ഗൂഗിൾ, ഫോബ്‌സ് അവാർഡുകൾ; എന്നിട്ടും എന്തിനാണ് ആ സ്‌കോളർഷിപ്പുകൾ നിരസിച്ചത്?

ANN_MAKOSINSKI
SHARE

പതിനാറാം വയസിൽ ഗൂഗിളിന്റെ ശാസ്ത്ര പുരസ്കാരം,  ഇന്റൽ‌ രാജ്യാന്തര ശാസ്ത്ര മേളയിൽ അംഗീകാരങ്ങൾ, 30 യുവ പ്രതിഭകളുടെ ഫോബ്സ് പട്ടികയിൽ ഒരാൾ... ശാസ്ത്ര മേഖലയിൽ‌ ഇത്രയൊക്കെ നേട്ടങ്ങൾ കൊയ്തിട്ടും കാനഡക്കാരിയായ ആൻ മകോസിൻസ്കി എന്ന കൊച്ചുപ്രതിഭ എന്തുകൊണ്ടാണ് ഉപരിപഠനത്തിന് ഇംഗ്ലിഷ് സാഹിത്യം തിരഞ്ഞെടുത്തത്. 

‘‘മറ്റുള്ളവരുടെ സ്വപ്നങ്ങളിലല്ല, സ്വന്തം സ്വപ്നങ്ങളിൽ വേണം നമ്മൾ ജീവിക്കാൻ’’ എന്ന ആനിന്റെ മറുപടിയിൽ ഉത്തരം സ്പഷ്ടം. മനുഷ്യശരീരത്തിലെ ചൂടുകൊണ്ട് പ്രവർത്തിക്കുന്ന ഫ്ലാഷ് ലൈറ്റ്, മൊബൈൽ ഫോൺ ചാർജ് ചെയ്യാവുന്ന ചൂടുവെള്ളം നിറച്ച കപ്പ് തുടങ്ങിയ ജനകീയ കണ്ടുപിടിത്തങ്ങൾ നന്നേ ചെറുപ്പത്തിൽ നടത്തിയിട്ടും എൻജിനീയറിങ്ങിനുള്ള സ്കോളർഷിപ്പുകൾ ആൻ നിരാകരിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. 

ശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ മിടുക്കിയായിരുന്നെങ്കിലും, ആൻ ഫിസിക്സിലും കെമിസ്ട്രിയിലും മോശം വിദ്യാർഥിയാണെന്നത് അവൾ തന്നെ അംഗീകരിച്ച കാര്യമായിരുന്നു. അതുകൊണ്ട് ശാസ്ത്രത്തിൽ ബിരുദമെന്നത് അവൾക്ക് ആലോചിക്കാനേ കഴിയില്ലായിരുന്നു. ഇംഗ്ലിഷ് ഭാഷയും നാടകവുമായിരുന്നു സ്കൂളിൽ അവളുടെ ഇഷ്ട വിഷയങ്ങൾ. 

പക്ഷേ, വീട്ടിലെത്തിയാൽ അവൾ ശാസ്ത്ര‍ജ്‍ഞയാകും. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആൻ പ്രശസ്തമായ ഫ്ലാഷ് ലൈറ്റ് കണ്ടുപിടിക്കുന്നത്. ഫിലിപ്പീൻസിലുള്ള ഒരു കസിൻ നിരന്തരം വൈദ്യുതി മുടക്കം കാരണം രാത്രി വെളിച്ചമില്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്നത് നേരിട്ടുകണ്ടതാണ് ഈ കണ്ടുപിടിത്തത്തിനുള്ള അവളുടെ പ്രചോദനം.  2013ൽ ഗൂഗിളിന്റെ ശാസ്ത്ര അംഗീകാരം ഈ കണ്ടുപിടിത്തത്തിന് ആനിനെ തേടിയെത്തി. അതോടെ ആനും അവളുടെ ഫ്ലാഷ് ലൈറ്റും ലോകമെങ്ങും പ്രശസ്തമായി. പാഴായി പോകുന്ന ഊർജം ഉപയുക്തമാക്കുകയാണ് ആനിന്റെ ഫ്ലാഷ് ലൈറ്റ്, ഇമഗ് എന്നിവയുടെ അടിസ്ഥാനം. വ്യാപാര അടിസ്ഥാനത്തിൽ ഫ്ലാഷ് ലൈറ്റ് നിർമിച്ചു വിൽക്കാനുള്ള ഒരുക്കത്തിലാണ് ആൻ ഇപ്പോൾ. മാകോട്രോണിക്സ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇന്ന് അവൾ. ദിവസവും 20 മിനിറ്റെങ്കിലും ആഗ്രഹിക്കുന്ന കാര്യത്തിനായി പ്രയത്നിച്ചാൽ അതു നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യുമെന്ന സ്വന്തം ആപ്തവാക്യമാണ് ആനിനെ മുന്നോട്ടു നയിക്കുന്നത്. അവൾ കൂട്ടുകാർക്കു പറഞ്ഞുകൊടുക്കുന്നതും അതുതന്നെ.

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA