sections
MORE

സ്റ്റാർട്ടപ് കിടിലനാണോ,ഗൂഗിൾ കൂട്ടിനുണ്ട്

google-launchpad
SHARE

നിങ്ങൾക്കൊരു കിടിലൻ സ്റ്റാർട്ടപ്പുണ്ടോ, എങ്കിൽ ചിറകുയർത്തി പറക്കാൻ ഗൂഗിള്‍ സഹായിക്കും ! ആർട്ടിഫിഷ്യൽ ഇന്റലി‍ജൻസ്, മെഷീൻ ലേണിങ് മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കു പിന്തുണ നൽകുന്ന ഗൂഗിൾ ലോഞ്ച്പാഡ് ആക്സിലറേറ്റർ പ്രോഗ്രാം രണ്ടാം സീസണിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആദ്യ സീസണിൽ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട 10 സ്റ്റാർട്ടപ്പുകളിലൊന്ന് തിരുവനന്തപുരത്തെ ജെൻറോബട്ടിക്സ് ആയിരുന്നു.  ആൾനൂഴി വൃത്തിയാക്കുന്ന ബാൻഡികൂട്ട് റോബട്ടിനെ വികസിപ്പിച്ച അവർ, ലോഞ്ച്പാഡിലെത്തിയതോടെ ഒരു വർഷമായി ഗൂഗിളിന്റെ മേൽനോട്ടത്തിലാണ്. 

നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കൊപ്പം പ്രവർത്തിച്ച് അവർക്കു സാങ്കേതിക പിന്തുണ നൽകുന്ന സംവിധാനമാണ് ആക്സിലറേറ്റർ. 2018 ജൂലൈയിലാണ് ഇന്ത്യയിൽ ഗൂഗിൾ ലോഞ്ച്പാഡ് ആക്സിലറേറ്റർ ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്കു ഗൂഗിൾ മെന്റർമാരുടെ സാങ്കേതികപിന്തുണ; ഗൂഗിൾ ക്ലൗഡിൽ 14– 70 ലക്ഷം രൂപ മൂല്യമുള്ള സൗജന്യ ക്രെഡിറ്റും. 

സ്റ്റാർട്ടപ്പുകളുടെ ആദ്യകാലനിക്ഷേപമായ സീഡ് ഫണ്ടിങ് എങ്കിലും ലഭിച്ച എംഎൽ, എഐ സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: developers.google.com/programs/launchpad/accelerators (ഇതിൽ ലോഞ്ച്പാഡ് ഇന്ത്യ തിരഞ്ഞെടുക്കുക).

ഗൂഗിൾ പഠിപ്പിക്കും, ബട്ടൺ എവിടെ വയ്ക്കണമെന്നുപോലും

ഗൂഗിള്‍ ലോഞ്ച്പാഡ് അനുഭവങ്ങൾ ജെൻറോബട്ടിക്സ് കോ–ഫൗണ്ടർ റാഷിദ് ബിൻ അബ്ദുല്ല പങ്കുവയ്ക്കുന്നു

നമ്മെക്കാൾ നന്നായി നമ്മുടെ സ്റ്റാർട്ടപ്പിനെക്കുറിച്ചു ഗൂഗിൾ പഠിക്കും, ഓൺലൈനായി അപേക്ഷിച്ചപ്പോൾ തന്നെ സാമൂഹിക പ്രസക്തി ചോദിച്ചിരുന്നു. അന്തിമറൗണ്ടിൽ ഉൾപ്പെട്ട 10 സ്റ്റാർട്ടപ്പുകൾക്കു രണ്ടാഴ്ച ഗൂഗിളിന്റെ ബെംഗളൂരു ആസ്ഥാനത്തു കഠിന പരിശീലനം (ബൂട്ട്ക്യാംപ്). താമസം, വിമാനക്കൂലി, ഭക്ഷണം എല്ലാം വഹിക്കും. ബിസിനസ്, ടെക്നോളജി, ഫണ്ടിങ് അങ്ങനെ എല്ലാ വിഷയങ്ങളിലും ക്ലാസ്. ഗൂഗിളിലെ ഒരു വിദഗ്ധനെ ടീം ലീഡായി അനുവദിക്കും. എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തോടു ചോദിക്കാം. 

ആൾനൂഴി വൃത്തിയാക്കാനുള്ള ഉൽപന്നമായതിനാൽ തീർത്തും സാധാരണക്കാരാകും ഞങ്ങളുടെ റോബട്ട് ഉപയോഗിക്കുകയെന്നു പറഞ്ഞശേഷം ഗൂഗിളിന്റെ സൂക്ഷ്മ ഇടപെടലുകൾ ഞങ്ങളെ അദ്ഭുതപ്പെടുത്തി. റോബട്ടിലെ ഓരോ ബട്ടണും എവിടെ വയ്ക്കണം, അവയുടെ വലുപ്പവും നിറവും എങ്ങനെയായിരിക്കണം എന്നെല്ലാം പറഞ്ഞുതന്നു. യൂസർ എക്സ്പീരിയൻസിന് (യുഎക്സ്) ഗൂഗിൾ നൽകുന്ന പ്രധാന്യം അത്രത്തോളം. 

ബൂട്ട്ക്യാംപ് കഴിഞ്ഞതോടെ ഒരു വർക് ഷീറ്റ് നൽകി. ഓരോ ഘട്ടത്തിലുമുള്ള ലക്ഷ്യങ്ങൾ രേഖപ്പെടുത്തണം. അതു ഗൂഗിൾ സമയാസമയം പരിശോധിക്കും. പ്രോഗ്രാമിങ്ങിലോ ഡവലപ്മെന്റിലോ എവിടെയെങ്കിലും നമ്മൾ വഴിയറിയാതെ നിന്നാൽ അവരുടെ സഹായം തേടാം. കഴിഞ്ഞ മാസം രണ്ടു ദിവസത്തെ നേതൃപരിശീലന ക്യാംപുണ്ടായിരുന്നു. 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CAREER GURU
SHOW MORE
FROM ONMANORAMA