sections
MORE

എംബിബിഎസ് മെറിറ്റിനേക്കാള്‍ തിളക്കം ഈ നഴ്സിങ്ങിന്

manju-biju
SHARE

ഡോക്ടറാകണോ നഴ്സാകണോ എന്നു ചോദിച്ചാൽ പ്ലസ്ടു കാലഘട്ടം വരെ ഡോക്ടർ എന്ന ഒറ്റ ഉത്തരം മാത്രമേ മഞ്ജു ബിജുവിന് ഉണ്ടായിരുന്നുള്ളു. നഴ്സിങ് എന്ന കരിയറിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എംബിബിഎസിനു മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചിട്ടും പോകാതിരുന്ന നിമിഷത്തെയോർത്തു സന്തോഷിക്കുന്നുണ്ട് ഈ മിടുക്കി. മിലിറ്ററി നഴ്സിങ്ങിനു ദേശീയ തലത്തിൽ ഒന്നാം റാങ്ക് ലഭിച്ച മഞ്ജുവിനു ബെംഗളൂരു കമാൻഡ് ഹോസ്പിറ്റലിൽ (എയർ ഫോഴ്‌സ്) ലെഫ്റ്റനന്റായി ഉയർന്ന വേതനത്തിൽ നിയമനം ലഭിച്ചു. മരട് അയിനിനട കണ്ണേങ്കാട്ട് വീട്ടിൽ കാക്കനാട് ഗവ. പ്രസ് ജീവനക്കാരനായ എം.ബിജുവിന്റെയും മെറീനയുടെയും മകളായ മഞ്ജു.

അവിചാരിത തിരഞ്ഞെടുപ്പ്
പത്താം ക്ലാസ് വരെ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. അച്ഛൻ ബിജുവിന് സ്ഥലംമാറ്റം ലഭിച്ചതോടെ ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലേക്കു മാറി. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയാണു ജയിച്ചത്. പ്ലസ് ടുവിന് ഒറ്റപ്പാലത്തു പഠിക്കുമ്പോഴും എല്ലാ ഞായറാഴ്ചയും അച്ഛനൊപ്പം തേവരയിലുള്ള എൻട്രൻസ് കോച്ചിങ് സെന്ററിൽ പരിശീലനത്തിനെത്തിയിരുന്നു. ഡോക്ടറാകുക എന്നതായിരുന്നു മഞ്ജുവിന്റെ ലക്ഷ്യം. മിലിറ്ററി നഴ്സിങ് പഠനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രക്കട്ടിങ്ങുമായി റിമ എന്ന സുഹൃത്ത് ഒരു ദിവസം സ്കൂളിലെത്തി. ഡോക്ടറാകാൻ മോഹിച്ച മഞ്ജുവിന് അപേക്ഷിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. മിലിറ്ററി നഴ്സിങ്ങിനെപ്പറ്റി കാര്യമായി ഒന്നുമറിയില്ല എന്നതായിരുന്നു വാസ്തവം. മഞ്ജു അടക്കം 10 സുഹൃത്തുക്കൾക്കു വേണ്ടി അപേക്ഷ സമർപ്പിച്ചതു കൂട്ടുകാരിയാണ്. ഒപ്പിട്ടു കൊടുത്തതു മാത്രമേ ഓർമയുള്ളു എന്നാണു മഞ്ജു പറയുന്നത്. ബെംഗളൂരുവിലെ വ്യോമസേനയുടെ സ്കൂൾ ഓഫ് മിലിറ്ററി നഴ്സിങ്ങിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്റർവ്യൂവിനുള്ള ക്ഷണം വന്നു. പക്ഷേ, തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന മെഡിക്കൽ എൻട്രൻസ് പരീക്ഷയിലായിരുന്നു മഞ്ജുവിന്റെ ശ്രദ്ധ മുഴുവനും. ഇന്റർവ്യൂവിനു പോകണ്ടയെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടു തീരുമാനം മാറ്റി, പോയി നോക്കാമെന്നായി.

ഉറച്ച തീരുമാനത്തിൽ മടക്കം
ഒരു ദിവസത്തെ ഇന്റർവ്യൂ പ്രതീക്ഷിച്ചാണു പോയത്. പക്ഷേ, ഇന്റർവ്യൂ പാസായതിനാൽ 4 ദിവസം നീളുന്ന വൈദ്യ പരിശോധനയിലും പങ്കെടുക്കണമെന്ന് അറിയിപ്പു കിട്ടി. അങ്ങനെ 5 ദിവസം ബെംഗളൂരുവിൽ. അവിടെ ചെന്നപ്പോഴാണു മിലിറ്ററി നഴ്സിങ് എന്ന കരിയറിനെപ്പറ്റി മ‍ഞ്ജു മനസിലാക്കുന്നത്. പഠനവും താമസവും ഭക്ഷണവുമെല്ലാം സൗജന്യം. രാജ്യത്താകെ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാർഥികൾക്കേ അവസരമുള്ളു. പെൺകുട്ടികൾക്കു മാത്രമാണു പ്രവേശനം. പഠനം പൂർത്തിയാക്കിയാലുടൻ മിലിട്ടറി, എയർഫോഴ്സ്, നേവി ആശുപത്രികളിൽ ഉയർന്ന വേതനത്തിൽ നിയമനം ലഭിക്കും. പ്രവേശനം ലഭിച്ചാൽ മിലിറ്ററി നഴ്സിങ് തന്നെ ജീവിതം എന്നു തീരുമാനിച്ചാണു മടങ്ങിയത്. തിരിച്ചെത്തി മെഡിക്കൽ എൻഡ്രൻസ് പരീക്ഷയും എഴുതി.

എംബിബിഎസ് വേണ്ട
മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ ഫലം വന്നപ്പോൾ മഞ്ജുവിനു മികച്ച റാങ്ക് ഉണ്ടായിരുന്നു. കാർണാടകയിലെ ഒരു മെഡിക്കൽ കോളജിൽ മെറിറ്റിൽ സീറ്റ് ലഭിക്കുകയും ചെയ്തു. എംബിബിഎസ് ഫീസ് കൊടുത്തു പഠിപ്പിക്കാമെന്നു മാതാപിതാക്കൾ ഉറപ്പു പറഞ്ഞെങ്കിലും മഞ്ജു മിലിറ്ററി നഴ്സിങ്ങിൽ ഉറച്ചുനിന്നു. മിലിറ്ററി റാങ്ക് ലിസ്റ്റിന്റെ ആദ്യ പട്ടികയിൽ തന്നെ ഇടംപിടിച്ച മഞ്ജു വൈകാതെ കോഴ്സിനു ചേർന്നു. എല്ലാ വർഷവും ഒന്നാം സ്ഥാനമുണ്ടായിരുന്നെങ്കിലും ദേശീയ തലത്തിൽ ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നു മഞ്ജു പറയുന്നു. രാജ്യത്താകെ അഞ്ചു സെന്ററുകളാണു മിലിറ്ററി നഴ്സിങ് പഠനത്തിനുള്ളത്.  ബെംഗളൂരു കേന്ദ്രത്തിലേക്കു വർഷങ്ങൾക്കു ശേഷം ഒന്നാം റാങ്ക് കൊണ്ടുവരാനായതിന്റെ അഭിമാനവും മ‍ഞ്ജുവിനുണ്ട്.

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA