നല്ലൊരു കേൾവിക്കാരനാണോ? മാസം സമ്പാദിക്കാം 63,000 രൂപ!

cry
SHARE

ചില ആള്‍ക്കാരുണ്ട്. അവര്‍ നമ്മുടെ സുഹൃത്തുക്കളോ മുതിര്‍ന്ന ഒരു ബന്ധുവോ ഒക്കെയാകാം. അവരെ നാം സന്തോഷിച്ചിരിക്കുന്ന സമയത്ത് ഓര്‍ക്കാറില്ല. പക്ഷേ, നമ്മള്‍ക്ക് എന്തെങ്കിലും ദുഖം വരുമ്പോള്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരയാന്‍ അവരെ ഉണ്ടാകൂ. ഫോണിലാണെങ്കിലും അവരെ വിളിച്ചു നമ്മുടെ സങ്കടമൊക്കെ പറഞ്ഞാല്‍ മനസ്സിനൊരു ആശ്വാസം കിട്ടും. അത്തരക്കാര്‍ ചെയ്യുന്നതു വലിയൊരു സേവനമാണെന്നു പലപ്പോഴും നാം ഓര്‍ക്കാറേ ഇല്ല. 

ഇത് ഇന്ത്യയിലെ കാര്യം. മേല്‍പറഞ്ഞ കൂട്ടര്‍ ജപ്പാനില്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ക്ക് ഈ സേവനത്തിലൂടെ ധാരാളം പണമുണ്ടാക്കാന്‍ സാധിച്ചേനെ. ജപ്പാനിലെ ഒരു ഓണ്‍ലൈന്‍ കമ്പനിയാണു നമ്മുടെ ദൈനംദിന പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനു ചെവി തുറന്നിരിക്കുന്ന സുഹൃത്തിനെ നമുക്കു വാടകയ്ക്ക് നല്‍കുന്നത്. അതിനു ചെറിയൊരു തുക നാം നല്‍കണമെന്ന് മാത്രം. ഒസ്സാന്‍ റെന്റല്‍ എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി മണിക്കൂറിനു 1000 ജാപ്പനീസ് യെന്‍(655 ഇന്ത്യന്‍ രൂപ) ഈടാക്കിയാണ് ഈ സേവനം നല്‍കുന്നത്. 

ജാപ്പാനീസ് ഫാഷന്‍ കണ്‍സല്‍ട്ടന്റും ബിസിനസ്സുകാരനുമായ തകനോബു നിഷിമോട്ടോ 2012ലാണ് ഒസ്സാന്‍ റെന്റല്‍ ആരംഭിച്ചത്. ജാപ്പനീസ് ഭാഷയില്‍ 'ഒസ്സാന്‍' എന്നു പറഞ്ഞാല്‍ നാല്‍പതു വയസ്സ് പിന്നിട്ട പുരുഷന്‍ എന്നാണ് അർഥം. നമ്മുടെ നാട്ടിലെ അങ്കിള്‍ അല്ലെങ്കില്‍ അമ്മാവന്‍. 'ഒസ്സാന്‍' എന്ന വാക്കിനെ ചുറ്റിപറ്റി ജപ്പാനിലുള്ള നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു കമ്പനി തുടങ്ങുമ്പോള്‍ നിഷിമോട്ടോയുടെ ലക്ഷ്യം. എന്നാല്‍ നാളുകള്‍ പുരോഗമിച്ചപ്പോള്‍ അത് ഏകാന്തതയില്‍ അലയുന്ന നിരവധി പേര്‍ക്കൊരു മാനസിക പിന്‍ബലമായി മാറി. 

കരയാനും വിഷമം പങ്കുവയ്ക്കാനും പരാതിപ്പെടാനും മാത്രമല്ല, ഉപദേശങ്ങള്‍ തേടിയും നിരവധി പേര്‍ ഈ ഒസ്സാനെ തേടിയെത്താറുണ്ട്. യാത്ര ചെയ്യുമ്പോള്‍ കൂടെ ചെല്ലാനും, സിനിമയ്ക്കു പോകാനുമൊക്കെ ഒസ്സാന്‍ റെഡിയാണ്. പക്ഷേ, അതില്‍ കൂടുതലൊന്നും ഒസ്സാനില്‍ നിന്നു പ്രതീക്ഷിക്കരുത്. ദേഹത്തു തൊട്ടുള്ള ഒരു പരിപാടിയും പാടില്ലെന്നു ചുരുക്കം.

ഒറ്റയാള്‍ പട്ടാളമായി ആരംഭിച്ച ഒസ്സാന്‍ റെന്റല്‍സ് ഉപഭോക്താക്കളുടെ എണ്ണമേറിയതോടെ കൂടുതല്‍ പേരെ നിയമിക്കാന്‍ ആരംഭിച്ചു. കര്‍ശനമായ പരിശോധനകള്‍ക്കും പശ്ചാത്തല അന്വേഷണങ്ങള്‍ക്കും ശേഷമാണു നിഷിമോട്ടോ ഒസ്സാന്‍മാരായി പുതിയ ആള്‍ക്കാരെ നിയമിക്കുന്നത്. 

വെബ്‌സൈറ്റില്‍ പ്രതിമാസം 900 ബുക്കിങ് ഒക്കെ ഇപ്പോള്‍ വരുന്നുണ്ട്. ഒരു ഒസ്സാനു പ്രതിമാസം 60 ബുക്കിങ് ഒക്കെ ഏറ്റെടുക്കേണ്ടി വരും. അവരാകട്ടെ പ്രതിമാസം 96235 ജാപ്പനീസ് യെന്‍(63,000 ഇന്ത്യന്‍ രൂപ) ഇതിലൂടെ സമ്പാദിക്കുന്നു. പുതിയ ബിസിനസ്സ് ആശയങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കു വഴികാട്ടിയാകുകയാണു നിഷിമോട്ടോയുടെ ഈ സാന്ത്വന സേവനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA