ADVERTISEMENT

‘നമ്മൾ കെട്ടിടങ്ങളെ രൂപപ്പെടുത്തുന്നു; ശേഷം അവ നമ്മെ രൂപപ്പെടുത്തുന്നു’. ആർക്കിടെക്ചറിനെക്കുറിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞ വാക്കുകൾ. അറിവും സർഗാത്മകതയും സംയോജിക്കുന്ന മേഖലയാണ് ആർക്കിടെക്ചർ. ചിത്രകലയല്ല ആർക്കിടെക്ചർ കോഴ്സിൽ പഠിപ്പിക്കുന്നത്. എന്നാൽ, വരയ്ക്കാനുള്ള അഭിരുചി അത്യാവശ്യമാണു താനും. 

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഉയരുന്തോറും ആർക്കിടെക്ടുകളുടെ ഡിമാൻഡും കൂടും. പഠിച്ചിറങ്ങുന്ന എല്ലാവരും നിർമാണ മേഖലയിലേക്കല്ല പോകുന്നത്. ടൗൺ പ്ലാനിങ്, ഇന്റീരിയർ ഡിസൈനിങ്, കൺസൽറ്റൻസി, സർവേയിങ്, ഡോക്യുമെന്റേഷൻ തുടങ്ങി സാധ്യതകൾ പലതാണ്. സ്വന്തം സംരംഭം തുടങ്ങാനും പറ്റിയ മേഖല.

പ്രവേശനം എങ്ങനെ ?
പ്രധാനമായും രണ്ടു പ്രവേശനപരീക്ഷകളുടെ സ്കോറുകളാണ് ഇന്ത്യയിൽ പരിഗണിക്കുന്നത്; കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ), നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാം) പേപ്പർ 2 

ഐഐടികൾ, എൻഐടികൾ തുടങ്ങിയവയിലേക്കാണു ജെഇഇ വഴി പ്രവേശനം. മറ്റു സ്ഥാപനങ്ങൾ ‘നാറ്റ’ സ്കോർ പരിഗണിക്കുന്നു. കേരളത്തിൽ പ്ലസ് ടു മാർക്കും നാറ്റ സ്കോറും ചേർത്താണു റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ജെഇഇ മെയിൻ ആദ്യ റൗണ്ട് പരീക്ഷ കഴിഞ്ഞു. രണ്ടാം പരീക്ഷ ഏപ്രിലിൽ.

നാറ്റ രണ്ടു തവണ, പക്ഷേ...
ഈ വർഷം രണ്ടു തവണ നാറ്റ എഴുതാം– ഏപ്രിൽ 14നും ജൂലൈ 7നും. എന്നാൽ കേരളത്തിലെ ഗവ./ എയ്ഡഡ് സീറ്റുകളിൽ പ്രവേശനത്തിനു ജൂൺ 10ന് അകം ‘നാറ്റ’ സ്കോർ സമർപ്പിക്കണം. ഫലത്തിൽ ആദ്യപരീക്ഷ എഴുതുന്നവർക്കേ ഇവിടെ പ്രവേശനം തേടാനാകൂ. ഇതിനു മാർച്ച് 11 വരെ അപേക്ഷിക്കാം.പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്കു മൊത്തം 50 % മാർക്ക് നേടുന്നവർ മാത്രമേ ക്വാളിഫൈ ചെയ്യൂ. 

നാറ്റ: ആകെ മാർക്ക് 200

∙ പാർട്ട് എ (ഓൺലൈൻ, ഒരു മണിക്കൂർ)

മാത്‌സ്: 20 ചോദ്യം, 40 മാർക്ക്

ജനറൽ ആപ്റ്റിറ്റ്യൂഡ്: 40 ചോദ്യം, 80 മാർക്ക്

∙ പാർട്ട് ബി: ഡ്രോയിങ് (എ4 പേപ്പർ: 2 മണിക്കൂർ)

രണ്ടു ചോദ്യം, 80 മാർക്ക്

* നെഗറ്റീവ് മാർക്ക് ഇല്ല

പരീക്ഷാഘടന അറിയാം
രണ്ടു ഭാഗങ്ങളായി 3 മണിക്കൂർ പരീക്ഷയാണു നാറ്റ. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഡ്രോയിങ്ങിന് 2 മണിക്കൂർ ലഭിക്കും. ഒരു മണിക്കൂർ മാത്‌സും ജനറൽ ആപ്റ്റിറ്റ്യൂഡുമാണ്. പഴയ ചോദ്യക്കടലാസുകൾ നിർബന്ധമായും പരിശീലിക്കണം. 

ശ്രദ്ധ വേണം കണക്കിൽ: മാത്‌സ് ചോദ്യങ്ങൾ അത്ര എളുപ്പമാകില്ല. ട്രിഗണോമെട്രിക് സമവാക്യങ്ങളും കാൽക്കുലസുമുണ്ടാകും. ലോജിക്കൽ ചോദ്യങ്ങളും കണ്ടുവരുന്നു. സീരിസ്, സീക്വൻസ്, ലോഗരിതം, മെട്രിക്സുകൾ തുടങ്ങിയവയിൽനിന്നു ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പരീക്ഷയുടെ മറ്റു രണ്ടു ഭാഗങ്ങളെ അപേക്ഷിച്ചു ചോദ്യങ്ങൾ കുറവായതുകൊണ്ട് വേഗം ചെയ്തുതീർത്താൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങൾക്കു കൂടുതൽ സമയം ലഭിക്കും.

അറിവ് പരീക്ഷിക്കും ആപ്റ്റിറ്റ്യൂഡ്: വെർബൽ, നോൺ വെർബൽ, ന്യൂമറിക്കൽ റീസണിങ്ങിനൊപ്പം ആർക്കിടെക്ചർ അഭിരുചിയും അളക്കും. പൊതുവിജ്ഞാനവും പ്രധാനമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന നിർമിതികൾ, വാസ്തു സവിശേഷതകൾ, പ്രധാന ആർക്കിടെക്ടുകളുടെ വിവരങ്ങൾ, ആർക്കിടെക്ചറൽ ടെർമിനോളജി, നിർമാണ സാമഗ്രികൾ തുടങ്ങിയവയെക്കുറിച്ചു ചോദ്യങ്ങളുണ്ടാകാം. ഈ രംഗത്തെ മാറ്റങ്ങൾ പത്രങ്ങളിൽനിന്നും ഇന്റർനെറ്റിൽനിന്നും ശേഖരിക്കുക. ജനറൽ ആപ്റ്റിറ്റ്യൂഡ് പുസ്തകങ്ങളും ശ്രദ്ധിക്കാം.

ഡ്രോയിങ്ങിൽ വേഗം പ്രധാനം: ഏറ്റവും പ്രധാന ഭാഗം ഇതാണ്. എ4 പേപ്പറിലാണു വരയ്ക്കേണ്ടത്. വസ്തുക്കളെ പല കോണിൽനിന്നു കാണാനും അനുപാതം പാലിച്ചു വരയ്ക്കാനുമുള്ള കഴിവ്, വെളിച്ചത്തെയും നിഴലിനെയും സംബന്ധിച്ചുള്ള അവബോധം, ത്രിമാന ദൃശ്യങ്ങൾ കൂട്ടിച്ചേർക്കാനും ശരിയായ രൂപത്തിലെത്തിക്കാനുമുള്ള കഴിവ് തുടങ്ങിയവ പരിശോധിക്കും, ആദ്യം പെൻസിലിൽ വരച്ചു തെറ്റ് തിരുത്തി പിന്നീട് തെളിച്ചുവരയ്ക്കുന്ന രീതിയാണെങ്കിൽ സമയലാഭമുണ്ട്. വേഗം പ്രധാനം. തയാറെടുപ്പിനു സഹായകരമായ വിഡിയോകൾ ഇന്റർനെറ്റിലുണ്ട്. 

ശരിയായ പരിശീലനമുണ്ടെങ്കിൽ വളരെ എളുപ്പമുള്ള പരീക്ഷയാണ് നാറ്റ. ബുദ്ധിമുട്ടുള്ള വിഷയം ഏതെന്നു മനസ്സിലാക്കി അതിനനുസരിച്ചു വേണം തയാറെടുപ്പ്. ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തതു മാത്‌സിനാണ്. വരയ്ക്കാനാകും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതിനാൽ ഡ്രോയിങ് പരിശീലനത്തിന് അധികം സമയം കൊടുത്തില്ല. പരീക്ഷയ്ക്കു മുൻപ് ഒട്ടേറെ ചോദ്യക്കടലാസുകളും ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങളും പരിശീലിച്ചിരുന്നു.

ആർ. അഭിരാമി. ഒന്നാം വർഷ ബി ആർക്,കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം

(2018 നാറ്റ സ്കോർ– 161.5, കേരളത്തിൽ ഒന്നാം റാങ്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com