sections
MORE

ഇന്റേൺഷിപ്പുകൾ വിളിക്കുന്നു; ഒപ്പം അഞ്ചക്ക സ്റ്റൈപൻഡും!

Delhi
SHARE

ഇന്റേൺഷിപ് എന്നു കേൾക്കുമ്പോൾ അത് എൻജിനീയറിങ് പിള്ളേർക്കും മറ്റുമുള്ളതല്ലേയെന്നാണു പലരുടെയും മുൻവിധി. ഡൽഹിയിലേക്കു വരൂ. വിവിധ മേഖലകളിൽനിന്നുള്ളവർക്കു കേന്ദ്ര സർക്കാർ വകുപ്പുകളും പാർലമെന്റ് ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും വാതിലുകൾ തുറന്നിട്ടു കാത്തിരിക്കുകയാണ്. ചിലതിന് അഞ്ചക്ക സ്റ്റൈപൻഡുമുണ്ട്. ഡൽഹിയിൽ ചുവടുറപ്പിച്ചു കരിയർ കണ്ടെത്താം. സിവിൽ സർവീസസ് ലക്ഷ്യമിടുന്നവർക്കു കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും മറ്റും പ്രവർത്തനം അടുത്തറിയാം. 

ഇന്റേൺഷിപ് വാഗ്ദാനം ചെയ്യുന്ന ചില കേന്ദ്ര സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും

വിദേശകാര്യ മന്ത്രാലയം
ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കീഴിൽ  ആറു മാസം വരെ പ്രവർത്തിക്കാം. പ്രതിഫലമില്ല. ബിരുദധാരികളെങ്കിൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. പഞ്ചവൽസര കോഴ്സുകളിൽ മൂന്നു വർഷം പൂർത്തിയാക്കിയവർക്കും  അപേക്ഷിക്കാം. ഒരേ സമയം 30 പേർക്കാണ് അവസരം. അപേക്ഷകളിൽ സൂക്ഷ്മ പരിശോധനയും ഇന്റർവ്യൂവും ഉണ്ടാകും.  https://www.mea.gov.in/internship-in-mea.htm

ലോക്സഭാ സെക്രട്ടേറിയറ്റ്
രണ്ടു തരം ഇന്റേൺഷിപ്പുകൾ. പിജി കഴിഞ്ഞവർക്കു 3 മാസം. ആദ്യ രണ്ടു മാസം 20,000 രൂപ വീതവും മൂന്നാം മാസം 30,000 രൂപയും സ്റ്റൈപൻഡ്. 18 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാർഥികൾക്ക് ഒരു മാസത്തെ ഇന്റേൺഷിപ്പുമുണ്ട്. 25,000 രൂപ സ്റ്റൈപൻഡ്. രണ്ടിനും ഉയർന്ന പ്രായപരിധി 30 വയസ്സ്. വർഷം 50 പേരെ തിരഞ്ഞെടുക്കും. http://sri.nic.in/internship

നിതി ആയോഗ്
ആറാഴ്ച മുതൽ മൂന്നു മാസം വരെ ദൈർഘ്യം. എല്ലാ മാസവും പത്താം തീയതിക്കകം നിതി ആയോഗ് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സ്റ്റൈപൻഡ് ഇല്ല. https://www.niti.gov.in/career/internship

കേന്ദ്ര ധന മന്ത്രാലയം
i) ഇക്കണോമിക് അഫയേഴ്സ് വിഭാഗം: ഫസ്റ്റ് ക്ലാസ് ഇക്കണോമിക്സ് ബിരുദവുമായി പിജി ചെയ്യുന്നവർക്ക് 6 മാസം വരെ. സ്റ്റൈപൻഡ് മാസം 10,000 രൂപ.  https://mofapp.nic.in/DEA_Internship/Default.aspx

ii) ധന വിനിയോഗ വിഭാഗം: ഇക്കണോമിക്സ്, ഫിനാൻസ്, മാനേജ്മെന്റ്, നിയമ വിഷയങ്ങളിലെ പിജി വിദ്യാർഥികൾക്ക് രണ്ടു മുതൽ ആറു വരെ മാസം. ഡിഗ്രിക്കു ഫസ്റ്റ് ക്ലാസ് വേണം. സ്റ്റൈപൻഡ് മാസം 10,000 രൂപ. 

