Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോജക്ടുകൾ സ്റ്റാർട്ടപ്പുകളാക്കി മാറ്റിയ ചിലരുടെ കഥ

Author Details
Startup-1 സഞ്ജയ്,രാഹുൽ, ശ്രുതി,വിഷ്ണു

ബിടെക് പ്രോജക്ടുകൾ പല വിദ്യാർഥികൾക്കും ‘റിലാക്സ്’ ചെയ്യാനുള്ള സമയമാണ്. ആദ്യ 3 വർഷങ്ങളിലെ സിലബസ് ഭാരവും പരീക്ഷകളുമെല്ലാം കഴിഞ്ഞുള്ള ഇടവേള.‌ എന്നാൽ, സത്യത്തിൽ പ്രോജക്ടുകളുടെ പ്രയോജനം വളരെ വലുതാണ്. മികച്ച രീതിയിൽ ചെയ്തവയ്ക്കു പ്ലേസ്മെന്റ് ഇന്റർവ്യൂവിൽ കമ്പനികള്‍ വലിയ മൂല്യമാണു നൽകുന്നത്.

സ്റ്റാർട്ടപ് രംഗം കുതിച്ചുപായുന്ന കാലമാണ്. മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികൾ സംരംഭകത്വ സാധ്യതകൾ മുന്നിൽ കണ്ടുള്ള പ്രോജക്ടുകൾ ചെയ്യുന്നതു ട്രെൻഡായിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇതു കുറവല്ല. അക്കാദമിക് പ്രോജക്ടുകൾ സംരംഭങ്ങളാക്കി മാറ്റിയ ചിലരിതാ. 

നിക്ഷേപം കിട്ടി, പരിശീലനം നേടി
എംജി സർവകലാശാലയുടെ മുട്ടം എൻജിനീയറിങ് കോളജിൽ ബിടെക് പഠിക്കുമ്പോൾ, എം.എസ്. വിഷ്ണുവും സംഘവും പ്രോജക്ട് ചെയ്തത് പഴയരീതിയിൽ തന്നെ. എന്നാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഉപരിപഠന കാലത്തു സമീപനം മാറി. ഹെൽത്ത്കെയർ മേഖലയിലായിരുന്നു അവിടത്തെ ഫൈനൽ ഇയർ പ്രോജക്ട്. ഡ്രിപ് നൽകുന്നതു നിയന്ത്രിക്കുന്ന സംവിധാനം. ഉൽപന്നത്തിന്റെ പ്രായോഗികസാധ്യത തിരിച്ചറിഞ്ഞ് സ്റ്റാർട്ടപ്പാക്കി മാറ്റി; കൂട്ടിനു ബിടെക് സഹപാഠികളായ ശ്രുതി ഗോപാൽ, സഞ്ജയ് രാജേന്ദ്രൻ എന്നിവരും. ജോലിക്ക് രാഹുൽ എന്നൊരാൾ കൂടി.

പ്രാഥമിക നിക്ഷേപം50 ലക്ഷം രൂപ. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഇൻക്യുബേറ്ററിലും മേക്കർ വില്ലേജിലുമായി പ്രോജക്ട് വികസിപ്പിച്ചു. സാധ്യത തിരിച്ചറിഞ്ഞ് ഒരു വ്യക്തി നിക്ഷേപവും നടത്തി. നിക്ഷേപകരെ സ്റ്റാർട്ടപ്പിലേക്ക് ആകർഷിക്കുന്നത് തുടക്കക്കാർക്കു ശ്രമകരമായ ദൗത്യമാണെന്നു വിഷ്ണു പറയുന്നു. യൂട്ടിലിറ്റി പ്രോജക്ടുകൾക്കു വേഗം അംഗീകാരം ലഭിക്കും. 

നിക്ഷേപകരോട് സംസാരിക്കാൻ ആശയവിനിമയ നൈപുണ്യം വികസിപ്പിക്കണം. ഇക്കാര്യം മനസ്സിലാക്കി ഹൈദരാബാദ് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിന്റെ സോഷ്യൽ ഒൻട്രപ്രനർ പ്രോഗ്രാമിൽ ടീമംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.

ധൈര്യമായിറങ്ങി, വെള്ളത്തിലായില്ല
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ കെമിക്കൽ എന്‍ജിനീയറിങ് എംടെക്കിനു പഠിക്കുമ്പോഴാണു മുഹമ്മദ് നജൂമിനും സംഘത്തിനും ആശയം മിന്നിയത്– ഉപയോഗശൂന്യമായ വെള്ളം ശുദ്ധജലനിലവാരത്തിൽ എത്തിക്കുക.

