Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസരപരീക്ഷകളിൽ വിജയിക്കാൻ ഇതു മാത്രം മതി

exam-preparation

കടുത്ത ഏതു മൽസരത്തിൽ വിജയിക്കാനും ആവർത്തിച്ചുള്ള പരിശീലനവും തെറ്റു തിരുത്തലും സഹായകമാകും. 100 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനത്ത് എത്തുന്നയാൾ സ്റ്റാര്‍ട്ടിങ് ബ്ലോക്ക് മുതൽ ഫിനിഷിങ് ലൈൻ വരെയുള്ള ചലനങ്ങൾ എത്രയോ തവണ കോച്ചിന്റെ സഹായത്തോടെ ആവർത്തിച്ചു പരിഷ്കാരങ്ങൾ വരുത്തിക്കാണുമെന്ന് ഓർക്കുക. 

പ്രഫഷനൽ കോഴ്സ് എൻട്രൻസിനും തൊഴിലന്വേഷണത്തിന്റെ ഭാഗമായ മൽസരപ്പരീക്ഷകൾക്കും പരിശീലനം പ്രധാനമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പല പഠനമാർഗങ്ങളിലും കടന്നെത്താൻ മൽസരപ്പരീക്ഷകളിൽ പങ്കെടുത്തേ മതിയാകൂ. ശൈലിയുടെയും സമീപനത്തിന്റെയും കാര്യത്തിൽ മൽസരപ്പരീക്ഷകൾക്ക് സ്കൂൾ/ കോളജ് പരീക്ഷകളിൽ നിന്നു ഗണ്യമായ അന്തരമുണ്ട്. അക്കാരണത്താൽത്തന്നെ അവയ്ക്കുള്ള തയാറെടുപ്പിന്റെ മട്ടും ഭാവവും വ്യത്യസ്തമായിരിക്കും.

അക്കാദമിക പരീക്ഷ വേറെ, മൽസരപ്പരീക്ഷ വേറെ
ഇന്നു പ്രചാരത്തിലുള്ള ശൈലിയിലെ മൽസരപ്പരീക്ഷകളിൽ പല രക്ഷിതാക്കളും പങ്കെടുത്തിട്ടുണ്ടാവില്ല. അവയ്ക്കു വേണ്ടി എങ്ങനെ തയാറെടുക്കണമെന്നു വ്യക്തമായി പറഞ്ഞു കൊടുക്കാൻ അവർക്കു കഴിഞ്ഞെന്നു വരില്ല. സ്കൂൾ/ കോളജ് അധ്യാപകർ ഏറിയ കൂറും അക്കാദമിക് പരീക്ഷകളെപ്പറ്റി മാത്രമാണു ക്ലാസിൽ ചർച്ച ചെയ്യുക. പലപ്പോഴും ജീവന്മരണ പ്രശ്നത്തിന്റെ രൂപം ആർജിക്കുന്ന മൽസരപ്പരീക്ഷയുടെ മുന്നിൽ എങ്ങനെ പരിശീലിക്കണമെന്നു വ്യക്തമായ ധാരണയില്ലാതെ കുട്ടികൾ നിസ്സഹായരായി നിന്നു പോയേക്കാം. നഗരങ്ങളിലെ കോച്ചിങ് ക്ലാസുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ കുട്ടികളാണ് ഈ പ്രയാസം കൂടുതലും അനുഭവിക്കാറുള്ളത്. 

മൽസരപ്പരീക്ഷകളുമായി പരിചയമില്ലാത്ത രക്ഷിതാക്കളുടെ മാർഗനിർദേശം തെറ്റിപ്പോയെന്നു വരാം. ബിഎസ്‌സിയോ എംഎസ്‍സിയോ ഉയർന്ന നിലയിൽ ജയിച്ച മകൾ ക്ലെറിക്കൽ ടെസ്റ്റിൽ എഴുതിയാൽ നല്ല റാങ്ക് നേടുമെന്നു രക്ഷിതാവ് കരുതിയേക്കാം. എസ്എസ്എൽസിക്കാർക്കു പോലും എഴുതാൻ അനുവാദമുള്ള പരീക്ഷയിൽ എംഎസ്‍സിക്കാരി നിഷ്പ്ര യാസം മികവു തെളിയിക്കുമെന്നു വിചാരിച്ചു പോകുക സ്വാഭാവികം. പക്ഷേ, ഈ വിചാരം യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയാണ്. ഇതിന്റെ കാരണങ്ങൾ കാണുക. മൽസരപ്പ രീക്ഷകളിൽ മിക്കവാറും ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ്. അക്കാദമിക് പരീക്ഷകളിലെ വിവരണരീതിയുമായി പരിചയിച്ചതു കൊണ്ടു മാത്രം ഇവയെ ഫലപ്രദമായി നേരിടാൻ കഴിയില്ല.

