Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ കടലിന്റെ പൊൻമുത്ത് ; പക്ഷേ പറയാനുള്ളത് അവഗണനകൾ മാത്രം

aneesha

കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന സ്കൂബ ഡൈവിങ്ങിൽ രാജ്യാന്തര ലൈസൻസ്.82% മാർക്കോടെ മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദം.ബ്രിട്ടീഷ് സർക്കാരിന്റെ ഡാർവിൻ സ്കോളർഷിപ്.വിവിധ ജേർണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ.

ഒന്നുമില്ലായ്മയിൽ നിന്ന്, കഷ്ടപ്പാടുകളിൽ നിന്ന്, വെല്ലുവിളികളിൽ നിന്ന് അനീഷ അനി ബെനഡിക്ട് (26) മുങ്ങിത്തപ്പിയെടുത്ത നേട്ടങ്ങളാണിവയെല്ലാം. ഒപ്പമുണ്ടായിരുന്നത് പഠിക്കണമെന്ന ആഗ്രഹവും നിശ്ചയദാർഢ്യവും മാത്രം. മത്സ്യത്തൊഴിലാളിയായ തിരുവനന്തപുരം വലിയതുറ അനി ഹൗസിൽ അനി ബെനഡിക്ടിന് മകൾ അനീഷയുടെ സ്വപ്നങ്ങൾക്കൊപ്പം നീന്തിയെത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണു പ്ലസ് ടു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി ജോലി അന്വേഷിക്കാൻ പറഞ്ഞത്. പക്ഷേ, അനീഷ എങ്ങനെ തോറ്റുകൊടുക്കും? സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ‘പീപ്പിൾസ് ബയോഡൈവേഴ്സിറ്റി റജിസ്റ്റർ’ ഉണ്ടാക്കുന്ന പദ്ധതിയിൽ ജോലിക്കു ചേർന്നു. ഒരു വർഷത്തെ അധ്വാനം കൊണ്ടു നേട്ടം രണ്ട്; തുടർന്നു പഠിക്കാൻ കാശ് കിട്ടി, കടലിനോടും കടൽജീവികളോടും ഇഷ്ടം കൂടി.

Anisha

80 ശതമാനത്തിലേറെ മാർക്കുമായി ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്നോളജി ജയിച്ചു. പ്രവേശന പരീക്ഷയിലൂടെ മറൈൻ ബയോളജി പിജിക്കു യോഗ്യത നേടിയതു പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്കു കീഴിൽ ആൻഡമാൻ നിക്കോബാറിൽ. അവിടെവച്ചാണ് ആഴക്കടലിനോടു പ്രണയത്തിലായത്. സ്കൂബ ഡൈവിങ് പഠിച്ച് 40 മീറ്റർ ആഴത്തിൽ ഡൈവ് ചെയ്യാനുള്ള രാജ്യാന്തര ലൈസൻസും നേടി.പഠനകാലത്തു തന്നെ വിവിധ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 2016ൽ ബ്രിട്ടീഷ് സർക്കാരിന്റെ ഫീൽഡ് സ്റ്റഡീസ് കൗൺസിൽ ഏർപ്പെടുത്തിയ ഡാർവിൻ സ്കോളർഷിപ് നേടി. ഈ വർഷം ഏപ്രിലിൽ ജി–7 രാജ്യങ്ങളിലെ സമുദ്ര മലിനീകരണത്തെക്കുറിച്ചു ബ്രിട്ടനിൽ നടന്ന ഓഷൻ കോൺഫറൻസിലും പങ്കെടുത്തു.

വഴിയടയ്ക്കരുത്, വളരട്ടെ
മറൈൻ ആർക്കിയോളജിയിൽ പിഎച്ച്ഡി ചെയ്യണമെന്നാണ് അനീഷയുടെ ആഗ്രഹം. ഇതിനു ലോൺ കിട്ടുമോ എന്നറിയാൻ ബാങ്കിൽ ചെന്നപ്പോൾ നാലു ചക്ര വാഹനം വരുന്ന വഴിയുള്ള പുരയിടത്തിന്റെ ആധാരം വേണമെന്നാണു പറഞ്ഞത്. മുട്ടത്തറയിൽ സർക്കാർ മത്സ്യത്തൊഴിലാളികൾക്കു നൽകിയ ഫ്ലാറ്റ് കിട്ടിയ കുടുംബമാണ് അനീഷയുടേത്. ഇതിനായി, ഇവർക്ക് ഉണ്ടായിരുന്ന സ്ഥലത്തിന്റെ ആധാരം അധികൃതർക്കു നൽകി. ആ ഫ്ലാറ്റിന്റെ താക്കോൽ അല്ലാതെ മറ്റൊരു സ്വത്തും ഇല്ല.

പോണ്ടിച്ചേരിയിൽ പഠിച്ചതുകൊണ്ട് കേരള സർക്കാറിന്റെ സ്കോളർഷിപ്പുകളൊന്നും അനീഷയ്ക്കു ലഭിച്ചില്ല. ഇതിനായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. പിജി പഠനം കഴിഞ്ഞു രണ്ടു വർഷമായിട്ടും ഇതുവരെ സ്കോളർഷിപ്പോ മറ്റ് ആനുകൂല്യങ്ങളോ കിട്ടിയിട്ടില്ല. തരാമെന്ന് അധികൃതർ പലയാവർത്തി പറഞ്ഞ സ്കോളർഷിപ് കിട്ടിയാൽ പിഎച്ച്ഡി പഠനം നടക്കുമെന്നാണു പ്രതീക്ഷ.

ഇതിനിടയിൽ അനീഷയുടെ അനിയത്തിയെകൂടി പഠിപ്പിക്കാൻ ഈ കുടുംബത്തിനു കഴിഞ്ഞില്ല. അനിയത്തി വിവാഹിതയായി. ‘‘മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പഠിക്കാൻ താൽപര്യമുള്ള ഒരുപാടു കുട്ടികളുണ്ട്. സാഹചര്യങ്ങൾ പ്രതികൂലമായതുകൊണ്ടാണ് പലരും പഠിക്കാൻ പോകാത്തത്,’’ അനീഷ പറയുന്നു.

More Campus Updates>