Startup-2 നജൂം, അഖിൽ, ജമാൽ

ഗൾഫിൽ ഒട്ടേറെ വർഷത്തെ പ്രവർത്തനപരിചയമുള്ള അമ്മാവൻ യൂനുസ് മുഹമ്മദ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. അദ്ദേഹം മാനേജിങ് ഡയറക്ടറായ കമ്പനിയിൽ അഖിൽ ജോണി, ജമാൽ അസി എന്നീ യുവാക്കൾ കൂടി ചേർന്നു. ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ഒന്നര വർഷം. പ്രാരംഭ മുതൽമുടക്ക് 70 ലക്ഷം രൂപ. വാട്ടർ ട്രീറ്റ്മെന്റ് മാനേജ്മെന്റ്, സൂവിജ് വാട്ടർ ട്രീറ്റ്മെന്റ്, എഫ്ലുവന്റ് ട്രീറ്റ്മെന്റ് തുടങ്ങി വിവിധ മേഖലകളിലാണു പ്രവർത്തനം. ഐഒടി സെൻസറുകൾ ഉപയോഗിച്ചുള്ള രീതിയും സ്റ്റാർട്ടപ്പിനെ വ്യത്യസ്തമാക്കുന്നു.

ആദ്യ വർഷം പോലും നഷ്ടമുണ്ടാക്കിയില്ല. പുതിയ കരാറുകളും ലഭിച്ചു. സ്മാർട് സിറ്റി സ്റ്റാർ‌ട്ടപ് മൽസരത്തിൽ അഖിലേന്ത്യാതലത്തിൽ ആദ്യ നൂറിലെത്തി. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) അംഗീകാരവും ലഭിച്ചു. വാട്ടർ എൻജിനീയറിങ് പോലെയുള്ള മേഖലകളിൽ ഏറെ അവസരങ്ങളുണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ലെന്നു യൂനുസ് പറയുന്നു.

വീൽച്ചെയറിലും കുതിക്കാം
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ഡോൺ പോളിനു പഠനശേഷം സിവിൽ സർവീസസ് ആയിരുന്നു താൽപര്യം. എന്നാൽ ബിടെക്കിനു ചെയ്ത ഒരു പ്രോജക്ടിന്റെ സാധ്യത തിരിച്ചറിഞ്ഞ് റൂട്ട് മാറ്റി. പ്രൊഡക്‌ഷൻ വിദ്യാർഥിയായ ഡോണും മെക്കാനിക്കൽ വിദ്യാർഥിയായ കൂട്ടുകാരൻ സി.സൂരജും ചേർന്ന് രോഗികൾക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്ന വീൽച്ചെയറുകൾ നിർമിക്കാൻ സ്റ്റാർട്ടപ് സ്ഥാപിച്ചു. തുടക്കം 2016ൽ; ഇപ്പോൾ ആദായകരമായ നിലയിലായിത്തുടങ്ങിയെന്നു ഡോൺ പറയുന്നു.

Startup3 ഡോൺ,സൂരജ്

സ്റ്റാർട്ടപ് പലരും വിചാരിക്കുന്ന പോലെ എളുപ്പമുള്ള പണിയല്ല. വീട്ടുകാരുടെ എതിർപ്പ് ഒരു ഭാഗത്ത്. തുടങ്ങുമ്പോൾ കൂടെനിൽക്കുന്ന പലരും പിന്നീടു വിട്ടുപോകുന്നതു മറ്റൊരു പ്രശ്നം. എന്നാൽ വളർച്ചയുടെ നിശ്ചിത ഘട്ടമെത്തിയാൽ പിന്നെ പേടിക്കേണ്ട കാര്യമില്ലെന്നു ഡോൺ പറയുന്നു.

പ്രൈസ് മണി നിക്ഷേപമാക്കി
69,000 രൂപ മുതൽമുടക്കിലാണു തിരുവനന്തപുരം സിഇടി വിദ്യാർഥികളായ പി.എ. പ്രതുൽ, അജോ ആന്റോ, എംആർ. ഹരി, ജോൺസ് ചക്കാലയ്ക്കൽ, ദിലീപ് ദിവാകർ എന്നിവർ സ്റ്റാർട്ടപ് തുടങ്ങിയത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥികളായ ഇവർ ടെക്ഫെസ്റ്റിവലിലും മറ്റു പരിപാടികളിലും പങ്കെടുത്തുള്ള പ്രൈസ് മണിയിലൂടെയാണു തുക കണ്ടെത്തിയത്. 

startup-4 ദിലീപ്, ജോൺസ്, പ്രതുൽ, ഹരി, അജോ

ഭാവിയിൽ നിർണായകമായി മാറുമെന്നു കരുതപ്പെടുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യയിലെ കിച്ചൻ ഓട്ടമേഷൻ എന്ന മേഖലയാണു സ്റ്റാർട്ടപ്പിനായി തിരഞ്ഞെടുത്തത്. പ്രാരംഭ ഘട്ടമായി അടുക്കളയിലേക്കുള്ള ജല ഉപയോഗം, വാട്ടർ ടാങ്കിലെ ജലക്രമീകരണം, ജലച്ചോർച്ച തടയൽ എന്നിവ ഉറപ്പുവരുത്തുന്ന ഐഒടി സംവിധാനമാണു നിര്‍മിച്ചത്. ഉൽപന്നത്തിന്റെ ആദ്യഘട്ടം പൂർത്തിയായി വരുന്നു. 2000– 3000 രൂപയ്ക്കു വിപണിയിൽ ഇറക്കാമെന്നാണു പ്രതീക്ഷ.

More Campus Updates>