Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബിഎ കോളജ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

student

മാനേജ്‌മെന്റ് ലോകത്തേക്കുള്ള ചവിട്ടു പടിയാണു കൊള്ളാവുന്ന കോളജില്‍നിന്നു പൂര്‍ത്തിയാക്കുന്ന എംബിഎ. എംബിഎ ആയാലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ആയാലും നല്ല കോളജില്‍നിന്നു പഠിച്ചില്ലെങ്കില്‍ പ്രയോജനമില്ല. 

മാനേജ്‌മെന്റ് പഠനത്തിനു കോളജ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. റാങ്കിങ്
വിവിധ പ്രസിദ്ധീകരണങ്ങളും വെബ്‌സൈറ്റുകളുമൊക്കെ ബിസിനസ് സ്‌കൂള്‍ റാങ്കിങ്ങുകള്‍ പുറത്തിറക്കാറുണ്ട്. റിസല്‍ട്ട്, പ്ലേസ്‌മെന്റ്, ഫീസ് തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണു റാങ്കിങ് തയാറാക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ബിസിനസ് താത്പര്യങ്ങള്‍ ഈ റാങ്കിങ്ങില്‍ വെള്ളം ചേര്‍ക്കാറുണ്ട്. അതുകൊണ്ട് റാങ്കിങ്ങിന്റെ കാര്യത്തില്‍ ഏറ്റവും വിശ്വസിക്കാവുന്നത് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രേംവര്‍ക്കാണ് (എന്‍ഐആര്‍എഫ് ).  https:// www.nirfindia.org/Home

2. പ്ലേസ്‌മെന്റ്
നല്ല സ്ഥാപനങ്ങള്‍ക്കു നല്ല പ്ലേസ്‌മെന്റ് റെക്കോര്‍ഡുകളും ഉണ്ടാകും. പ്ലേസ്‌മെന്റിനെത്തുന്ന സ്ഥാപനങ്ങളുടെ പെരുമ, പ്ലേസ്‌മെന്റ് ലഭിച്ച കുട്ടികളുടെ എണ്ണം, അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട മീഡിയന്‍ ശമ്പളം എന്നിവയും അഡ്മിഷനു മുന്‍പു പരിഗണിക്കണം. ഇവിടെയും എന്‍ഐആര്‍എഫ് നല്‍കുന്ന പ്ലേസ്‌മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രയോജനപ്പെടും.  

3. ഫീസ്
മാനേജ്‌മെന്റ് പഠനം ചെലവേറിയ കാര്യമായതിനാല്‍ ഓരോ കോളജിലും നല്‍കേണ്ടി വരുന്ന ഫീസും താരതമ്യം ചെയ്യണം. താരതമ്യേന കുറഞ്ഞ ഫീസു വാങ്ങുന്ന, എന്നാല്‍ നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത എഫ്എംഎസ് ഡല്‍ഹി, ടിസ്സ് മുംബൈ, ജെബിഐഎംഎസ് മുംബൈ, ഐഐടി പുണെ പോലുള്ള  സ്ഥാപനങ്ങളുണ്ട്. 

4. സ്‌കോളര്‍ഷിപ്പ് അടക്കമുള്ളവ
കോളജിലെ വിദ്യാർഥികളുടെ വൈവിധ്യം, സ്‌കോളര്‍ഷിപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാപനം ഏറ്റെടുത്ത ഗവേഷണ പദ്ധതികള്‍, സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന കണ്‍സൽറ്റന്‍സി സേവനങ്ങള്‍, ഫാക്കല്‍റ്റി അംഗങ്ങളുടെ യോഗ്യതകള്‍, കോളജിന്റെ അക്രഡിറ്റേഷന്‍ തുടങ്ങി മറ്റു കാര്യങ്ങളും പരിഗണിക്കണം. 

5. പൂര്‍വവിദ്യാർഥികള്‍
ഒരു സ്ഥാപനത്തില്‍നിന്നു പഠിച്ചിറങ്ങിയ പൂര്‍വവിദ്യാർഥികളും അവരുടെ പ്രകടനവുമൊക്കെ ആ സ്ഥാപനത്തിന്റെ ഗുണനിലവാര നിര്‍ണയത്തിനു സഹായിക്കും. ബഹുജനം പലവിധമായതിനാല്‍ കിട്ടുന്ന അഭിപ്രായങ്ങളില്‍ സ്വന്തം യുക്തി കൂടി പ്രയോഗിച്ചു മാത്രം ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതാകും നല്ലത്. 

More Campus Updates>