ക്ലാസ്സിൽ പഠിച്ച പാഠം അതേപടി എഴുതി ഉയർന്ന മാർക്ക് നേടാൻ ഒട്ടുമിക്ക അക്കാദമിക് പരീക്ഷകളിലും ബുദ്ധിമുട്ടില്ല. പക്ഷേ, മൽസരപ്പരീക്ഷകളിൽ പലപ്പോഴും വേണ്ടിവരുക ആർജിതവിജ്ഞാനത്തിന്റെ പ്രയോഗമാണ്. ഇത്തരം പ്രയോഗ മുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നേടി വരുന്നയാളെ മൽസരത്തിൽ പിൻതള്ളാൻ അറിവു മാത്രമുള്ള സമർഥനു നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ കഴിഞ്ഞെന്നു വരില്ല.

ഒട്ടെല്ലാ മൽസരപ്പരീക്ഷകളിലും സമയക്കുറവ് ഏൽപിക്കുന്ന പിരിമുറുക്കം ഉണ്ടായിരിക്കും. ഏറ്റവും നല്ല പരിശീലനം കഴിഞ്ഞു വരുന്ന അതിസമർഥനു പോലും ക്ലിപ്തസമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകാൻ എളുപ്പ മല്ല. അപ്പോൾ വിശേഷ പരിശീലനത്തിന്റെ പിൻബലമില്ലാത്തയാൾക്കു പിടിച്ചു നിൽക്കാൻ തന്നെ ക്ലേശകരമാകും.

സ്കൂളിലോ കോളജിലോ പഠിച്ചിട്ടില്ലാത്ത പല വിഷയങ്ങളും മൽസരപ്പരീക്ഷകളിൽ ഉൾപ്പെട്ടിരിക്കും. യുക്തിചിന്ത, പൊതു വിജ്ഞാനം, ക്ലെറിക്കൽ അഭിരുചി, വിശകലനശേഷി എന്നിവ ഉദാഹരണം. വിദ്യാലയത്തിൽ പഠിച്ച വിഷയമാണെങ്കിൽത്തന്നെയും ചോദ്യരീതികൾ തീർത്തും വ്യത്യസ്തമാണെന്നു വരാം. ജനറൽ ഇംഗ്ലീഷ്, ന്യൂമെറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂ‍ഡ് എന്നീ മൽസരമേഖലകളിൽ ഉദ്യോഗാർഥി കൈകാര്യം ചെയ്യേണ്ടത് പണ്ടു പഠിച്ച ഇംഗ്ലീഷും കണക്കും മാത്രമാണെന്ന് ഒഴുക്കനായി പറയാം. പക്ഷേ, അക്കാദമിക് പരീക്ഷകളിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത പല ചോദ്യങ്ങളും മൽസരപ്പരീക്ഷയിൽ ഉണ്ടാവുമെന്നതു തീർച്ച. ഒരു ചോദ്യത്തിന്റെ ഉത്തരത്തിലെ തെറ്റും ശരിയും ആവാം ജോലിക്കു സിലക്ഷൻ ഉണ്ടോ ഇല്ലയോ എന്നതു തീരുമാനിക്കുക. അത്രമാത്രം നിർണായകമായ പരീക്ഷയിൽ ചോദ്യശൈലിയുടെ കുരുക്കഴിച്ചു വരുമ്പോഴേക്കും ബാക്കി ചോദ്യങ്ങൾ വായിക്കാൻ പോലും നേരം കിട്ടാതെയാകാം. 

മൽസരപ്പരീക്ഷ എഴുതുമ്പോൾ പിരിമുറുക്കം (ടെൻഷൻ) പൊതുവേ കൂടുതലായിരിക്കും. അക്കാദമിക് പരീക്ഷകളിൽ നിശ്ചിത നിലവാരം പുലർത്തിയാൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, പാസ് മുതലായവ ഉറപ്പാണ്. പക്ഷേ, ഇവിടെ കഥയതല്ല. മൽസരിക്കുന്ന ബഹുഭൂരിപക്ഷം പേരെയും പിൻതള്ളി റാങ്ക് ലിസ്റ്റിന്റെ ആദ്യവരികളിൽ എത്താനുള്ള വ്യഗ്രത ഓരോ നിമിഷവും മനസ്സിൽ നിറഞ്ഞു നിൽക്കും. ഇത്തരം പിരിമുറുക്കത്തിൽ നിന്നു കൊണ്ട് യുക്തിപൂർവം ചിന്തിക്കാൻ ശ്രമിക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണെങ്കിൽ യുക്തിയും ബുദ്ധിയുമൊക്കെ വഴിവിട്ടു പോകാനും മതി. പാഠങ്ങളെല്ലാം നന്നായി പഠിച്ചു പോകുന്ന കുട്ടിക്ക് അക്കാദമിക് പരീക്ഷകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് ഏതാണ്ട് ഉറപ്പാണ്. പക്ഷേ, മൽസരപ്പരീക്ഷയിൽ അങ്ങനെ തീർത്തും ഉറപ്പാക്കാൻ സാധ്യമല്ല. ഇക്കാര്യം വിജയാർഥിയിൽ ഏറെ സമ്മർദ്ദം ഉളവാക്കുന്നു. 

പിടിച്ചു നിൽക്കാൻ ഉറച്ച ആത്മവിശ്വാസം കൂടിയേ തീരൂ. അറിവും സാമർഥ്യവും നന്നായുണ്ടെങ്കിലും ആത്മവിശ്വാസക്കുറവു കാരണം അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോകു ന്നവരുണ്ട്. 

ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തം. പാഠഭാഗങ്ങൾ ഒന്നാന്തരമായി പഠിച്ചുറച്ചുതു കൊണ്ട് മാത്രം മൽസരപ്പരീക്ഷയില്‍ ഉന്നത റാങ്ക് നേടാനാവില്ല. ചോദ്യശൈലിയും നിലവാരവും ഒബ്ജെക്റ്റീവ്  ചോദ്യങ്ങൾക്ക് ഉത്തരം അടയാളപ്പെടുത്തിപ്പോകുന്നതിനുള്ള തന്ത്രവും നന്നായി ഗ്രഹിച്ചിരുന്നെങ്കിലേ റാങ്ക് ഉറപ്പാക്കാൻ കഴിയൂ. 

ഓരോ ടെസ്റ്റിനും വേണം വിശേഷ പരിശീലനം
അറിവിനുള്ളതിനോളം പ്രാധാന്യം അഭ്യാസത്തിനുമുണ്ടെന്നു തിരിച്ചറിഞ്ഞു തയാറെടുക്കണം. ഓരോ പരീക്ഷയ്ക്കും യോജിച്ചപടി ചിട്ടയൊപ്പിച്ച് വിശേഷ പരിശീലനം നടത്തുക. ആത്മ വിശ്വാസത്തിൽ മുറുകെപ്പിടിക്കുക എന്നിവയാണ് മുൻഗണന നൽകി അനുവർത്തിക്കേണ്ട നടപടികൾ.

