Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാസപര്യയ്ക്കു മിഴിവേകും ഫെലോഷിപ്പ്

ccrt

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ് (സിസിആർറ്റി) വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച യുവ കലാകാരന്മാർക്കു സ്കോളർഷിപ്പുകൾ നൽകുന്നു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതം, ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, തിയറ്റർ, മൈം, വിഷ്വൽ ആർട്, ഫോക്ക്, ട്രഡീഷണൽ ആൻഡ് ഇൻഡിജീനസ് ആർട്, ലൈറ്റ് ക്ലാസിക്കൽ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവർക്കു ഭാരതത്തിൽ ഉയർന്ന തലങ്ങളിലുള്ള പരിശീലനത്തിൽ ഏർപ്പെടാനാണ് സ്കോളർഷിപ്പുകൾ അനുവദിക്കുക. രണ്ടു വർഷം ദൈർഘ്യമുള്ള 400 സ്കോളർഷിപ്പുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്. 

ഓരോ സ്കോളർക്കും പ്രതിമാസം 5000 രൂപ സ്കോളർഷിപ്പായി ലഭിക്കും. യാത്രയ്ക്കും പുസ്തകങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങാനും പരിശീലനത്തിനുള്ള ചെലവുകൾക്കുമൊക്കെയായി ഈ തുക വിനിയോഗിക്കാം. ഓരോ സ്കോളറുടെയും പരിശീലന ചരിത്രം പരിശോധിച്ച ശേഷം ഉന്നത പരിശീലന രീതി നിശ്ചയിക്കും. ഒരു അംഗീകൃത സ്ഥാപനത്തിൽ ഒരു ഗുരുവിന്റെ അല്ലെങ്കിൽ മാസ്റ്ററുടെ ശിക്ഷണത്തിൽ ഉയർന്ന തലത്തിലുള്ള പരിശീലനം എന്നതായിരിക്കും പൊതുവേ സ്വീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ തീവ്രമായ പരിശീലനം ഫെലോഷിപ്പ് കാലയളവിൽ നേടേണ്ടതുണ്ട്. ബന്ധപ്പെട്ട മേഖലയിലെ തിയറി പഠനങ്ങൾ, ബന്ധപ്പെട്ട മേഖലകളുടെ ആസ്വാദനം എന്നിവയ്ക്കു പുറമേ സ്കോളർ ദിവസവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും  പ്രായോഗിക പരിശീലനം ഈ കാലയളവിൽ നേടണം.

അപേക്ഷിക്കാനുള്ള അർഹത

അപേക്ഷാർഥിയുടെ പ്രായം 1–4–2018ന് 18 വയസിൽ താഴെയോ 25 വയസ് കവിഞ്ഞിരിക്കുകയോ ചെയ്യരുത്. ഫലപ്രദമായ രീതിയിൽ പരിശീലനവുമായി മുന്നോട്ടു പോകാനുള്ള വിദ്യാഭ്യാസം അപേക്ഷകർക്കുണ്ടായിരിക്കണം. മുന്നേറാനുള്ള തന്റെ ആഗ്രഹം തെളിയിക്കാൻ അപേക്ഷകർക്കു ബാധ്യതയുണ്ട്. തുടക്കക്കാർക്കു വേണ്ടിയുള്ള ഒരു പദ്ധതിയല്ലാത്തതിനാൽ അപേക്ഷകർ ഇതിനോടകം തന്നെ തന്റെ മേഖലയിൽ ഒരു നിശ്ചിത നിലവാരത്തിലുള്ള പരിശീലനം സിദ്ധിച്ചിരിക്കണം. തന്റെ ഗുരുവിന്റെ ശിക്ഷണത്തിലോ ഏതെങ്കിലും സ്ഥാപനത്തിലോ  കുറഞ്ഞത് 5 വർഷത്തെ പരിശീലനം അപേക്ഷാർഥി നേടിയിരിക്കണം. ഇതിലേക്ക് ഇപ്പോഴത്തെ ഗുരു/സ്ഥാപനം അല്ലെങ്കിൽ മുൻപത്തെ ഗുരു/സ്ഥാപനം ഒപ്പിട്ട ഒരു സാക്ഷ്യപത്രം അപേക്ഷയ്ക്കൊപ്പം നൽകണം. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ സാംസ്കാരിക മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഗുരുവിനെ മാറ്റാനോ സ്ഥാപനം മാറാനോ അനുമതിയില്ല. വിഷ്വൽ ആർട്സ് വിഭാഗത്തിലെ അപേക്ഷകർക്കു ഫൈൻ ആർട്സിൽ ബിരുദം/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ശിൽപകല, സംഗീതം, നൃത്തം, തിയറ്റർ, ഫോക്ക്, ഇൻഡിജിനസ് ആർട് എന്നിവയിലൊന്നും അപേക്ഷിക്കാൻ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ല. ഏതെങ്കിലും ഒരു മേഖലയിൽ ഈ സ്കോളർഷിപ്പ് ഒരിക്കൽ കിട്ടിയവർക്ക് വീണ്ടും അപേക്ഷിക്കാൻ അർഹതയില്ല.

