Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴേ ആർജിക്കാം,ഡിജിറ്റൽ മിടുക്ക്

varun@corporate360.us
Friends

ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം ബിസിനസ് രീതികളെ അടിമുടി മാറ്റുന്നു. നിലവിലുള്ള പല കഴിവുകളും ജോലിസ്ഥലത്ത് അപ്രസക്തമാകുന്നു; പകരം പുതിയ നൈപുണ്യങ്ങൾ ആവശ്യമാകുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് അനുസരിച്ച് 2020 ആകുമ്പോഴേക്ക്, ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളുടെ മൂന്നിലൊരു ഭാഗവും ഇതുവരെ ആവശ്യമായി തോന്നാത്തവയാകും. ഡേറ്റ വിശകലനം പോലെയുള്ള സാങ്കേതിക കഴിവുകൾ മാത്രമല്ല, സർഗാത്മകത, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര ശേഷി, വൈകാരിക സാമർഥ്യം തുടങ്ങിയ അനൗദ്യോഗിക നൈപുണ്യങ്ങളും പ്രസക്തമാകുന്നു.

ഡേറ്റ വിശകലനം
ഓൺലൈൻ ഷോപ്പിങ്, ആപ്പ് അധിഷ്ഠിത ടാക്സി ബുക്കിങ്, സമൂഹമാധ്യമ ഉപയോഗം എന്നിവയിലൂടെയെല്ലാം ഉൽപാദിപ്പിക്കപ്പെടുന്ന ഡേറ്റ അതിഭീമമാണ്. ഇതിൽനിന്നു ലഭ്യമാകുന്ന സൂക്ഷ്‌മ വിവരങ്ങൾ കൃത്യമായി ഉപയോഗിച്ച് കമ്പനികളുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിവുള്ള ഉദ്യോഗാർഥികളെ വലിയ തോതിൽ ആവശ്യമുണ്ട്; റീട്ടെയ്ൽ, ടെലികോം, ബാങ്കിങ്, ഫുഡ് & ബവ്‌റിജസ്, ഹെൽത്ത്കെയർ, ഗതാഗതം തുടങ്ങിയ മേഖലകളിൽ പ്രത്യേകിച്ചും.

സോഷ്യൽ– ഇമോഷനൽ ഇന്റലിജൻസ്
ടെലികോൺഫറൻസിങ്, സ്കൈപ് തുടങ്ങിയവയിലൂടെ ലോകത്തിന്റെ ഏതു കോണിലുമുള്ള സഹപ്രവർത്തകരെയും ബിസിനസുകാരെയും സാങ്കേതികവിദ്യ നമ്മുടെ അടുത്തെത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമുള്ളവരുമായി ഇടപഴകുമ്പോൾ അവരുടെ സാംസ്കാരിക മാനദണ്ഡങ്ങൾ മനസ്സിലാക്കാനുള്ള സാമൂഹിക– വൈകാരിക ബുദ്ധി (സോഷ്യൽ– ഇമോഷനൽ ഇന്റലിജൻസ്) അനിവാര്യം.

ആശയവിനിമയ മികവ്
സഹപ്രവർത്തകരുമായും ഇടപാടുകാരുമായും നന്നായി ആശയവിനിമയം നടത്താനുള്ള കഴിവ് ആധുനിക തൊഴിൽസ്ഥലത്ത് അനിവാര്യം. സ്വന്തം ബുദ്ധി മാത്രമുപയോഗിച്ചു പ്രവർത്തനം കൊണ്ടു കാര്യമില്ല.

ക്രിയേറ്റിവിറ്റി
സർഗാത്മക ആശയങ്ങൾ കൊണ്ടുവരികയും അതു പ്രാവർത്തികമാക്കാൻ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറുമുള്ള വ്യക്തികളെയാണു കമ്പനികൾ തിരയുന്നത്. പതിവു ജോലി ആസ്വദിച്ചുകൊണ്ടുതന്നെ നവീന കണ്ടുപിടിത്തങ്ങളിലേക്ക് കാൽവയ്പ് നടത്താൻ ഏറ്റവും അനുയോജ്യ അവസരമാണ് ഇപ്പോൾ.

ഭാവി, ഈ നൈപുണ്യ മേഖലകളിൽ

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ മികച്ച കരിയർ പ്രതീക്ഷിക്കാവുന്ന നൈപുണ്യ മേഖലകൾ:

1. ഡേറ്റ അനലിറ്റിക്സ്: ലഭ്യമാകുന്ന ഡേറ്റ സമാഹരിച്ച്, ശുദ്ധീകരിച്ച്, ബിസിനസിന് ഉപയോഗപ്രദമായ വിവരങ്ങളാക്കുന്നു.

∙ഡൊമെയ്ൻ മേഖലകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡേറ്റ മൈനിങ്, ഡേറ്റ വിഷ്വലൈസേഷൻ, കോഡിങ്.

2. ഫിനാൻസ്: ധനകാര്യ സേവനങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഏറുന്നു.

∙ഡൊമെയ്ൻ മേഖലകൾ: ബ്ലോക്‌ചെയിൻ, ഫിൻടെക്, അസെറ്റ് മാനേജ്‌മെന്റ്, വെൽത്ത് മാനേജ്‌മെന്റ്, റിസ്ക് മാനേജ്‌മെന്റ് & കംപ്ലയൻസ്.

3. ടെക്– എനേബിൾഡ് സർവീസസ്: സേവനമേഖലകളിലെ സാങ്കേതികവിദ്യാ അധിഷ്ഠിത പ്രവർത്തനങ്ങൾ.

∙ഡൊമെയ്ൻ മേഖലകൾ: ഇലക്ട്രോണിക് ടെക്നോളജീസ് (ഉദാ: ഇ കൊമേഴ്‌സ്, വെബ്, ഇ-പേയ്‌മെന്റ് സൊല്യൂഷൻസ്), ജിയോസ്പേഷ്യൽ ടെക്നോളജി, സപ്ലൈ ചെയിൻ മാനേജ്മെന്റ്, സെക്യൂരിറ്റി സിസ്റ്റംസ്, ഡിജിറ്റൽ മാർക്കറ്റിങ്.

4. ഡിജിറ്റൽ മീഡിയ: ഡിജിറ്റൽ കണ്ടന്റിന്റെ ഉൽപാദനവും ഡിജിറ്റൽ വിനിമയ മാർഗങ്ങളും.

∙ഡൊമെയ്ൻ മേഖലകൾ: വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, സമൂഹമാധ്യമങ്ങൾ, ഇന്ററാക്ടീവ് മീഡിയ, ഗെയിം ഡവലപ്മെന്റ്.

5. സൈബർ സുരക്ഷ: ഡിജിറ്റൽ വിവരസുരക്ഷയും സിസ്റ്റങ്ങളുടെ സുഗമ പ്രവർത്തനത്തിനുള്ള നടപടികളും സാങ്കേതികതകളും.

∙ഡൊമെയ്ൻ മേഖലകൾ: എൻക്രിപ്ഷൻ ടെക്നോളജീസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ റിസ്ക് മാനേജ്മെന്റ്, സൈബർ ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ, സൈബർ കംപ്ലയൻസ്.

6. സംരംഭകത്വം: ആശയത്തെ ഉൽപന്നമാക്കി മാറ്റുന്ന പ്രക്രിയയിൽ ഫണ്ടിങ് മുതൽ മാർക്കറ്റിങ് വരെ.

∙ഡൊമെയ്ൻ മേഖലകൾ: സ്റ്റാർട്ടപ്, ടെക്നപ്രനർഷിപ്, ധനകാര്യം, പ്ലാറ്റ്‌ഫോം മോഡലുകൾ, ബിസിനസ് മോഡലുകൾ, പ്രോഡക്ട് / മാർക്കറ്റ് ഡവലപ്മെന്റ്, സുസ്ഥിര വളർച്ച.

7. അർബൻ സൊല്യൂഷൻസ്: ഇന്റലിജന്റ് ഗതാഗത സംവിധാനങ്ങൾ, സ്മാർട് സേവനങ്ങൾ, സ്വയം നിയന്ത്രിത വാഹനങ്ങൾ തുടങ്ങിയവയെല്ലാമുള്ള നഗര വികസനം.

∙ഡൊമെയ്ൻ മേഖലകൾ: സിസ്റ്റംസ് എൻജിനീയറിങ്, പാരമ്പര്യേതര ഊർജം, സ്വയം നിയന്ത്രിത വാഹന സംവിധാനങ്ങൾ.

8. അഡ്വാൻസ്ഡ് മാനുഫാക്ചറിങ്: സൈബർ സാധ്യതകൾ കൂടി ഉപയോഗിച്ചുള്ള ഉൽപാദന സംവിധാനങ്ങൾ. ഡിജിറ്റൽവൽകരണവും ഓട്ടമേഷനും ഇതിൽപ്പെടും.

∙ഡൊമെയ്ൻ മേഖലകൾ: ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സ്, അഡിറ്റീവ് മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടമേഷൻ.


അടിത്തറ ഉറപ്പിക്കാം

ഓരോരുത്തർക്കും അഭിരുചിയുള്ള മേഖല ഏതെന്നും അവിടെ ആവശ്യമായ കഴിവുകൾ ഏതൊക്കെയാണെന്നും അറിയാനും ശ്രമം വേണം. അതിനു സ്വയം ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ:

1. ഗൂഗിൾ സെർച്ചിലൂടെ ലോകത്തെ 25 പ്രധാന വ്യവസായ മേഖലകൾ കണ്ടെത്തി പട്ടിക തയാറാക്കുക. ഉദാഹരണം: ബാങ്കിങ്, ഐടി, ഹെൽത്ത്കെയർ...

2. ഈ പട്ടികയിലുള്ള ഓരോ വ്യവസായ മേഖലയിലെയും ടോപ് 10 കമ്പനികൾ കണ്ടെത്തുക.

3. ഓരോ കമ്പനിക്കും പ്രതിവാര ഗൂഗിൾ അലർട്ടുകൾ നിങ്ങളുടെ ഇമെയിലിലേക്കു സൃഷ്ടിക്കുക.

4. ട്രെൻഡിങ് വിഷയങ്ങളിലും ഗൂഗിൾ അലർട്ട് സൃഷ്ടിക്കുക. ഉദാഹരണം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പാരമ്പര്യേതര ഊർജം.

5. വായന ഊർജിതമാക്കുക. വ്യവസായരംഗത്തെ നൂതന മാറ്റങ്ങൾ അറിയാൻ ഇതുവഴി കഴിയണം. മികച്ച കമ്പനികളുടെ വാർത്തകൾ സ്ഥിരമായി പിന്തുടരണം.

പ്രഫഷനലുകൾ ഓൺ‌ലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കു (MOOC) ചേരണം. Coursera, Udacity, edX തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇതിനു സഹായകരമാണ്.

(സിംഗപ്പൂരിലും സാൻഫ്രാൻസിസ്കോയിലും ഓഫിസുകളുള്ള കേരളത്തിലെ കോർപറേറ്റ് 360 എന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണു ലേഖകൻ)

More Campus Updates>