ADVERTISEMENT

കേരളത്തിലെ എൻജിനീയറിങ് / മെഡിക്കൽ / അഗ്രിക്കൾച്ചറൽ / ആർക്കിടെക്‌ചർ ബിരുദ കോഴ്‌സ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് 28 വരെ www.cee.kerala.gov.in വഴി റജിസ്‌റ്റർ ചെയ്യാം. ഇതിന്റെ പ്രിന്റ് അയയ്ക്കേണ്ട. പരീക്ഷ ഏപ്രിൽ 22, 23 തീയതികളിൽ. ട്യൂഷൻഫീ നിരക്കുകൾ, സ്വാശ്രയസീറ്റ് വിഭജനം എന്നിവയടക്കമുള്ള വിവരങ്ങൾ അലോട്മെന്റിനു മുൻപ് അറിയിക്കും.  പ്രോസ്പെക്ടസ് ഡിജിറ്റൽ രൂപത്തിൽ മാത്രം. കേരള എൻട്രൻസ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. മെ‍ഡിക്കൽ/അഗ്രിക്കൾച്ചർ പ്രവേശനം ദേശീയ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ.

1. എൻജിനീയറിങ്: 12ൽ മാത്‌സിന് 50 % മാർക്ക്. മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി / കംപ്യൂട്ടർ സയൻസ് /  ബയോടെക്  / ബയോളജി ഇവയിലൊന്നും ചേർത്ത് 50 % മാർക്കും വേണം. കെമിസ്‌ട്രി ഒഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു മുൻഗണനാക്രമമുണ്ട്. സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് ക്വോട്ട പ്രവേശനത്തിന് മേൽസൂചിപ്പിച്ച മൂന്ന് ഐച്ഛികവിഷയങ്ങൾക്ക് മൊത്തം 45% മാർക്ക് മതി.   

2. മെഡിക്കൽ: എംബിബിഎസ്, ബിഡിഎസ്, സിദ്ധ ശാഖകളിലേക്കു പരിഗണിക്കാൻ 12ൽ ബയോളജിക്ക് 50 %, ബയോളജി  / കെമിസ്‌ട്രി  / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50 % ക്രമത്തിലെങ്കിലും മാർക്ക് വേണം. ബയോളജിയില്ലെങ്കിൽ  ബയോടെക്‌നോളജിയായാലും മതി. 2019ലെ നീറ്റ് ‌യുജിയിൽ യോഗ്യത നേടണം. സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം. 

ആയുർവേദ, ഹോമിയോ, യൂനാനി, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫോറസ്‌ട്രി, ഫിഷറീസ് കോഴ്‌സുകൾക്ക് മെഡിക്കലിലെ പൊതുയോഗ്യത തന്നെയെങ്കിലും ബയോടെക്‌നോളജി പരിഗണിക്കില്ലെന്ന വ്യത്യാസമുണ്ട്. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എന്ന അധിക നിബന്ധനയുണ്ട്. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു  / അറബിക് / പേർഷ്യൻ അഥവാ ഒരു വർഷത്തെ ബി–ടിബ് അഥവാ നിർദിഷ്ട ഉറുദു എൻട്രൻസ് യോഗ്യത കൂടുതലായി വേണം.

3. ബിഫാം: 12ൽ മാത്‌സ് അഥവാ ബയോളജിക്ക് 50% മാർക്കും ഫിസിക്‌സ് കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും ചേർത്ത് 50 % മാർക്കും വേണം. അതായത്, എൻജിനീയറിങ്ങിലെ മാത്‌സിന്റെ സ്ഥാനത്ത് ഇവിടെ പകരം ബയോളജിയായാലും മതി.

ക്രീമിലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്ക് ഏതു കോഴ്‌സിനും മിനിമം മാർക്കിൽ 5 % വരെ ഇളവു കിട്ടും. നിർദിഷ്‌ടതോതിൽ ഭിന്നശേഷിയുള്ളവർക്കും, ഇതേ തോതിൽ മാർക്കിളവുണ്ട്. മറ്റ് അർഹ സമുദായക്കാർക്കും (ഒഇസി) വ്യവസ്ഥകൾക്കു വിധേയമായി മാർക്കിളവു കിട്ടും. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. എന്നാൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പട്ടിക വിഭാഗക്കാർ നിർദിഷ്ട മൂന്നു വിഷയങ്ങൾക്കു 40 % എങ്കിലും മാർക്ക് നേടിയിരിക്കണം.  

ഇപ്പോൾ പ്ലസ്ടു പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും അർഹതയുണ്ട്. എൻട്രൻസിനു മുൻപ് പ്ലസ്ടു പരീക്ഷയെഴുതണം. നിർദിഷ്ട തീയതിക്കകം 12–ാം ക്ലാസിലെ മാർക്ക് എൻട്രൻസ് കമ്മിഷണറെ ഓൺലൈനായി അറിയിക്കുകയും വേണം.  2019 ഡിസംബർ 31ന് 17 വയസ്സ് തികയണം. കേരള എൻട്രൻസിൽ ഉയർന്ന പ്രായപരിധിയില്ല.  

പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും, റാങ് നിശ്ചയിക്കുന്നതിനും വ്യത്യസ്‌തരീതികളിലാണു യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിക്കുന്നത്. 11, 12 ക്ലാസുകൾ രണ്ടിലും ബോർഡ് പരീക്ഷയാണെങ്കിൽ രണ്ടു ക്ലാസുകളിലെയും മൊത്തം മാർക്കാണു മിനിമം യോഗ്യതയ്‌ക്കു നോക്കുക. പ്രസക്തവിഷയങ്ങളുടെ മൊത്തം മാർക്ക്. 

നേരേമറിച്ച്, 12–ാം ക്ലാസിന്റെ അവസാനം മാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും. ഇപ്പറഞ്ഞ രീതി ഏതായാലും, സിലക്‌ഷൻ റാങ്കിങ്ങിനു പരിഗണിക്കുക ‘ഫൈനൽ ഇയർ മാർക് ലിസ്റ്റ്’ ആയിരിക്കും.

പിന്നാക്ക വിഭാഗക്കാർ സംവരണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്ടസിന്റെ 11–ാം അനുബന്ധത്തിലെ (പേജ് 84, 85) പിന്നാക്ക സമുദായ ലിസ്‌റ്റിലെ ഏതു വിഭാഗത്തിൽപ്പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. 

സംവരണം കിട്ടാൻ മറ്റ് അർഹ സമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

എംബിബിഎസ്, ബിഡിഎസ് സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യ ക്വോട്ടയായി നീക്കിവച്ചിരിക്കുന്നു. അഗ്രി / വെറ്ററിനറി / ഫിഷറീസ് / ഫോറസ്‌ട്രി / ഫുഡ് എൻജി / ഫുഡ് ടെക് / അഗ്രി എൻജി / ഡെയറി സയൻസ് വിഷയങ്ങളിലുമുണ്ട് അഖിലേന്ത്യാ വിഹിതം.  കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കുള്ള സംവരണ സീറ്റുകൾ വേറെ. ഇവ കഴിച്ച് സർക്കാർ / എയ്‌ഡഡ് കോളജുകളിലേക്കു കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിൽ കോഴ്‌സ് തിരിച്ച് 5% ഭിന്നശേഷിക്കാർക്കായി വകയിരുത്തും. സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭട ക്വോട്ട, കർഷകരുടെ മക്കൾ തുടങ്ങിയ വിശേഷ സംവരണ വിഭാഗങ്ങൾക്കു നീക്കിവയ്‌ക്കുന്ന സീറ്റുകൾ ഇവയ്‌ക്കു പുറമേ.

മേൽ സൂചിപ്പിച്ചവയും മാനേജ്‌മെന്റ് ക്വോട്ടയും ഒഴികെയുള്ള സീറ്റുകളിലേക്കു മെറിറ്റ് – സംവരണ മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ താൽപര്യവും പരിഗണിച്ച്, തിരഞ്ഞെടുപ്പു നടത്തി, അവരെ വിവിധ കോഴ്‌സുകളിലേക്ക് / സ്‌ഥാപനങ്ങളിലേക്ക് ഓൺലൈനായി അലോട്ട് ചെയ്യും. ഓപ്ഷൻ സമർപ്പണത്തിനു മുൻപ് സീറ്റുകളുടെ കൃത്യസംഖ്യ ഇനംതിരിച്ച് അറിയാം.