വിശേഷ പരിശീലനത്തിന്റെ ഘടകങ്ങൾ
1. ഏതു ടെസ്റ്റിനു വേണ്ടി തയാറെടുക്കുന്നുവോ അതിനു വേണ്ടിയുള്ള പ്രത്യേക നടപടികൾ.
2. പരീക്ഷയെഴുതുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിലിരുന്നു നടത്തുന്ന ടെസ്റ്റ് റിഹേഴ്സൽ.
പല മൽസരപ്പരീക്ഷകളിലും പൊതുവായ വിഷയങ്ങൾ ഉണ്ടെന്നതു ശരി. പക്ഷേ, ഓരോ െടസ്റ്റും സവിശേഷമായ ചില ശൈലികളും നിലവാരവും സ്വീകരിച്ചു. പ്രത്യേക തരത്തിലുള്ള ചോദ്യങ്ങൾ മാത്രം പ്രയോജനപ്പെടുത്തുന്നതായി കണ്ടു വരുന്നു. അതനുസരിച്ചാവണം പരിശീലനം. ‘മൽസരപ്പരീക്ഷയ്ക്കുള്ള കണക്കു ഞാൻ പഠിച്ചു’ എന്നു പറയാൻ കഴിയുന്നതു നല്ലതു തന്നെ. പക്ഷേ, ഇന്ന പരീക്ഷയ്ക്ക് എന്നുകൂടി പറയാൻ കഴിയണം. നാം എഴുതാൻ പോകുന്ന പരീക്ഷയുടെ ഏതാനും മുൻചോദ്യക്കടലാസുകൾ കണ്ടെത്തി, അവയിലെ ചോദ്യശൈലിയെ സമർഥമായി നേരിടാൻ കഴിയുമോയെന്ന് ഉറപ്പാക്കുന്നതാണു പ്രധാനം. അതിനു കഴിയുമെങ്കിൽ നാളെ വേറൊരു മൽസരപ്പരീക്ഷയിലെ കണക്കുകളെ നേരിടാൻ അതിലെ ചോദ്യരീതികൾ മനസ്സിൽ വച്ചു നമ്മുട പരിശീലനത്തിനു ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാകും. 

ക്ലെറിക്കൽ ടെസ്റ്റ്, ബാങ്ക് ഓഫിസർ ടെസ്റ്റ്, സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ/ യുപിഎസ്‍സി എന്നിവ നടത്തുന്ന റിക്രൂട്മെന്റ് ടെസ്റ്റുകൾ എന്നിവയിൽ പലതിലും യുക്തി ചിന്ത (റീസണിങ് എബിലിറ്റി) സംബന്ധിച്ച ചോദ്യങ്ങളുണ്ട്. ഈ വിഭാഗത്തിൽ അസംഖ്യം രീതികളിൽ ചോദ്യങ്ങൾ ഉണ്ടാക്കാൻ കഴിയും. പക്ഷേ, ഓരോ ടെസ്റ്റിലും ഏതെങ്കിലും ചില രീതികൾ മാത്രമുള്ള ചോദ്യങ്ങളാണ് ആവർത്തിക്കാറുള്ളത്. യുക്തിചിന്ത / ബുദ്ധിശക്തി നിർണയിക്കുന്ന പൊതുതത്ത്വങ്ങളും പ്രധാന ചോദ്യശൈലികളും സ്വായത്തമായിരിക്കുന്നത് ഏതു ടെസ്റ്റിനെ നേരിടാനും സഹായകമാവുമെന്ന് തീർച്ച. പക്ഷേ, അത്രമാത്രം പോരാ. നാം എഴുതാൻ ഉദ്ദേശിക്കുന്ന ടെസ്റ്റിന്റെ മുൻ ചോദ്യക്കടലാസുകളെടുത്ത് അവയിൽ യുക്തിചിന്ത സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ രീതികളും നിലവാരവും നന്നായി ഗ്രഹിക്കുന്നത് ഏറ്റവും പ്രധാനമാണ്. ഈ ചോദ്യങ്ങളും സമാന ചോദ്യങ്ങളും ഉപയോഗിച്ച് ആവർത്തിച്ചു പരിശീലനം ചെയ്യണം. കൂടുതൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്തോറും അവയിലെ യുക്തിയുമായി നാം അടുക്കുന്നു. അത്തരത്തിലുള്ള ചോദ്യങ്ങൾ യഥാർഥ ടെസ്റ്റിൽ കാണുമ്പോൾ പഴയ സുഹൃത്തുക്കളെ കാണുമ്പോഴുള്ള സന്തോഷത്തോടെയന്നവണ്ണം അവയുമായി ഇടപെടാനും പെട്ടെന്ന് ഉയരത്തിലെത്താനും കഴിയുന്നു. 

More Campus Updates>