Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെയ്ജിങ്ങിലുദിച്ചു, വെള്ളിനക്ഷത്രം

prathyush-poduval

ആകാശവിസ്മയങ്ങൾ തേടുന്ന ലോകത്തെ എണ്ണം പറഞ്ഞ വിദ്യാർഥികളുടെ കൂട്ടത്തിൽ മലയാളിയും. ചൈനയിലെ ബെയ്ജിങ്ങിൽ ഈ മാസം 2 മുതൽ 10 വരെ നടന്ന രാജ്യാന്തര അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് ഒളിംപ്യാഡിൽ കൊച്ചി കടവന്ത്ര സ്വദേശി പ്രത്യുഷ് പൊതുവാളിനു ലഭിച്ചതു വെള്ളി മെഡൽ. ബെംഗളൂരു (ഐഐഎസ്‌സി ബാച്‌ലർ ഇൻ സയൻസ് റിസർച് ഒന്നാം വർഷ വിദ്യാർഥിയായ പ്രത്യുഷ് ഉൾപ്പെട്ട അഞ്ചംഗ ഇന്ത്യൻ ടീമിനു മൊത്തം 3 വെള്ളി. 38 രാജ്യങ്ങളിലെ ഇരുനൂറിലേറെ വിദ്യാർഥികൾക്കിടയിലാണു തിളങ്ങുന്ന നേട്ടം. 

എളുപ്പമല്ല തിരഞ്ഞെടുപ്പ് 
ലോക ശാസ്ത്ര ഒളിംപ്യാഡുകളുടെ കൂട്ടത്തിലൊന്നായ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് ഒളിംപ്യാഡിലേക്കുള്ള തിരഞ്ഞെടുപ്പിനു 3 ഘട്ടങ്ങളുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്സ് ടീച്ചേഴ്സ് രാജ്യവ്യാപകമായി നടത്തുന്ന അഭിരുചി പരീക്ഷ ആദ്യം. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കു പങ്കെടുക്കാം. ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളിൽ നിന്നാണു ചോദ്യങ്ങൾ. 

വിജയിച്ചവർക്കു ഹോമി ഭാഭ സെന്റർ ഫോർ സയന്റിഫിക് എജ്യുക്കേഷന്റെ ദേശീയ ജ്യോതിശാസ്ത്ര ഒളിംപ്യാഡ്. ഇതിലും വിജയിച്ചവർക്കു സിലക്‌ഷൻ ക്യാംപ്. ഇതിലെ പ്രകടനം വിലയിരുത്തിയാണു ബെയ്ജിങ്ങിലേക്ക് 5 പേരെ തിരഞ്ഞെടുത്തത്. 

മാറ്റുരയ്ക്കും  അറിവുകൾ
ബെയ്ജിങ്ങിൽ 5 മണിക്കൂർ വീതമുള്ള രണ്ട് എഴുത്തുപരീക്ഷകൾ, ഒരു ഒബ്സർവേഷൻ ഘട്ടം എന്നിവയായിരുന്നു കടമ്പകൾ. വിഷയങ്ങൾ ഫിസിക്സും കണക്കും അസ്ട്രോണമിയും അസ്ട്രോഫിസിക്സും. ഗ്രഹങ്ങൾ, ബഹിരാകാശ വസ്തുക്കൾ, ക്ഷീരപഥങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് വേണം. ടെലിസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണമാണ് അവസാന ഘട്ടത്തിൽ. ഓരോ ഘട്ടത്തിലും ലഭിക്കുന്ന മാർക്കുകളുടെ ആകെത്തുക നോക്കിയാണു മെഡലുകൾ നിശ്ചയിക്കുന്നത്. 

തുടരുന്ന വാനനിരീക്ഷണം
അസ്ട്രോഫിസിക്സിൽ കൂടുതൽ പഠനമാണു പ്രത്യുഷിന്റെ ലക്ഷ്യം. മംഗളൂരു റിഫൈനറിയിൽ ജനറൽ മാനേജരായ പ്രശാന്ത് പൊതുവാളിന്റെയും സുനിതയുടെയും മകനാണ്. സഹോദരി പാർവതി. മംഗളൂരുവിലാണു സ്ഥിരതാമസം.

More Campus Updates>