സംസ്‌ഥാന മെറിറ്റ് – 60%.

സംവരണം : ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്കർ 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്‌ത്യാനി 1%, കുടുംബി 1%, പട്ടികജാതി 8 %, പട്ടികവർഗം 2 % (ആകെ 40 %). പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ 70 % സീറ്റുകൾ പട്ടികവിഭാഗക്കാർക്ക്.

സംവരണ സമുദായക്കാരിൽ ഉയർന്ന റാങ്കുകാരെ മെറിറ്റിൽ ഉൾപ്പെടുത്തും. ക്രീമിലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്കു സംവരണമുണ്ട്. ദമ്പതികളിൽ ഒരാളെങ്കിലും പിന്നാക്കജാതിയിൽപ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കും സംവരണം ലഭിക്കും. പക്ഷേ ഇവരും നോൺ–ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പട്ടികവിഭാഗ സംവരണത്തിനു വരുമാനപരിധിയില്ല.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം മെഡിക്കൽ, അഗ്രി, എൻജി, ആർക്കിടെക്‌ചർ എന്നിങ്ങനെ എത്ര കോഴ്‌സുകൾക്കു ശ്രമിക്കുന്നവരായാലും അപേക്ഷ ഒന്നേ പാടുള്ളൂ.

അപേക്ഷാഫീ അടയ്‌ക്കാൻ രണ്ടു രീതികളുണ്ട്. (1) ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് അഥവാ നെറ്റ് ബാങ്കിങ് (2) ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ കിട്ടുന്ന ഇ–ചലാൻ കേരളത്തിലെ പോസ്റ്റ് ഓഫിസിൽ പണമായി. (വിശദനിർദേശം പ്രോസ്െപക്ടസിലെ  7.3.1 ഖണ്ഡികയിൽ)

അപേക്ഷാഫീ: എൻജിനീയറിങ്ങും ബി.ഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ, അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 300  / 200 / 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000 രൂപ  ഓൺലൈനായി അടയ്ക്കാം.

www.cee.kerala.gov.in എന്ന സൈറ്റിലും, പ്രോസ്പെക്ടസിന്റെ ii, 22, 23 പുറങ്ങളിലും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളുണ്ട്. ഇവ പഠിച്ചിട്ടു വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷയ്‌ക്കുള്ള അഞ്ചു  ഘട്ടങ്ങളും തൃപ്തികരമായി പൂർത്തിയാക്കി, സബ്‌മിറ്റ് ചെയ്‌ത അപേക്ഷയുടെ പ്രിന്റ് എടുത്ത്, സൂക്ഷിക്കുക.

അപേക്ഷാ സമർപ്പണം സങ്കീർണമെന്നു പരിഭ്രമിക്കേണ്ട. ഇക്കാര്യത്തിൽ പരിശീലനം സിദ്ധിച്ചവർ സംസ്‌ഥാനത്തെ എല്ലാ സർക്കാർ / എയിഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, ‘അക്ഷയ’ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ സഹായം നൽകും.  

ആകെ 6 റാങ്ക് ലിസ്‌റ്റുകളുണ്ടായിരിക്കും.

1. എൻജീനീയറിങ്

2. ആർക്കിടെക്‌ചർ

3. എംബിബിഎസ്, ബിഡിഎസ്, ഹോമിയോ, സിദ്ധ, യൂനാനി

4. അഗ്രി, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി

5. ആയുർവേദം

6. ബിഫാം

എൻജിനീയറിങ് പ്രവേശനത്തിന് 12ലെ മൂന്ന് ഐച്ഛികവിഷയങ്ങളിലെ മൊത്തം മാർക്കും, എൻട്രൻസ് രണ്ടു പേപ്പറുകളിലെ മൊത്തം മാർക്കും തുല്യ വെയിറ്റ് നൽകി കൂട്ടിച്ചേർക്കുന്നു. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം. വിവിധ ബോർഡുകളിലെ പരീക്ഷകൾ ജയിച്ചിറങ്ങുന്ന കുട്ടികളെ താരതമ്യം ചെയ്യാൻ അവരുടെ പ്ലസ്‌ടു മാർക്കുകൾ പൊതുവായൊരു സ്‌റ്റാൻഡേഡിൽ കൊണ്ടുവരുന്നു. ഇത് എങ്ങനെയെന്ന് പ്രോസ്‌പെക്ടസിന്റെ 28 ാം പുറത്ത് വിശദീകരിച്ചിട്ടുണ്ട്.

ആർക്കിടെക്‌ചർ റാങ്കിങ്ങിന് പ്ലസ്‌ടുവിലെ മൊത്തം മാർക്കും ‘നാറ്റ’ എന്ന അഭിരുചി പരീക്ഷയിലെ മാർക്കും തുല്യ വെയിറ്റ് നൽകി കൂട്ടും. ഓരോന്നിനും 200 വീതം ആകെ 400 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും, മറ്റു മെഡിക്കൽ, അലൈഡ് കോഴ്‌സുകളിലെയും റാങ്കിങ്ങിന് 2019ലെ നീറ്റ് യുജി റാങ്കാണു നോക്കുക. സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം.

പ്ലസ് ടുവിനു സംസ്‌കൃതം ഉപഭാഷയായി പഠിച്ചവർക്ക് നീറ്റ് യുജി മാർക്കിനോട് എട്ടു മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും. 

ബിഫാം റാങ്കിങ്ങിന് എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പറിലെ കെമിസ്ട്രി, ഫിസിക്സ് മാർക്കുകൾ നിർദിഷ്ടക്രമത്തിൽ മാറ്റിയിട്ട് റാങ്കിങ്ങിന് ‌ഉപയോഗിക്കും.

ഒന്നാം കാറ്റഗറി: സായുധസേനാംഗങ്ങളടക്കം കേരളത്തിൽ സേവനമനുഷ്‌ഠിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ, കേരളസർക്കാരിൽ രണ്ടു വർഷമെങ്കിലും സേവനമനുഷ്‌ഠിച്ചിട്ടുള്ള കേരളീയല്ലാത്ത ജീവനക്കാർ എന്നിവരുടെ കുട്ടികൾ. 11, 12 ക്ലാസുകൾ കേരളത്തിൽ പഠിച്ചിരിക്കണം. ഇക്കാര്യങ്ങൾ ഓഫിസ് മേധാവി / പ്രിൻസിപ്പൽ അപേക്ഷാഫോമിൽ സാക്ഷ്യപ്പെടുത്തണം. കഴിഞ്ഞ 12 വർഷക്കാലത്തിൽ അഞ്ചു വർഷമെങ്കിലും വിദ്യാർഥി കേരളത്തിൽ താമസിച്ചിരുന്നാലും മതി. ഇതു വില്ലേജ് ഓഫീസർ ഫോമിൽ സാക്ഷ്യപ്പെടുത്തണം. എട്ടു മുതൽ 12 വരെ ക്ലാസുകൾ കേരളത്തിൽ പഠിച്ചവരും ഈ വിഭാഗത്തിൽപ്പെടും. ഇക്കാര്യം അപേക്ഷാഫോമിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. സ്‌റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്കു മാത്രം പരിഗണിക്കും; സംവരണാനുകൂല്യമില്ല.

രണ്ടാം കാറ്റഗറി: കേരളീയരല്ലാത്തവരിൽ, ഒന്നാം കാറ്റഗറിയിൽപ്പെടാത്തവർ. പ്ലസ്‌ടു കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അഥവാ പാസ്പോർട്ട് പകർപ്പ് ഹാജരാക്കി ഇന്ത്യക്കാരനെന്നു തെളിയിക്കണം. സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ എൻജി / ആർക്കി കോളജുകളിലെയും സർക്കാർ / മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനത്തിന് അർഹതയുണ്ട്.

∙എൻജിനീയറിങ് / ആർക്കിടെക്‌ചർ ശാഖകൾ 32

അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, എയ്‌റോനോട്ടിക്കൽ, ഓട്ടമൊബീൽ, ബയോടെക്‌നോളജി & ബയോ മെഡിക്കൽ, ബയോ മെഡിക്കൽ, ബയോടെക്‌നോളജി, സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് & എൻജി, ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, സേഫ്‌റ്റി & ഫയർ, ഫുഡ് ടെക്‌നോളജി, ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ, ഇൻഡസ്‌ട്രിയൽ, ഐടി, മെക്കാനിക്കൽ (ഓട്ടോ), മെക്കാനിക്കൽ, മെക്കാനിക്കൽ (പ്രൊഡക്‌ഷൻ), െമറ്റലർജിക്കൽ & മെറ്റീരിയൽസ്, മെക്കട്രോണിക്‌സ്, മെറ്റലർജി, പോളിമെർ, പ്രൊഡക്‌ഷൻ, പ്രിന്റിങ്, നേവൽ ആർക്കിടെക്‌ചർ & ഷിപ് ബിൽഡിങ്. 