ഇലക്ട്രോണിക്സ്  & ഐടി
ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനു രണ്ടും മൂന്നും വർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി, ഇ - ഗവേണൻസ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കു മേയിലും ഡിസംബറിലും അവസരം. കാലാവധി 2 മാസം. മാസം 10,000 രൂപ സ്റ്റൈപൻഡ്.

നാഷനൽ മ്യൂസിയം
സയൻസ്, ഹിസ്റ്ററി, ആർക്കിടെക്ചർ, ഡിസൈൻ, എൻജിനീയറിങ്, ഫൊട്ടോഗ്രഫി, ലൈബ്രറി മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദധാരികൾക്ക് 6 – 12 ആഴ്ചത്തെ സമ്മർ-വിന്റർ ഇന്റേൺഷിപ്പുകൾ. സ്റ്റൈപൻഡ് ഇല്ല .

റിസർവ് ബാങ്ക് 
ബിടെക്, എംബിഎ, ഇക്കണോമിക്സ് / സ്റ്റാറ്റ് / ഇക്കണോമെട്രിക്സ് / ബാങ്കിങ് / ഫിനാൻസ് പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . മാസം 35,000 രൂപ വരെ സ്റ്റൈപൻഡ്. കുറഞ്ഞ കാലപരിധി 6 മാസം. വർഷത്തിൽ രണ്ടു തവണയാണു വിളിക്കാറുള്ളത്. കഴിഞ്ഞ ജൂലൈയിൽ ക്ഷണിച്ചിരുന്നു. കോംപറ്റീഷൻ കമ്മിഷൻ, നിയമ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തുടങ്ങിയവയിലും അവസരങ്ങളുണ്ട്.

ഇന്ത്യ–വെസ്റ്റ് ആഫ്രിക്ക ബന്ധത്തെക്കുറിച്ചു റിസർച് പേപ്പർ തയാറാക്കാനായി. വിദേശകാര്യ മന്ത്രാലയത്തിലെ വിശാല ലൈബ്രറിയും മറ്റു സൗകര്യങ്ങളും വിലമതിക്കാനാകാത്തതാണ്. മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരവും മറക്കാനാകില്ല.

ജിതിൻ ജെ. പൊന്നേഴൻ 
(വിദേശകാര്യ മന്ത്രാലയം, പ്രവാസികാര്യ ക്ഷേമ വിഭാഗം)

പ്രവാസി പ്രശ്നങ്ങളിൽ എംബസികൾ എങ്ങനെയാണ് ഇടപെടുന്നതെന്നു മനസ്സിലായത് ഒരു മാസത്തെ ഇന്റേൺഷിപ് കാലത്താണ്.  ഭാരത് കോ ജാനിയേ ക്വിസ്, യൂത്ത് പ്രവാസി ഭാരത് ദിവസ് പോലെയുള്ള പരിപാടികളുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും വിലപ്പെട്ടതായിരുന്നു.

നിതിൻ ജോസ്
(വിദേശകാര്യ മന്ത്രാലയം, വെസ്റ്റ് ആഫ്രിക്ക വിഭാഗം)

പുസ്തകങ്ങളിൽ പഠിക്കുന്ന കാര്യങ്ങൾ നേരിട്ടു കണ്ടു. മൂന്നു മാസത്തിനിടെ, പല പാർലമെന്റ് കമ്മിറ്റികളിലും വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കാൻ  കഴിഞ്ഞു. എല്ലാ ഓഫിസുകളിലും പ്രവേശനം ലഭിച്ചതു മറ്റൊരു അനുഭവം. 

Anju-Francis

അഞ്ജു ഫ്രാൻസിസ്
(സ്പീക്കേഴ്സ് റിസർച് ഇനിഷ്യേറ്റീവ്, ലോക്സഭ ഇന്റേൺഷിപ്)


നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുക്കു ചുറ്റുമുണ്ട്. ഇതിൽ ഏതു കോഴ്സു തിരഞ്ഞെടുക്കണം, ഏതു സ്ഥാപനത്തിൽ പഠിക്കണം തുടങ്ങിയ കാര്യങ്ങളിൽ സംശയമുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമാണു മനോരമ ദുബായിൽ നടത്തുന്ന മനോരമ മെഗാ എക്സിബിഷൻ 2019. അതിവേഗം വളരുന്ന വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകളും അവസരങ്ങളും വിദ്യാർഥികൾക്കു മനസ്സിലാക്കാനും അടുത്തറിയാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Link: https://www.manoramaexpo.com/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA