുക്കാനാകുന്നില്ല. സംസ്ഥാനത്തെ കോളജുകളിലെ പകുതിയോളം അധ്യാപക തസ്തികകളിലും താൽക്കാലികക്കാരാണു ജോലി ചെയ്യുന്നതെങ്കിലും ജോലിഭാരം വിലയിരുത്തി തസ്തിക നിശ്ചയിക്കുന്ന നടപടി ഇഴഞ്ഞു നീങ്ങുകയാണ്.

2016 ജനുവരി ഒന്നു മുതൽ കേന്ദ്രം പ്രഖ്യാപിച്ച യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കണക്കാക്കി അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മാസങ്ങൾക്കു മുൻപേ കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സർക്കാരിനു സമർപ്പിച്ചതായി ഡയറക്ടറേറ്റും ലഭിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരും പറയുന്നു. 

അധിക സാമ്പത്തിക ബാധ്യതയുടെ പകുതി കേന്ദ്രം നൽകും. ഇതു കോടിക്കണക്കിനു രൂപ വരും. ബാധ്യത എത്രയെന്നു കണക്കാക്കിയാലേ തുടർനടപടി സ്വീകരിക്കാനും കേന്ദ്രത്തിൽ നിന്നു തുക വാങ്ങിയെടുക്കാനും സാധിക്കൂ. യുജിസിയുടെ ആറാം ശമ്പള പരിഷ്കരണം 2006 ജനുവരി ഒന്നിന് നടപ്പാക്കിയിരുന്നു. 2010 മുതൽ ഇത് അധ്യാപകർക്കു ലഭിക്കുന്നുണ്ട്. ഈയിനത്തിൽ ഇനിയും 200 കോടി കൂടി കേന്ദ്രത്തിൽ നിന്നു വാങ്ങിയെടുക്കാനുണ്ട്. 

ആറാം ശമ്പള പരിഷ്കരണം സർക്കാർ കോളജുകളിലെ എല്ലാ അധ്യാപകർക്കും ലഭിച്ചിരുന്നില്ല. അവരുടെ സ്ഥാനക്കയറ്റ കുടിശികയായി 30 കോടി രൂപ സർക്കാരിനു ബാധ്യത വരുമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണക്കാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഫയൽ  ധനവകുപ്പിന്റെ പരിഗണനയിലാണ്.

More Campus Updates>