കൂടാതെ ആർക്കിടെക്‌ചർ, കാർഷിക സർവകലാശാലയിലെ അഗ്രിക്കൾച്ചറൽ എൻജി / ഫുഡ് എൻജി & ടെക്, വെറ്ററിനറി സർവകലാശാലയിലെ ഡെയറി ടെക്‌നോളജി, ഫുഡ് ടെക്, ഫിഷറീസ് സർവകലാശാലയിലെ ഫുഡ് ടെക്നോളജി.

∙മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ 9

എംബിബിഎസ്, ഡെന്റൽ സർജറി, ആയുർവേദം, ഹോമിയോപ്പതി, യൂനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്  &  ആനിമൽ ഹസ്ബൻട്രി, ഫിഷറീസ്, ഫോറസ്‌ട്രി  

∙ആർക്കിടെക്ചറിൽ ആശയക്കുഴപ്പം

ബിആർക് പ്രവേശനയോഗ്യതയ്ക്ക് മാത്‌സ് അടങ്ങിയ പ്ലസ്ടുവിലോ 10+3 ഡിപ്ലോമയിലോ മൊത്തം 50 % മാർക്ക് എന്നു പ്രോസ്പെക്ടസിലുണ്ട്. കൂടാതെ, ‘നാറ്റ’ (NATA) എന്ന അഭിരുചി പരീക്ഷയിൽ യോഗ്യത നേടുകയും വേണം. പക്ഷേ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവയ്ക്കു മൊത്തം 50 % മാർക്കെങ്കിലും വാങ്ങി പ്ലസ്ടു ജയിക്കുന്നവർക്കേ ‘നാറ്റ’ യോഗ്യത ലഭിക്കൂ. 

ഇവ മൂന്നും പ്ലസ്ടുവിൽ പഠിക്കാതെ ബിആർക്കിൽ കടക്കാനാവില്ല. ഈ വർഷം മുതലുള്ള മാറ്റമാണിത്. ജൂൺ 10ന് മുൻപ് നാറ്റ യോഗ്യത നേടണം.

∙കോളജും സീറ്റും

സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ സ്‌ഥാപനങ്ങളിലായി പ്രോസ്‌പെക്ടസിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കോളജുകൾ:

എൻജിനീയറിങ് / ആർക്കിടെക്ചർ (സർവകലാശാലാ കേന്ദ്രങ്ങളുൾപ്പെടെ) – 179, മെഡിക്കൽ – 32,  ഡെന്റൽ – 25, ഹോമിയോ – 5, ആയുർവേദം  – 17, സിദ്ധ –  1, യൂനാനി – 1, അഗ്രിക്കൾച്ചർ –  3, ഫോറസ്‌ട്രി – 1, വെറ്ററിനറി – 2, ഫിഷറീസ് –  1

(ഈ സിലക്‌ഷനിൽപ്പെടാത്ത വേറെയും എൻജിനീയറിങ് കോളജുകൾ കേരളത്തിലുണ്ട്. കോഴിക്കോട് എൻഐടി, കൊച്ചി സർവകലാശാലയും അതിന്റെ തൃക്കാക്കര / കുട്ടനാട് കോളജുകളും, അമൃത വള്ളിക്കാവ്, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവ)

1. സർക്കാർ സീറ്റുകൾ: എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. എല്ലാ സർക്കാർ / എയ്‌ഡഡ് കോളജുകളിലുമുണ്ട്. സർക്കാർ / സ്വകാര്യ സ്വാശ്രയ സ്‌ഥാപനങ്ങളിലെ കാര്യം പിന്നീടറിയാം.

2. മാനേജ്‌മെന്റ് സീറ്റുകൾ: എയ്‌ഡഡ് കോളജുകളിൽ മാനേജ്‌മെന്റ് നേരിട്ട് തിരഞ്ഞെടുപ്പു നടത്തുന്നവ.

അലോട്‌മെന്റിനായി കുട്ടികൾ ഓപ്‌ഷൻ സമർപ്പിക്കേണ്ട സമയത്ത് ആകെയുള്ള സീറ്റുകളുടെ കൃത്യസംഖ്യകൾ ഇനം തിരിച്ചയറിയാം.

∙ആരാണ് കേരളീയർ?

കേരളീയനെന്നു തെളിയിക്കാൻ താഴെ പറയുന്നവയിൽ ഏതെങ്കിലുമൊരു രേഖ മതി.

1. ജനനസ്‌ഥലം കേരളത്തിലാണെന്നു കാട്ടുന്ന എസ്‌എസ്‌എൽസി പേജിന്റെ പകർപ്പ്.

2. അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന എസ്‌എസ്എൽസി പകർപ്പും, മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും

3. അപേക്ഷകനോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന പാസ്‌പോർട്ട് പകർപ്പ്. അച്ഛന്റെയോ അമ്മയുടെയോ പാസ്‌പോർട്ടാണെങ്കിൽ മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും.

4. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ നൽകിയ ജനനസർട്ടിഫിക്കറ്റ്, അഥവാ വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

5. വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചതാണെന്നു വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

6. അച്ഛൻ / അമ്മ കേരളത്തിലേക്ക് അലോട്ട് ചെയ്‌ത അഖിലേന്ത്യാ സർവീസ് ഓഫീസർ ആണെന്ന രേഖ.

∙ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 

1. സ്‌പോർട്‌സ് ക്വോട്ടക്കാർ അപേക്ഷാ പകർപ്പ് സ്‌പോർട്‌സ് കൗൺസിലിന് അയച്ചുകൊടുക്കണം.

2. എൻസിസി ക്വോട്ടക്കാർ അപേക്ഷാ പകർപ്പ് യൂണിറ്റ് ഓഫിസർ വഴി ഡപ്യൂട്ടി ഡയറക്‌ടർ ജനറലിന് അയയ്‌ക്കണം.

3. സ്‌പെഷൽ റിസർവേഷൻ ആഗ്രഹിക്കുന്നവരും എൻട്രൻസ് പരീക്ഷ എഴുതണം.

4. പട്ടികവിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് തഹസിൽദാരിൽനിന്നു വാങ്ങണം

5. പ്രോസ്‌പെക്ടസിലുള്ള സിലബസ് നോക്കി പരീക്ഷയ്ക്കു തയാറെടുക്കുക.

6. അപേക്ഷയിൽ അപാകമുണ്ടെങ്കിൽ അത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ സൈറ്റിൽ വരും. തിരുത്തി സമയത്ത് ഓൺലൈനായി നൽകണം എന്ന വ്യവസ്ഥയുണ്ടെങ്കിലും അതിന് ഇടവരുത്താതിരിക്കുക.

7. എൻജിനീയറിങ്ങിനു സീറ്റുകളേറെയുണ്ടെങ്കിലും ഇഷ്‌ടപ്പെട്ട കോളജും കോഴ്‌സും കിട്ടണമെങ്കിൽ ഉയർന്ന റാങ്ക് നേടിയേ മതിയാകൂ. പ്ലസ്‌ടുവിലും എൻട്രൻസിലും നല്ല പ്രകടനത്തിനു പരിശീലിക്കുക.

പിഐഒ / ഒസിഐ

പഴ്‌സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ എന്നീ വിഭാഗക്കാരെ പ്രവേശനക്കാര്യത്തിൽ ഇന്ത്യൻ പൗരന്മാരെപ്പോലെ പരിഗണിക്കും. പക്ഷേ ഒരു സംവരണത്തിനും അർഹതയില്ല.

ഏറ്റവും പുതിയ വിവരങ്ങൾക്ക്: www.cee-kerala.org. ഓൺലൈൻ അപേക്ഷയ്‌ക്കും, ഓപ്‌ഷൻ സമർപ്പണത്തിനും: www.cee.kerala.gov.in. 

വിലാസം: The Commissioner for Entrance Examinations, 5th floor, Housing Board Buildings, Santhi Nagar,Thiruvananthapuram – 695 001; ഫോൺ: 0471-2332120 / 2338487.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com