അപേക്ഷ എങ്ങനെ?

അപേക്ഷ ഓൺലൈനായി 2018 ഡിസംബർ 11നകം http://csms.nic.in/scheme_status.php അല്ലെങ്കിൽ www.ccrtindia.gov.in എന്ന വെബ്സൈറ്റ് വഴി നൽകാം. ഒരാൾക്ക് ഏതെങ്കിലും ഒരു മേഖലയിലേയ്ക്കു മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.ഒന്നിൽ കൂടുതൽ മേഖലയിൽ അപേക്ഷിച്ചാൽ എല്ലാ അപേക്ഷകളും തള്ളും. വിജയകരമായി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾക്ക് സിസ്റ്റം എൻറോൾമെന്റ് നമ്പർ അനുവദിക്കും. ഭാവിയിലെ എഴുത്തുകുത്തുകൾക്ക് ഈ നമ്പർ ഉപയോഗിക്കണം. അപേക്ഷ നൽകിയ ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്തുവയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. തുടർന്ന് അവരെ ഇന്റർവ്യൂ/പെർഫോമൻസ്/രേഖാ പരിശോധന എന്നിവയ്ക്കായി വിളിക്കും. ഇതിന്റെ വിശദാംശങ്ങൾ ഇമെയിൽ വഴി അറിയിക്കും. ഈ ഘട്ടത്തിൽ ഹാജരാക്കേണ്ട രേഖകളുടെ പൂർണ പട്ടിക വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. 

അപേക്ഷയുടെ പ്രിന്റൗട്ട്, അപേക്ഷാർഥിയുടെ ഫോട്ടോയുടെ കോപ്പികൾ, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, ഗുരുവിൽ നിന്നും/സ്ഥാപനത്തിൽ നിന്നുമുള്ള നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയൊക്കെ അവയിൽ ഉൾപ്പെടും. ഒരു വിദഗ്ധ സമിതിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പു നടത്തുക. സ്കോളർഷിപ്പ് ലഭിക്കുന്നവർ ആറു മാസം കൂടുമ്പോൾ പ്രോഗ്രസ് റിപ്പോർട്ട് നൽകണം. ഇതു വൈകുന്ന പക്ഷം സ്കോളർഷിപ്പ് തടഞ്ഞുവയ്ക്കും. ഫെലോഷിപ്പ് കാലയളവിൽ  സ്വന്തം വിലാസത്തിൽ മാറ്റമുണ്ടാകുന്നപക്ഷം അതു യഥാസമയം സിസിആർടിയെ അറിയിക്കുക. സ്കോളർഷിപ്പ് സംബന്ധിച്ച വിശദാംശങ്ങൾക്ക് www.indiaculure.nic.inwww.ccrtindia.gov.in എന്നീ വെബ്സൈറ്റുകൾ കാണണം.