sections
MORE

യുഎസും എച്ച് 1ബി വീസയും സ്വപ്നങ്ങളിലുണ്ടോ?

Carrer-Guru-7col-t
SHARE

യുഎസും എച്ച് 1ബി വീസയും 2019ന്റെ സ്വപ്നങ്ങളിലുണ്ടോ ? എങ്കിൽ ഈ ട്രെൻഡ് അറിയൂ...

തൊണ്ണൂറുകളുടെ അവസാനം. ഞങ്ങൾ, ഒരു കോളജിൽ പഠിച്ച 40 പേർ, ബെംഗളൂരുവിൽ ഒരു ലോഡ്ജിൽ താമസിച്ചു ജോലി തേടുന്നു. ദിവസവും ഇന്റർവ്യൂകൾ. ചിലർക്കു ജോലി ലഭിക്കും.

പലരും ആദ്യ മാസങ്ങളിൽ തന്നെ യുഎസിലെത്തി; ചിലർ ആഴ്ചകൾക്കകംതന്നെ. വൈ2കെ കത്തിനിൽക്കുന്ന സമയം. അതിന്റെ പകിട്ടു തീരും മുൻപേ ഡോട്കോം ബൂം തുടങ്ങി. അന്ന് ആ ലോഡ്ജിലുണ്ടായിരുന്ന 80 % പേരെങ്കിലും യുഎസിലെത്തി. പലരും സ്ഥിരതാമസവുമാക്കി; ഞാൻ ഉൾപ്പെടെ.

അന്നു ഞങ്ങൾക്കു സഹായമായത് എച്ച്1ബി വീസയാണ്. സ്പെഷ്യൽറ്റി ജോലികളിൽ വിദേശികളെ നിയമിക്കാനുള്ള താൽക്കാലിക വീസ. 3 കൊല്ലം കാലാവധി. ഒരു തവണ കൂടി 3 കൊല്ലത്തേക്കു നീട്ടാം. ഈ കാലയളവിൽ ഗ്രീൻ കാർഡിന് അപേക്ഷിച്ചാൽ 3 കൊല്ലം വച്ചു പിന്നെയും നീട്ടാം. അവസാനം ഗ്രീൻ കാർഡ് ലഭിച്ചാൽ സ്ഥിരതാമസമാക്കാം. 

ആ കാലം മാറി

ഇന്നു വീസ നീട്ടാൻ അപേക്ഷിക്കുമ്പോൾ നിരസിക്കപ്പെടുന്നതിന്റെ കഥകളാണു കേൾക്കുന്നത്. രാജ്യം വിട്ടുപോകാൻ 10 ദിവസമേ കിട്ടൂ. പലരും വീട് വിൽക്കാൻ സാധിക്കാതെ ആ ചുമതല സുഹൄത്തുക്കളെ ഏൽപിച്ചു മടങ്ങുന്നു. ആദ്യമൊക്കെ സുഹൄത്തിന്റെ പരിചയക്കാരന്റെ അനുഭവമാണു കേട്ടിരുന്നതെങ്കിൽ ഇപ്പോൾ നേരിട്ടു പരിചയമുള്ളവരുടെ അനുഭവങ്ങളും കേട്ടുതുടങ്ങി.

പെട്ടെന്നുള്ള മാറ്റത്തിനു കാരണങ്ങൾ രണ്ട്. ആദ്യത്തേത്, മാറിയ രാഷ്ട്രീയാന്തരീക്ഷം. Buy American, Hire American എന്നതാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. എച്ച്1ബി വീസാ കാലാവധി നീട്ടരുതെന്നു തെളിച്ചുപറയുന്നില്ലെങ്കിലും കീഴ്‌‌വഴക്കം അതായി.

രണ്ടാമതായി, കംപ്യൂട്ടർ പ്രോഗ്രാമിങ്ങിനെ സ്പെഷ്യൽറ്റി ജോലിയായി കരുതാനാകില്ലെന്ന നിലപാടിലേക്കു വീസ നൽകുന്ന യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് മാറി. ഈ നയംമാറ്റം ബറാക് ഒബാമ പ്രസിഡന്റായിരുന്ന അവസാന വർഷം തന്നെയുണ്ടായി. 2004 – 2015 കാലത്തു നിരസിക്കപ്പെടുന്ന വീസ അപേക്ഷകൾ 5 - 10 % ആയിരുന്നു. ഒബാമ ഭരണത്തിന്റെ അവസാന വർഷമായ 2015-2016ൽ ഇത് 25 % ആയി. ട്രംപ് പ്രസിഡന്റായ 2017ൽ  63 % ആയി. 2018 ഒക്ടോബർ മുതലുള്ള അനൗദ്യോഗിക കണക്കുകൾ പ്രകാരം 53 % ആണു റിജക്‌ഷൻ റേറ്റ്.

ജോലിയല്ല പ്രോഗ്രാമിങ്

കംപ്യൂട്ടർ പ്രോഗ്രാമിങ് സ്പെഷ്യൽറ്റി ജോലി അല്ലെന്ന നയംമാറ്റം ആകുലപ്പെടുത്തുന്നതാണ്. കമ്പനികൾ മാറിച്ചിന്തിച്ചു തുടങ്ങിയതിന്റെ പ്രതിഫലനമാണത്. 2016ൽ ലിബർട്ടി മ്യൂച്വൽ എന്ന ഇൻഷുറൻസ് കമ്പനി എഴുനൂറോളം ഐടി ജീവനക്കാരെ പിരിച്ചുവിട്ടു. ഭൂരിപക്ഷവും ഇന്ത്യൻ ഐടി കമ്പനികളിൽ നിന്നുള്ള കൺസൽറ്റന്റുമാർ. പകരം മാനേജ്മെന്റ് റോളിലും മറ്റുമുള്ളവരെ ആറു മാസം ട്രെയിനിങ് നൽകി പ്രോഗ്രാമർമാരാക്കി. ഇതു വൻ വിജയമായതോടെ മറ്റു കമ്പനികളും ഇതേ വഴിക്കു നീങ്ങുന്നു.

സയൻസിന്റെ തിരിച്ചുവരവ്

ഇതൊക്കെയാണെങ്കിലും എച്ച്1ബി ഇല്ലാതാകില്ല. ഇരുപതോളം കമ്പനികളുടെ കരിയർ പേജുകൾ വിശകലനം ചെയ്തതിൽനിന്ന് ഒരു കാര്യം വ്യക്തം. കമ്പനികൾ കഴിവുള്ളവരെ തേടിനടക്കുകയാണ്. പക്ഷേ, അവ ഡേറ്റ അനലിറ്റിക്സ്, കംപ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വിജ് പ്രോസസിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിലാണ്. പിജിയും പിഎച്ച്ഡിയും വേണം. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ പിജിയും പിഎച്ച്ഡിയും വിദേശ സർവകലാശാലയിൽനിന്നു പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയവരാകും ഇനി എച്ച്1ബി വീസയിൽ കൂടുതലായെത്തുക. കോർ സയൻസിന്റെ ദശകങ്ങളാണിനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA